ഉള്ളടക്കത്തില്‍ ഉള്‍പ്പടെ ആവര്‍ത്തന വിരസതയുമായി പരാജയപ്പെട്ട് ബോളിവുഡ്; രജിനിയും കമലുമുള്‍പ്പടെ സൂപ്പര്‍ താരങ്ങള്‍ക്ക് നില തെറ്റിയപ്പോള്‍ കുഞ്ഞുപടങ്ങളുടെ ചിറകിലേറി കോളിവുഡ്; പുഷ്പയും കല്‍ക്കിയുമായി ഇന്ത്യന്‍ സിനിമാ ലോകത്തെ വിറപ്പിച്ച് തെലുങ്ക് സിനിമ; വിജയം കൈവിട്ട് കന്നടയും; മലയാളം കുതിച്ച 24ല്‍ ഇന്ത്യന്‍ ബോക്സോഫീസിലെ കാഴ്ച്ചകള്‍

ഉള്ളടക്കത്തില്‍ ഉള്‍പ്പടെ ആവര്‍ത്തന വിരസതയുമായി പരാജയപ്പെട്ട് ബോളിവുഡ്

Update: 2024-12-07 08:33 GMT

തിരുവനന്തപുരം: ഇന്ത്യന്‍ ബോക്സോഫീസില്‍ മലയാള സിനിമ കുതിച്ച വര്‍ഷമാണ് 2024.സിനിമാ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ഗംഭീര ആദ്യ പകുതിയും ഇപ്പോള്‍ അതേ പോലെ മികച്ച ക്ലൈമാക്സിലേക്കും നീങ്ങുന്ന മലയാള സിനിമയ്ക്ക് ഇടയ്ക്കൊന്ന് ലാഗ് അടിച്ചത് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ വരവോടെയായിരുന്നു.എങ്കിലും ഈ വര്‍ഷം ഇന്ത്യന്‍ ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് മലയാള സിനിമ തന്നെയായിരുന്നു.അതേ 2024 വര്‍ഷത്തില്‍ മറ്റു സിനിമാ ഇന്‍ഡസ്ട്രികള്‍ എങ്ങിനെയെന്ന് പരിശോധിക്കാം.

സമീപകാലത്തെ ആപേക്ഷിച്ച് ഒരു കാലത്ത് ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖമായിരുന്ന ബോളിവുഡ് അതിന്റെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോയ വര്‍ഷമാണ് ഇപ്രാവശ്യത്തേത്.സ്ത്രീ 2 എന്ന ഒരൊറ്റ ചിത്രം മാറ്റി നിര്‍ത്തിയാല്‍ സാമ്പത്തികമായി വിജയിച്ച ഒരു പടം പോലും ഇത്തവണ ബോളിവുഡില്‍ ഇല്ലായിരുന്നുവെന്നു വേണം പറയാന്‍.ബോക്സോഫില്‍ ശരാശരിയെങ്കിലും പ്രകടനം നടത്തിയത് കില്‍,ഭുല്‍ഭലയ്യ 3 പോലുള്ള ചുരുക്കം ചില ചിത്രങ്ങള്‍ മാത്രം.ഇനി തമിഴിലേക്ക് വന്നാല്‍ വളരെ മോശം തുടക്കത്തിന് ശേഷം അരണ്‍മനൈയുടെ വിജയത്തോടെ തമിഴ് സിനിമാ അതിന്റെ പ്രതാപത്തെ തിരിച്ചുപടിച്ചു.

