എന്റെ യഥാർത്ഥ പേര് 'മൂര്‍ത്തി'..സത്യം പറഞ്ഞാൽ ഞാനൊരു നായിഡു ബോയ് ഡാ..! തൃഷയുമായി കട്ടകലിപ്പിലായ ശേഷം ദേ..അടുത്ത് തെലുങ്ക് വേദിയിൽ പച്ചയ്ക്ക് ജാതി പറഞ്ഞ് പാർത്ഥിപൻ

Update: 2026-03-17 05:09 GMT

മിഴ് സിനിമയിലെ പ്രമുഖ നടനും സംവിധായകനുമായ ആർ. പാർത്ഥിപൻ ഹൈദരാബാദിൽ നടത്തിയ ജാതി പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പവൻ കല്യാൺ നായകനാകുന്ന 'ഉസ്താദ് ഭഗത് സിംഗ്' എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ താനൊരു 'നായിഡു' (Naidu) ആണെന്ന് വെളിപ്പെടുത്തിയതാണ് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്ക് കാരണമായത്.

ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് പാർത്ഥിപൻ തന്റെ സ്വത്വത്തെക്കുറിച്ച് പരാമർശിച്ചത്. "എന്നെക്കുറിച്ച് ഒരു ചെറിയ മുഖവുര നൽകാം. ഞാൻ പാർത്ഥിപൻ, രാധാകൃഷ്ണൻ പാർത്ഥിപൻ. ഒരു നായിഡു ബോയ്... അതെ, ഒരു നായിഡു ബോയ്," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ചെന്നൈയിൽ ജനിച്ചു വളർന്നതിനാൽ തെലുങ്ക് വശമില്ലെന്നും എന്നാൽ തന്റെ യഥാർത്ഥ പേര് 'മൂർത്തി' എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ വിജയത്തിന് ശേഷം വീണ്ടും കാണുമ്പോൾ തെലുങ്കിൽ സംസാരിക്കുമെന്നും അദ്ദേഹം ആരാധകർക്ക് ഉറപ്പ് നൽകി.

തമിഴ്നാട്ടിൽ നിൽക്കുമ്പോൾ ദ്രാവിഡ രാഷ്ട്രീയത്തിന്റെയും ജാതിരഹിത ചിന്താഗതിയുടെയും വക്താവായി സ്വയം അവതരിപ്പിക്കുകയും, അയൽസംസ്ഥാനങ്ങളിൽ പോകുമ്പോൾ പ്രാദേശിക പിന്തുണയ്ക്കായി ജാതി കാർഡ് ഇറക്കുകയും ചെയ്യുന്നത് 'ഇരട്ടത്താപ്പ്' ആണെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ആക്ഷേപം.

തമിഴ്നാട്ടിലെ വേദികളിൽ ജാതിവിരുദ്ധ പ്രസംഗങ്ങൾ നടത്തുന്ന പാർത്ഥിപൻ, തെലുങ്ക് മണ്ണിലെത്തിയപ്പോൾ ജാതി പറഞ്ഞ് മേനി നടിക്കുന്നത് അവസരവാദമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പ്രസംഗത്തിനിടെ തമിഴ് ഭാഷയെയും തമിഴ് ജനതയെയും ബഹുമാനിക്കാത്ത തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായെന്നും എക്സ് (X) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വിമർശനം ഉയരുന്നുണ്ട്.

ഇത്തരം പ്രവൃത്തികൾ കാണുമ്പോൾ സിനിമക്കാർ പറയുന്ന പുരോഗമന ചിന്തകൾ വെറും പ്രഹസനമാണെന്ന് തോന്നിപ്പോകുന്നുവെന്ന് സിനിമാ നിരീക്ഷകർ കുറിക്കുന്നു. പാർത്ഥിപൻ അടുത്തകാലത്തായി ഇതാദ്യമായല്ല വിവാദങ്ങളിൽ അകപ്പെടുന്നത്. നേരത്തെ ഒരു അവാർഡ് വേദിയിൽ നടി തൃഷയെക്കുറിച്ച് നടത്തിയ പരാമർശവും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. നടൻ വിജയ്‌ക്കൊപ്പം തൃഷ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു അന്ന് അദ്ദേഹം സംസാരിച്ചത്. "കുന്ദവൈ (തൃഷയുടെ കഥാപാത്രം) വീട്ടിലിരിക്കുന്നതാണ് നല്ലത്, പുറത്തിറങ്ങിയാൽ പല പ്രശ്നങ്ങളുമുണ്ടാകും" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപം അന്നുണ്ടായിരുന്നു.

പുതിയ വിവാദത്തോടെ സോഷ്യൽ മീഡിയയിൽ പാർത്ഥിപനെതിരെയുള്ള ട്രോളുകളും വിമർശന പോസ്റ്റുകളും സജീവമാണ്. തമിഴ് സിനിമയിലെ 'ബുദ്ധിജീവി' പരിവേഷമുള്ള ഒരാളിൽ നിന്ന് ഇത്തരമൊരു ജാതി പ്രകടനം പ്രതീക്ഷിച്ചില്ലെന്നാണ് സിനിമാ പ്രേമികളുടെ പൊതുവായ അഭിപ്രായം.

Tags:    

Similar News