'ധുരന്ധർ' സാങ്കേതികമായും ക്രാഫ്റ്റ് പരമായും മികച്ച് നിൽക്കുന്ന പ്രൊപ്പഗാണ്ട സിനിമ; 'ദി താജ് സ്റ്റോറി', 'ദി ബംഗാൾ ഫയൽസ്' എന്നീ സിനിമകളേക്കാൾ അപകടകരം; കടുത്ത വിമർശനവുമായി ധ്രുവ് റാഠി
ന്യൂഡൽഹി: ബോക്സ് ഓഫീസിൽ തരംഗമായിക്കൊണ്ടിരിക്കുന്ന 'ധുരന്ധർ' എന്ന സിനിമയ്‌ക്കെതിരെ കടുത്ത വിമർശനവുമായി പ്രശസ്ത യൂട്യൂബറും സാമൂഹിക നിരീക്ഷകനുമായ ധ്രുവ് റാഠി. 'ധുരന്ദർ' ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്നും, ഇത് മുൻപ് പുറത്തിറങ്ങിയ 'ദി താജ് സ്റ്റോറി', 'ദി ബംഗാൾ ഫയൽസ്' തുടങ്ങിയ ചിത്രങ്ങളെക്കാൾ അപകടകരമാണെന്നും ധ്രുവ് റാഠി അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് ധ്രുവ് റാഠി ഈ നിരീക്ഷണം പങ്കുവെച്ചത്.
'ധുരന്ധർ' സാങ്കേതികമായും ക്രാഫ്റ്റ് പരമായും മികച്ച നിലവാരം പുലർത്തുന്ന ചിത്രമാണ്. ഇത്തരത്തിൽ മികച്ച രീതിയിൽ ഒരുക്കുന്ന സിനിമകൾ പ്രേക്ഷകരുടെ ചിന്താഗതിയെ വളരെ പെട്ടെന്ന് സ്വാധീനിക്കുമെന്നും അതിലൂടെ തെറ്റായ അജണ്ടകൾ ജനങ്ങളിലേക്ക് എത്തിക്കാൻ എളുപ്പമാണെന്നും ധ്രുവ് ചൂണ്ടിക്കാട്ടി. 'ദി താജ് സ്റ്റോറി', 'ദി ബംഗാൾ ഫയൽസ്' തുടങ്ങിയ ചിത്രങ്ങൾ മോശം നിലവാരത്തിലുള്ള നിർമ്മിതികളായിരുന്നതിനാൽ അവ അത്രത്തോളം അപകടകരമായിരുന്നില്ലെന്നും, എന്നാൽ 'ധുരന്ദർ' വ്യത്യസ്തമായ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം വാദിച്ചു.
ഒരു സിനിമ നല്ല രീതിയിൽ നിർമ്മിക്കപ്പെടുമ്പോൾ അതിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രാഷ്ട്രീയ അജണ്ടകൾ തിരിച്ചറിയാൻ പ്രേക്ഷകർക്ക് പ്രയാസമായിരിക്കും. വെറുപ്പ് പടർത്തുന്ന ഉള്ളടക്കം മനോഹരമായ ദൃശ്യങ്ങളിലൂടെയും സംഗീതത്തിലൂടെയും അവതരിപ്പിക്കുന്നത് ആളുകളെ എളുപ്പത്തിൽ തെറ്റിദ്ധരിപ്പിക്കും. ഇതാണ് ഈ ചിത്രത്തെ കൂടുതൽ അപകടകാരിയാക്കുന്നത്," ധ്രുവ് രാഠി തന്റെ പുതിയ വീഡിയോയിൽ വിശദീകരിച്ചു.
സിനിമയെ വെറും വിനോദമായി കാണുന്നതിന് പകരം അതിന് പിന്നിലെ രാഷ്ട്രീയത്തെയും വസ്തുതകളെയും വിശകലനം ചെയ്യാൻ പ്രേക്ഷകർ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ധ്രുവ് രാഠിയുടെ ഈ വിമർശനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ വാക്പോരുകൾക്ക് തുടക്കമിട്ടിട്ടുണ്ട്.