ഇനി വെട്രിമാരൻ സിമ്പു കോംബോ..; 'അരസൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്; ഇത് 'വടചെന്നൈ' യൂണിവേഴ്‌സിലിന്റെ ആദ്യ ചിത്രമെന്നും റിപ്പോർട്ടുകൾ

Update: 2025-10-08 14:56 GMT

ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംവിധായകൻ വെട്രിമാരനും നടൻ സിമ്പുവും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'അരസൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നതോടെ പ്രേക്ഷകരുടെ ആകാംക്ഷ വർധിച്ചിരിക്കുകയാണ്.

വെട്രിമാരന്റെ ഏറെ ശ്രദ്ധേയമായ 'വടചെന്നൈ' യൂണിവേഴ്സിന്റെ ഭാഗമായാണ് 'അരസൻ' ഒരുങ്ങുന്നത്. വടചെന്നൈ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഈ പുതിയ ചിത്രം വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ടൈറ്റിൽ പോസ്റ്ററിൽ കൈയിൽ വടിവാളേന്തിയ സിമ്പുവിനെ കാണാം. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിർമ്മിക്കുന്നത്.

സിമ്പുവിന്റെ നായികയായി സായ് പല്ലവി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. വടക്കൻ ചെന്നൈയിലെ അധോലോക കഥകളുമായി വെട്രിമാരൻ വീണ്ടും എത്തുമ്പോൾ തമിഴ് സിനിമയിൽ മറ്റൊരു വലിയ ഫിലിം ഫ്രാഞ്ചൈസിക്ക് തുടക്കമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയലിസ്റ്റിക് ആഖ്യാന ശൈലിയിൽ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുമെന്നാണ് സൂചന.

ഗൗതം മേനോൻ സംവിധാനം ചെയ്ത 'വെണ്ടു തനിന്തതു കാട്' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം എസ്.ടി.ആറിനൊപ്പം വെട്രിമാരൻ ചേരുന്നതിനാൽ പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. വിജയ് സേതുപതി നായകനായെത്തിയ 'വിടുതലൈ പാർട്ട് 2' ആയിരുന്നു വെട്രിമാരന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Tags:    

Similar News