സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബൻ; നായിക ലിജോമോൾ; കിരണ്‍ ദാസ് ഒരുക്കുന്ന ചിത്രത്തിന് തുടക്കം
കൊച്ചി: കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷത്തിലെത്തുന്ന പുതിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് തുടക്കമായി. പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം 'പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 3' എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷാഹി കബീറാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടി-സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ടി-സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും സഹകരിച്ചാണ് ഈ പ്രൊജക്റ്റ് യാഥാർഥ്യമാകുന്നത്. മനുഷ്യരുടെ കാഴ്ചപ്പാടുകളെയും ഭയത്തെയും ചോദ്യം ചെയ്യുന്ന ചിത്രത്തിൻ്റെ കഥ, ആന്തരിക സംഘർഷങ്ങളാൽ വലയുന്ന ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. തെളിയിക്കപ്പെടാത്ത ഒരു പോലീസ് കേസും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുമൊക്കെ പ്രേക്ഷകരിലേക്ക് വൈകാരികവും തീവ്രവുമായ സിനിമാറ്റിക് അനുഭവം നൽകുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
ലെയറുകളായുള്ള കഥപറച്ചിലിലൂടെ, മലയാള സിനിമാ ലോകത്ത് ഒരു ധീരവും പുത്തനുമായ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള പനോരമ സ്റ്റുഡിയോസിൻ്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണിതെന്നും അവർ വ്യക്തമാക്കി. കുഞ്ചാക്കോ ബോബനും ലിജോമോൾക്കും പുറമെ സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോൻ, അരുൺ ചെറുകാവിൽ, വിനീത് തട്ടിൽ, ഉണ്ണി ലാലു, നിതിൻ ജോർജ്, കിരൺ പീതാംബരൻ, ജോളി ചിറയത്ത്, തങ്കം മോഹൻ, ശ്രീകാന്ത് മുരളി, ഗംഗാ മീര തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രമുഖ നിർമ്മാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റിംഗ്: കിരൺ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്.