രജനിക്കും സൂര്യക്കും വിക്രമിനുമൊക്കെ കാലിടറിയെങ്കിലും ചെറിയ ബജറ്റ് ചിത്രങ്ങളിലൂടെ പ്രമേയത്തിന്റെ കരുത്തുകൊണ്ട് തമിഴ്സിനിമ തിരിച്ചുവന്നു.ഏറ്റവും ഒടുവില്‍ അമരനും ബോക്സോഫീസുകള്‍ കീഴടക്കിയതോടെ തമിഴ്സിനിമയ്ക്കും ഈ വര്‍ഷാന്ത്യം സന്തോഷത്തിന്റെതായി.തെലുങ്കിലേക്ക് വന്നാല്‍ അവിടെയും ഇത്തവണ ഒരു പിടി വിജയകഥകള്‍ പറയാനുണ്ട്.പ്രതിക്ഷയോടെ വന്ന ചില ചിത്രങ്ങള്‍ക്ക് അടിതെറ്റിയെങ്കിലും ഇന്ത്യന്‍ ബോക്സോഫീസില്‍ തന്നെ ചലനം സൃഷ്ടിച്ച സിനിമകള്‍ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഉണ്ടായി.ക്ലൈമാക്സ് കൊഴുപ്പിക്കാന്‍ പുഷ്പ 2 കൂടി എത്തിയതോടെ തകര്‍പ്പന്‍ ക്ലൈമാക്സോടെ തെലുങ്ക് ഇന്‍സ്ട്രിയും ഇത്തവണ എന്‍ഡ് ടൈറ്റില്‍ കാര്‍ഡ് എഴുതും.

തുടര്‍ച്ചയായ രണ്ട് വിജയ വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ കന്നട ഇന്‍ഡസ്ട്രിക്കും ഹിറ്റുകളുടെ കഥയല്ല പറയാനുള്ളത്.കാര്യമായ ചലനം സൃഷ്ടിക്കാടെ വിരലിലെണ്ണാവുന്ന ഹിറ്റുകള്‍ മാത്രമാണ് കന്നടത്തിലും ഇത്തവണയുണ്ടായത്.വരും വര്‍ഷം കാന്താര ചാപ്റ്റര്‍ 2 സലാര്‍ 2 ഒക്കെ ഉളളതിനാല്‍ തിരിച്ചുവരവ് സ്വപ്നം കാണുന്നുണ്ട് സാന്‍ഡല്‍വുഡും.

തുടര്‍ക്കഥയാകുന്ന ഉള്ളടക്കം.. അടിതെറ്റി ബോളിവുഡ്..സൂപ്പര്‍ താരങ്ങള്‍ക്കും രക്ഷയില്ല!

കഴിഞ്ഞ വര്‍ഷത്തിന്റെ തുടര്‍ച്ചയെന്ന പോലെ വമ്പന്‍ ചിത്രങ്ങള്‍ പോലും പരാജയപ്പെടുന്ന കാഴ്ച്ചയാണ് 2024ലും ബോളിവുഡില്‍ ആരാധകര്‍ക്ക് കാണാനായത്.ഒരുകാലത്ത് ഇന്ത്യന്‍ സിനിമയുടെ മുഖമെന്ന് വിശേഷിപ്പിച്ച ബോളിവുഡിന് ഇതെന്ത് സംഭവിച്ചുവെന്നാണ് നിരുപകരും സിനിമാ പ്രേമികളും ഒരുപോലെ പരസ്പരം ചോദിക്കുന്നത്.വമ്പന്‍ ബജറ്റിലൊരുങ്ങിയ സൂപ്പര്‍താര ചിത്രങ്ങളില്‍ ഫൈറ്റര്‍ മാത്രം ബോക്‌സോഫീസില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ പല വമ്പന്‍ സിനിമകളും ബോക്‌സോഫീസില്‍ നിലം തൊടാതെ പൊട്ടി.ഹിന്ദി ഭൂമിക മുഴുവന്‍ മാര്‍ക്കറ്റുണ്ടായിട്ട് പോലുമുള്ള ബോളിവുഡിന്റെ ഈ വീഴ്ചയില്‍ സ്തബധരായിരിക്കുകയാണ് ആരാധകര്‍.




