മന്ത്രവും തന്ത്രവും പ്രേതവും ഒന്നുമല്ല..ശക്തിയിലാണ് വിശ്വാസം! പറയുന്ന ഓരോ വാക്കും തറച്ചത് ഹൃദയത്തിൽ; ഓസ്കറിൽ പുതുചരിത്രം കുറിച്ച് ഓട്ടം ദുറാൾഡ്; 'സിന്നേഴ്സ്' സിനിമയിലൂടെ മികച്ച നടനായി തിളങ്ങി മൈക്കൽ ബി ജോർദാൻ; പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടി ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'; 98-ാമത് 'ഓസ്കാർ' അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ
98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പോൾ തോമസ് ആൻഡേഴ്സന്റെ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ആറ് അവാർഡുകൾ വാരിക്കൂട്ടി. മികച്ച സംവിധായകനുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്സൺ നേടിയപ്പോൾ, മികച്ച നടനായി മൈക്കൽ ബി ജോർദാനെയും മികച്ച സഹനടിയായി എമി മാഡിഗനെയും തിരഞ്ഞെടുത്തു.
ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ 24 വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' മികച്ച ചിത്രം, മികച്ച സംവിധാനം, അവലംബിത തിരക്കഥ, സഹനടൻ, കാസ്റ്റിങ്, എഡിറ്റിങ് എന്നീ വിഭാഗങ്ങളിലായി ആറ് പുരസ്കാരങ്ങൾ സ്വന്തമാക്കിയാണ് 98-ാമത് ഓസ്കറിൽ തിളങ്ങിയത്. 11 ഓസ്കർ നോമിനേഷനുകൾക്ക് ശേഷം പോൾ തോമസ് ആൻഡേഴ്സൺ നേടുന്ന ആദ്യ ഓസ്കർ പുരസ്കാരമാണിത്. മികച്ച സംവിധായകനും മികച്ച അവലംബിത തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങൾ പോൾ തോമസ് ആൻഡേഴ്സൺ നേടിയപ്പോൾ, ചിത്രത്തിലെ പ്രകടനത്തിന് ഷോൺ പെൻ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം, മികച്ച കാസ്റ്റിങ് എന്നീ പുരസ്കാരങ്ങളും 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' കരസ്ഥമാക്കി.
'സിന്നേഴ്സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കൽ ബി ജോർദാൻ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, 'വെപ്പൺസ്' എന്ന ചിത്രത്തിലൂടെ എമി മാഡിഗൺ മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടിക്കുള്ള പുരസ്കാരമായിരുന്നു ഓസ്കർ വേദിയിൽ ആദ്യം പ്രഖ്യാപിച്ചത്.
'സിന്നേഴ്സ്' എന്ന ചിത്രത്തിലൂടെ ഓട്ടം ദുറാൾഡ് ആർകപോ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടി ചരിത്രം കുറിച്ചു. ഈ വിഭാഗത്തിൽ ഓസ്കർ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ദുറാൾഡ് ആർകപോ. റയാൻ കൂഗ്ലർ 'സിന്നേഴ്സി'ലൂടെ മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. യോക്കിം ട്രയർ സംവിധാനം ചെയ്ത നോർവീജിയൻ ചിത്രം 'സെന്റിമെന്റൽ വാല്യൂ' മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. 'കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്' ആണ് മികച്ച ആനിമേഷൻ ചിത്രം.
ലിയോണാർഡോ ഡി കാപ്രിയോ നായകനായ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ്. ഷോൺ പെൻ, ബെനീസിയോ ഡെൽ ടോറോ, റെജീന ഹാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സെപ്റ്റംബർ 26-ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പോൾ തോമസ് ആൻഡേഴ്സൺ ലിയോണാർഡോ ഡി കാപ്രിയോയുമായി സഹകരിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. 'ബൂഗി നൈറ്റ്സ്', 'മാഗ്‌നോളിയ', 'ദേർ വിൽ ബി ബ്ലഡ്', 'ദി മാസ്റ്റർ', 'ഫാന്റം ത്രെഡ്' തുടങ്ങിയ നിരവധി പ്രശംസ നേടിയ ചിത്രങ്ങൾ ലോകസിനിമയ്ക്ക് സമ്മാനിച്ച പ്രതിഭയാണ് പോൾ തോമസ് ആൻഡേഴ്സൺ. ഈ ചിത്രം ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിലും തിളങ്ങിയിരുന്നു.
മറ്റ് പ്രധാന പുരസ്കാരങ്ങൾ ഇവയാണ്:
*ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: 'ടു പീപ്പിൾ എക്സ്ചേഞ്ചിങ് സാലിവ, ദി സിംഗേഴ്സ്'
*ആനിമേറ്റഡ് ഹ്രസ്വ ചിത്രം: 'ദി ഗേൾ ഹൂ ക്രൈഡ് പേൾസ്'
*മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങ്: മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ ('ഫ്രാങ്കെൻസ്റ്റൈൻ')
*വസ്ത്രാലങ്കാരം: കേറ്റ് ഹാവ്‌ലി ('ഫ്രാങ്കൻസ്റ്റൈൻ')
*മികച്ച വിഷ്വൽ എഫക്ട്സ്: 'അവതാർ: ഫയർ ആന്റ് ഐസ്'
*പ്രൊഡക്ഷൻ ഡിസൈൻ: 'ഫ്രാങ്കെൻസ്റ്റൈൻ'
*മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം: 'ഓൾ ദി എംറ്റി റൂംസ്' (സംവിധാനം: ജോഷ്വാ സെഫ്ടെൽ, കോനൽ ജോൺസ്)
