പ്രേതം കാണുമെന്ന പേടി; ആ സിനിമ ഷൂട്ട് ചെയ്ത ഫ്ലാറ്റ് ഇന്നും ആരുമില്ലാതെ ഒഴിഞ്ഞുകിടക്കുന്നു; വെളിപ്പെടുത്തലുമായി രാം ഗോപാൽ വർമ

Update: 2026-03-16 08:21 GMT

രാം ഗോപാൽ വർമ്മയുടെ മാസ്റ്റർപീസ് ഹൊറർ ചിത്രമായ 'ഭൂത്' പുറത്തിറങ്ങി രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും, ആ സിനിമയുമായി ബന്ധപ്പെട്ട ഒരു കൗതുകകരമായ രഹസ്യം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. മുംബൈയിൽ നടന്ന റെഡ് ലോറി ഫിലിം ഫെസ്റ്റിവലിലാണ് (2026) വർമ്മ ഈ വെളിപ്പെടുത്തൽ നടത്തിയത്.

മുംബൈയിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലുള്ള ഒരു ഫ്ലാറ്റിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. എന്നാൽ സിനിമ റിലീസായ ശേഷം ആ ഫ്ലാറ്റിൽ താമസിക്കാൻ ആരും തയ്യാറായിട്ടില്ലെന്ന് രാം ഗോപാൽ വർമ്മ പറയുന്നു. സിനിമയിലെ പ്രേതബാധയുള്ള രംഗങ്ങൾ ജനങ്ങളിൽ ഉണ്ടാക്കിയ ഭയം കാരണം 2002 മുതൽ ഇത്രയും കാലം ആ അപ്പാർട്ട്‌മെന്റ് ഒഴിഞ്ഞുകിടക്കുകയാണ്. സാധാരണ ഹൊറർ സിനിമകൾ വലിയ ബംഗ്ലാവുകളിൽ ചിത്രീകരിക്കുന്നതിന് പകരം, സാധാരണക്കാർക്ക് പരിചിതമായ ഒരു ഫ്ലാറ്റ് തന്നെ ഇതിനായി തിരഞ്ഞെടുത്തത് പ്രേക്ഷകർക്ക് കൂടുതൽ പേടി തോന്നാൻ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിൽ നായികയായി ഊർമിള മതോണ്ട്കറെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. 'രംഗീല'യിലെ 'ഹായ് രാമ' എന്ന പാട്ടിലെ ഒരു പ്രത്യേക ഭാവമാണ് തന്നെ ആകർഷിച്ചത്. ആ രംഗത്തിലെ ഊർമിളയുടെ തീവ്രമായ നോട്ടം കണ്ടപ്പോഴാണ് 'ഭൂതിലെ' പ്രധാന വേഷം ചെയ്യാൻ അവർക്ക് കഴിയുമെന്ന് തനിക്ക് ഉറപ്പായതെന്ന് വർമ്മ പറഞ്ഞു.

അജയ് ദേവ്ഗൺ, ഊർമിള എന്നിവർ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ചിത്രം വെറും 30 ദിവസത്തിനുള്ളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നാനാ പടേക്കർ, രേഖ, ഫർദ്ദീൻ ഖാൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. 'ഭൂത്' ഹിറ്റായതിനെത്തുടർന്ന് 2012-ൽ ഇതിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി. ഹൊറർ സിനിമകളിൽ വിപ്ലവം സൃഷ്ടിച്ച 'രാത്', 'ഫൂങ്ക്' തുടങ്ങിയ ചിത്രങ്ങളും വർമ്മയുടേതാണ്.

Tags:    

Similar News