ആന്ധ്രയിലെ തിയ്യേറ്ററില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം പുഷ്പ 2 പ്രദര്‍ശനത്തിന് പിന്നാലെ
അമരാവതി: ആന്ധ്രാപ്രദേശിലെ തിയ്യേറ്ററില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുഷ്പ 2 എന്ന അല്ലു ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷമാണ് ഇയാളെ തിയേറ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്തപുര്‍ ജില്ലയിലെ രായദുര്‍ഗം എന്ന സ്ഥലത്താണ് സംഭവം. ഹരിജന മദനപ്പ (35)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ തിയ്യേറ്ററിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മരണം എപ്പോഴാണ് സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, മാറ്റിനി ഷോ കഴിഞ്ഞപാടെയാണ് തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയതെന്ന് കല്യാണ്‍ദുര്‍ഗം ഡിവൈ.എസ്.പി. രവി ബാബു അറിയിച്ചു.
2.30-ന് മാറ്റിനി ഷോയ്ക്ക് ടിക്കറ്റെടുത്ത മദനപ്പ, മദ്യലഹരിയിലാണ് തിയ്യേറ്ററിനകത്തേക്ക് പ്രവേശിച്ചത്. നാലുകുട്ടികളുടെ പിതാവായ മദനപ്പ മദ്യത്തിനടിമയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ തിയ്യേറ്ററിനകത്തുവെച്ചും മദ്യപിച്ചുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയുടെ 194-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.