മലയാള സിനിമയിലെ പുതിയ ട്രെന്‍ഡിനെ പരീക്ഷിക്കാന്‍ ജനപ്രിയ നായകനും; തിയേറ്ററിലേക്ക് കല്യാണരാമന്‍

Update: 2025-10-19 14:53 GMT

കൊച്ചി: എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ വീണ്ടും തിയേറ്ററില്‍ എത്തുമ്പോള്‍ ആഘോഷമാക്കുന്ന യുവ തലമുറയെ കണ്ട് അന്തം വിട്ടുനില്‍ക്കുകയാണ് മലയാള ചലച്ചിത്രലോകം. സ്ഫടികത്തില്‍ തുടങ്ങിയ പരീക്ഷണം രാവണപ്രഭുവില്‍ എത്തി നില്‍ക്കുന്നു. ഒട്ടേറെ സിനിമകള്‍ ഇത്തരത്തില്‍ റീ റിലീസ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ഇതിനിടെ മലയാള സിനിമയിലെ പുതിയ ട്രെന്‍ഡിനെ പരീക്ഷിക്കാന്‍ ഇപ്പോഴിതാ ജനപ്രിയ നായകന്‍ ദിലീപിന്റെ കല്യാണ രാമനും റീ റിലീസിന് ഒരുങ്ങുകയാണ്.

2002ല്‍ പുറത്തിറങ്ങിയ കോമഡി എന്റര്‍ടൈനര്‍, ചിത്രത്തിന്റെ സംവിധാനം ഷാഫിയും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് ബെന്നി പി. നായരമ്പലവുമാണ്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മ്മിച്ച ഈ ചിത്രം ലാല്‍ തന്നെയാണ് റിലീസ് വിതരണം ചെയ്തിരിക്കുന്നതും. ദിലീപ്, കുഞ്ചാക്കോ ബോബന്‍, ലാലു അലക്‌സ്, ലാല്‍, നവ്യ നായര്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ സലിം കുമാര്‍, ഇന്നസെന്റ്,ബോബന്‍ ആലുമ്മൂടന്‍,ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ദിലീപ്,സലിം കുമാര്‍, ഇന്നസെന്റ് എന്നിവര്‍ കോമഡികള്‍ നിറച്ച സിനിമ. സോഷ്യല്‍ മീഡിയ കാലത്തിനു മുന്‍പേ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ഈ സിനിമയിലെ ഡയലോഗുകള്‍ എല്ലാം. ഷര്‍ട്ട് മുതല്‍ ചുരിദാര്‍ വരെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. 4K അറ്റ്‌മോസില്‍ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതന്‍, ഛോട്ടാ മുംബൈ, റീ റിലീസിനൊരുങ്ങുന്ന കമ്മീഷണര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റര്‍ ചെയ്യുന്ന ചിത്രമാണ് കല്യാണരാമന്‍.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ ചിത്രത്തിലെ എല്ലാ ഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ബേണി ഇഗ്‌നേഷ്യസ് ആണ്. ഛായാഗ്രഹണം പി സുകുമാര്‍. മികച്ച 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ജനുവരിയില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഉടന്‍ പുറത്തു വിടുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Similar News