കരഞ്ഞുകൊണ്ട് ഉറങ്ങാൻ കിടന്ന ദിവസങ്ങൾ; കണ്ണുകൾ എല്ലാം പെട്ടെന്ന് വീർത്തു; എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന നിമിഷം; വെളിപ്പെടുത്തലുമായി മൃണാൾ താക്കൂർ
മുംബൈ: ശരീരഭാരത്തിന്റെ പേരിൽ വർഷങ്ങളായി നേരിടുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും സൈബർ ആക്രമണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി മൃണാൾ താക്കൂർ. ഈ വിഷയത്തിൽ നടൻ അക്ഷയ് കുമാറിന്റെ ഉപദേശം തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും ശരീരത്തെക്കുറിച്ചുള്ള അപകർഷതാബോധം മാറ്റുന്നതിൽ സഹായിച്ചെന്നും മൃണാൾ വെളിപ്പെടുത്തി. ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് മൃണാൾ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
ശരീരഭാരത്തിന്റെ പേരിൽ നേരിടേണ്ടി വന്ന പരിഹാസങ്ങളും സൈബർ ആക്രമണങ്ങളും തന്നെ മാനസികമായി ഏറെ തളർത്തിയിരുന്നെന്ന് മൃണാൾ പറഞ്ഞു. "കരഞ്ഞുകൊണ്ട് ഉറങ്ങാൻ കിടന്ന ദിവസങ്ങളുണ്ടായിരുന്നു. കരഞ്ഞുവീർത്ത കണ്ണുകളോടെയാണ് പലപ്പോഴും ഉണർന്നിരുന്നത്. അത്തരം ദിവസങ്ങളിൽ സ്വയം വിലമതിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഞാൻ," മൃണാൾ ഓർമ്മിച്ചു.
ഒരുഘട്ടത്തിൽ നടൻ അക്ഷയ് കുമാറുമായി സംസാരിച്ചപ്പോൾ ലഭിച്ച വാക്കുകൾ തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും മൃണാൾ കൂട്ടിച്ചേർത്തു. അക്ഷയ് കുമാറിന്റെ ഉപദേശം ഉദ്ധരിച്ച് അവർ പറഞ്ഞതിങ്ങനെ: "നിങ്ങളുടെ ഈ അവസ്ഥ നിങ്ങൾ അംഗീകരിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളെ പ്രോത്സാഹിപ്പിക്കാത്തതോ, ആയിരം കാര്യങ്ങൾ പറയുന്നതോ ആയ ചുറ്റുമുള്ള ശബ്ദങ്ങളെ നിങ്ങൾ ശ്രദ്ധിക്കാതിരിക്കുകയും നിങ്ങൾക്ക് തോന്നുന്നത് മാത്രം ചെയ്യുകയും ചെയ്യുന്നത് മികച്ച കാര്യമാണ്. എന്നാൽ ഒരു കഥാപാത്രത്തിനായി ശരീരഭാരം കുറയ്‌ക്കേണ്ടി വന്നാൽ അത് ചെയ്യുന്നതിൽ തെറ്റില്ല."