പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിൽ 'മഹാകാളി'; വനിതാ സൂപ്പർ ഹീറോയായി എത്തുന്നത് ഭൂമി ഷെട്ടി; ചിത്രീകരണം പുരോഗമിക്കുന്നു

Update: 2025-11-01 11:06 GMT

ഹൈദരാബാദ്: 'ഹനുമാൻ' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ പ്രശാന്ത് വർമ്മയുടെ പുതിയ ചിത്രമായ 'മഹാകാളി'യിൽ നായികയായി ബോളിവുഡ് താരം ഭൂമി ഷെട്ടി. ഇന്ത്യൻ സിനിമയ്ക്ക് ഒരു പുതിയ വനിതാ സൂപ്പർ ഹീറോയെ സമ്മാനിക്കാനൊരുങ്ങുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമാണ്. പൂജ അപർണ്ണ കൊല്ലുരു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ ആണ് നിർവ്വഹിക്കുന്നത്.

ചിത്രത്തിന്റെ 50 ശതമാനം ചിത്രീകരണം പൂർത്തിയായി. ഹൈദരാബാദിൽ ഒരുക്കിയ ബ്രഹ്മാണ്ഡ സെറ്റിലാണ് നിലവിൽ ചിത്രീകരണം പുരോഗമിക്കുന്നത്. പുരാണങ്ങളെയും സമകാലിക പ്രശ്നങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടൊരുക്കുന്ന 'മഹാകാളി', ആത്മീയതക്ക് പ്രാധാന്യം നൽകുന്നു. ഇന്ത്യൻ സിനിമയിലെ പതിവ് രീതികളെ മാറ്റിമറിച്ച്, കറുത്ത നിറമുള്ള ഒരു നായികയെ മഹാകാളിയായി അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.

കാളി ദേവിയുമായി ബന്ധമുള്ള ബംഗാളിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. പുറത്തിറങ്ങിയ ടൈറ്റിൽ കഥാപാത്രത്തിന്റെ പോസ്റ്ററിൽ, ചുവപ്പും സ്വർണ്ണ നിറങ്ങളുമണിഞ്ഞ ഭൂമി ഷെട്ടിയുടെ രൂപം ശ്രദ്ധേയമാണ്. നായികയുടെ വേഷവിധാനങ്ങളും നോട്ടവും കാളിയുടെ തീവ്രതയും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക. രചന- പ്രശാന്ത് വർമ്മ, സംഗീതം- സ്മാരൻ സായ്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി.

Tags:    

Similar News