ഒരു തമിഴ് സംവിധായകൻ എന്നോട് വളരെ മോശമായി പെരുമാറി; പിന്നീട് ആ സിനിമയിൽ നിന്ന് പിന്മാറിയപ്പോൾ അവർ ചെയ്തത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ലാവണ്യ

Update: 2026-03-16 04:47 GMT

രു തമിഴ് സംവിധായകനിൽനിന്ന് ദുരനുഭവം നേരിട്ടതായി നടി ലാവണ്യ ത്രിപാഠി വെളിപ്പെടുത്തി. താൻ പിന്മാറിയ സിനിമയുടെ സംവിധായകൻ തനിക്കെതിരെ കേസ് നൽകുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതായും ഈ പ്രതിസന്ധി താൻ ഒറ്റയ്ക്ക് അതിജീവിച്ചതായും ലാവണ്യ വ്യക്തമാക്കി. അടുത്തിടെ നടന്ന ഒരു ആരാധക സംഗമത്തിലാണ് ലാവണ്യ തന്റെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്.

ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ കരാറായ സമയത്ത് ആ ചിത്രത്തിന്റെ സംവിധായകൻ തന്നെ അസ്വസ്ഥയാക്കുന്ന തരത്തിൽ പെരുമാറിയെന്ന് ലാവണ്യ വിശദീകരിച്ചു. ഈ സാഹചര്യം ശരിയല്ലെന്ന് തോന്നിയതിനെത്തുടർന്ന് താൻ സിനിമയിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. തന്റെ നിലപാട് അറിയിച്ചതോടെ, സംവിധായകനും കൂട്ടരും തനിക്കെതിരെ കേസ് കൊടുക്കുകയും പത്രങ്ങളിൽ വ്യാജവാർത്തകൾ നൽകി അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതായി ലാവണ്യ ഓർത്തെടുത്തു.

ചലച്ചിത്ര പശ്ചാത്തലമില്ലാതെ അഭിനയരംഗത്തെത്തിയ താൻ ആ സമയത്ത് വലിയ മാനസിക സമ്മർദ്ദം അനുഭവിച്ചതായും, ഈ പ്രതിസന്ധികളെ താൻ തനിച്ചാണ് നേരിട്ടതെന്നും ലാവണ്യ പറഞ്ഞു. "അന്ന് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല, സഹായം ചോദിച്ചില്ല. എന്നാൽ ആ സമ്മർദ്ദം കാരണം ഒരു ദിവസം വീട്ടിൽ വന്ന് കരഞ്ഞു. സാധാരണ ഞാൻ കരയാറില്ല. കരഞ്ഞതിന് ശേഷം ഒരു ചായ ഉണ്ടാക്കിക്കുടിച്ച് സ്വയം ആശ്വസിപ്പിച്ചു," ലാവണ്യ കൂട്ടിച്ചേർത്തു. 'നിങ്ങൾ നരകത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ മുന്നോട്ട് തന്നെ നീങ്ങുക' എന്ന തത്വമാണ് താൻ സ്വീകരിച്ചതെന്നും ഇത് തന്നെ കൂടുതൽ ശക്തയാക്കിയെന്നും അവർ വ്യക്തമാക്കി.

2012-ൽ ഹനു രാഘവപുടി സംവിധാനം ചെയ്ത 'അന്താല രാക്ഷസി' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ലാവണ്യ ത്രിപാഠി അഭിനയരംഗത്തെത്തിയത്. 2014-ൽ സോക്രട്ടീസ് സംവിധാനം ചെയ്ത 'ബ്രഹ്മൻ' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച താരം, അഥർവ നായകനായ 'ടണൽ' എന്ന തമിഴ് ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട ഈ വെല്ലുവിളികളെക്കുറിച്ചുള്ള ലാവണ്യയുടെ തുറന്നുപറച്ചിൽ സിനിമാ മേഖലയിലെ ഇത്തരം സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കുകയാണ്.

Tags:    

Similar News