 


ബോക്സോഫീസ് കണക്കുകള്‍ വച്ച് നോക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ വ്യവസായ രംഗം എന്ന നിലയില്‍ ബോളിവുഡ് തങ്ങളുടെ വിപണി വിഹിതം ഉറപ്പിക്കുന്നുണ്ട്.പക്ഷെ അതിനപ്പുറം ഉള്ളടക്കത്തിലും ആ ഉള്ളടക്കത്തിന്റെ കെട്ടുറപ്പിലുണ്ടാക്കുന്ന വിജയവും എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.ഈ വര്‍ഷം ഡിസംബര്‍ ആദ്യം വരെ ഇന്ത്യയില്‍ ഇറങ്ങിയത് 1424 ചിത്രങ്ങളാണ്. ഇതില്‍ 210 ചിത്രങ്ങള്‍ ബോളിവുഡില്‍ നിന്നാണ് വന്നിരിക്കുന്നത്.മൊത്തം ബോളിവുഡ് ചിത്രങ്ങളുടെ നെറ്റ് കളക്ഷന്‍ 3337 കോടിയാണ്.

ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ പരിശോധിച്ചാല്‍ 597 കോടി നേടിയ സ്ത്രീ 2, 259 കോടി നേടിയ ഭൂല്‍ ഭുലയ്യ 3, 247 കോടി നേടിയ സിങ്കം എഗെയ്ന്‍, 212 കോടി നേടിയ ഫൈറ്റര്‍ എന്നിവയാണ് ആദ്യപത്തില്‍ എത്തിയ ചിത്രങ്ങള്‍.സൂപ്പര്‍ താരങ്ങളെ പിന്തുടര്‍ന്ന് മാത്രം ഹിറ്റുകള്‍ പിറന്ന ഇന്‍ഡസ്്ട്രിയില്‍ സ്ത്രീ 2 നേടിയ വിജയം മാത്രം മതി ബോളിവുഡിലെ താരാധിപത്യം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങി എന്ന് മനസിലാക്കാന്‍.ഹൊറര്‍ കോമഡി സിനിമയായി വന്ന സ്ത്രീ 2 ആകെ 874.5 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും കളക്ട് ചെയ്തത്.2024ലെ സിനിമകള്‍ പരിശോധിച്ചാല്‍ സൂപ്പര്‍ താര സിനിമകളില്‍ നിന്നും സൂപ്പര്‍ നാച്ചുറല്‍ സിനിമകളിലേക്കുള്ള മാറ്റം ഈ വര്‍ഷം പ്രകടമാണ്.

സിംഗം വണ്‍സ് എഗെയ്ന്‍,ഫൈറ്റര്‍ എന്നിവ മാറ്റി നിര്‍ത്തിയാല്‍ തിയേറ്ററിലേക്ക് പ്രേക്ഷകരെ എത്തിച്ച ബാക്കി ചിത്രങ്ങളെല്ലാം പ്രേത സിനിമകള്‍ ആണെന്നുകൂടി വിലയിരുത്തേണ്ടി വരും.പ്രേതവും യക്ഷിയും പോലുള്ള സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ സിനിമകളായി വന്ന പല സിനിമകളും ഇത്തവണ ബോക്‌സോഫീസിലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി എന്നത് തന്നെ അതിന് കാരണം. ഹൊറര്‍ എലമെന്റുള്ള ഭൂല്‍ ഭുലയ്യ 3 ആണ് നിലവില്‍ തിയേറ്ററുകളില്‍ തകര്‍ത്തോടുന്നത്. സിനിമ ഇതിനകം തന്നെ 330 കോടി പിന്നിട്ടുകഴിഞ്ഞു.

ചെറിയ ബജറ്റില്‍ ഒരുങ്ങിയ മൂഞ്ചിയയും ഹൊറര്‍ സിനിമയായാണ് വന്നത്. ബോക്‌സോഫീസില്‍ ഈ സിനിമയും നേട്ടമുണ്ടാക്കു. ജ്യോതിക അജയ് ദേവ്ഗണ്‍ എന്നിവര്‍ ഒന്നിച്ച ശെയ്ത്താനാണ് ഹൊറര്‍ എലമെന്റുമായി വന്ന് ഹിറ്റടിച്ച മറ്റൊരു സിനിമ.

ഇനി വീണ്ടും കണക്കുകളിലേക്ക് വന്നാല്‍ സ്ത്രീ 2 ഒഴികെ നെറ്റ് കളക്ഷന്‍ പ്രകാരം 259 കോടി നേടിയ ഭൂല്‍ ഭുലയ്യ 3, 247 കോടി നേടിയ സിങ്കം എഗെയ്ന്‍, 212 കോടി നേടിയ ഫൈറ്റര്‍ എന്നിവയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ ആദ്യപത്തില്‍ എത്തിയ ചിത്രങ്ങള്‍.ഇതില്‍ സ്ത്രീ 2 മാത്രമാണ് ഓള്‍ ടൈം ബ്ലോക് ബസ്റ്റര്‍ എന്ന വിശേഷണത്തില്‍ വരുന്നുള്ളൂ.ഭൂല്‍ ഭുലയ്യ 3 സൂപ്പര്‍ ഹിറ്റായി പരിഗണിക്കാമെന്ന് ട്രാക്കര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.പക്ഷെ സ്റ്റാര്‍ കാസ്റ്റും ബജറ്റും എല്ലാം വച്ച് നോക്കുമ്പോള്‍ ഫൈറ്റര്‍, സിങ്കം എഗെയ്ന്‍ എന്നിവ ഹിറ്റായി പോലും പട്ടിക പെടുത്താനാവില്ലെന്നാണ് ട്രാക്കര്‍മാരുടെ ഭാഷ്യം.


 



ക്രിസ്മസ് റിലീസായെത്തുന്ന ബേബി ജോണ്‍ മാത്രമാണ് ബോളിവുഡില്‍ നിന്നും ഇനി പ്രതീക്ഷിക്കാവുന്ന വലിയ പടം.ഇതിന്റെ വിജയപരാജയങ്ങള്‍ക്ക് ജനുവരി കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ ഏതാണ്ട് ഈ സംഖ്യയോടെ തന്നെ ബോളിവുഡ് ഈ വര്‍ഷം അവസാനിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.ഉള്ളടക്കത്തിലോ താരചിത്രങ്ങളിലോ പുതുമകള്‍ ഒന്നും ഇല്ലാത്തതാണ് ബോളിവുഡിന് തിരിച്ചടിയാകുന്നത്.ബോളിവുഡിലെ മുന്‍നിര താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍ എന്നിവര്‍ക്ക് പടമില്ലാത്ത വര്‍ഷമായിരുന്നു 2024.

2023 ഡിസംബറില്‍ ഇറങ്ങിയ ഡങ്കിയായിരുന്നു ഷാരൂഖിന്റെ ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രം. സല്‍മാന്റെതാകട്ടെ 2023 ദീപാവലിക്ക് ഇറങ്ങിയ ടൈംഗര്‍ 3യും.സിങ്കം എഗെയ്നില്‍ ഒരു ഗസ്റ്റ് റോളില്‍ എത്തിയതായിരുന്നു സല്‍മാന്റെ സാന്നിദ്ധ്യം.ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തിന് ശേഷം ആമീര്‍ ഖാന്‍ നീണ്ട ഇടവേളയിലാണ്.കഴിഞ്ഞ വര്‍ഷം പഠാന്‍, ജവാന്‍, അനിമല്‍, ഡങ്കി പോലെയുള്ള വലിയ ചിത്രങ്ങളാണ് ബോളിവുഡിന് തുണയായതെങ്കില്‍ അത്രയും വലിയ ചിത്രങ്ങള്‍ 2024 ല്‍ ഉണ്ടായില്ല എന്നതാണ് ബോളിവുഡിന് വലിയ തിരിച്ചടിയായത്.

സിങ്കം എഗെയ്ന്‍ പോലുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ വന്നെങ്കിലും ഈ നേട്ടം ആവര്‍ത്തിക്കാനും സാധിച്ചില്ല.രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെയും സംഭവങ്ങളെയും തിരശീലയിലെത്തിച്ച് വിജയം കൊയ്യുന്ന പരുപാടി ഈ വര്‍ഷവും ബോളിവുഡ് ആവര്‍ത്തിച്ചെങ്കിലും ഫലം കണ്ടില്ല.രണ്‍ ദീപ് ഹൂഢയുടെ സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍, ആര്‍ട്ടിക്കിള്‍ 370, അവസാനം നവംബറില്‍ ഇറങ്ങിയ സബര്‍മതി റിപ്പോര്‍ട്ട് എന്നിവ ഇത്തരം ഗണത്തില്‍ പെടുത്താവുന്നതായിരുന്നു. എന്നാല്‍ കശ്മീര്‍ ഫയല്‍ പോലെ മുന്‍കാല ചിത്രങ്ങള്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ ഈ ചിത്രങ്ങള്‍ക്ക് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ പോലുള്ള പതിവ് ബോളിവുഡ് നമ്പറുകള്‍ പലതും ഇറങ്ങിയെങ്കിലും ഒരു ചലനവും ഉണ്ടാക്കാതെ മുടക്ക് മുതല്‍ പോലും നേടാതെ പോയതും ഈ വര്‍ഷം തന്നെയാണ്.

തുടക്കം പതുങ്ങി ഒടുക്കും കുതിച്ചു കോളിവുഡ്! സൂപ്പര്‍താരങ്ങള്‍ വീണപ്പോള്‍ വിജയം നേടി ശിവകാര്‍ത്തികേയനും മക്കള്‍സെല്‍വനും

പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാ എന്ന സിനിമാ ഡയലോഗ് പോലെയാണ് ഇത്തവണ തമിഴ് സിനിമയുടെ കാര്യം.റിലീസ് ചിത്രങ്ങള്‍ തിയേറ്ററില്‍ പരാജയപ്പെടുകയും വിജയുടെ ഗില്ലിയുള്‍പ്പടെയുള്ള ചിത്രങ്ങള്‍ തിയേറ്ററിലെത്തി വീണ്ടും കലക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തതാണ് തമിഴ് സിനിമയെ സംബന്ധിച്ച് 2024 ന്റെ ആദ്യപകുതി.പക്ഷെ പുതിയ ചിത്രങ്ങള്‍ പരാജയപ്പെടുന്നത് ഇന്‍ഡസ്ട്രിയെ ബാധിച്ചിരുന്നു.2024 ന്റെ ആദ്യ പാദത്തില്‍ ഇറങ്ങിയ സൂപ്പര്‍ താര ചിത്രങ്ങള്‍ പോലും ബോക്സ് ഓഫീസില്‍ വിജയം കാണാന്‍ കൂറേയേറെ കഷ്ടപ്പെട്ടു.ഫസ്റ്റ് ഹാഫ് പിന്നിടുമ്പോള്‍ തമിഴില്‍ 80തിനോടടുത്ത റീലീസ് സിനിമകളില്‍ വിജയിച്ചതാകട്ടെ അഞ്ചോ ആറോ സിനിമകള്‍ മാത്രമാണ്.

ഈ സമയത്ത് ഒക്കെയും തമിഴ് ബോക്സ് ഓഫീസിന് സഹായമായത് റീറിലീസുകളായിരുന്നു.ഗില്ലി, ഇന്ത്യന്‍, മങ്കാത്ത, ബില്ല, ഖുഷി തുടങ്ങി നിരവധി സിനിമകള്‍ വീണ്ടും റിലീസ് ചെയ്യുകയും ഈ വകയില്‍ തിയേറ്ററില്‍ ആളുകള്‍ കയറുകയും ചെയ്തിരുന്നു. തമിഴ് സിനിമ രക്ഷപെടണമെന്നുണ്ടെങ്കില്‍ പഴയ സിനിമകള് വീണ്ടും റിലീസ് ചെയ്യേണ്ട ദയനീയ അവസ്ഥയാണ് എന്നുവരെ കമന്റുകളും എത്തി.എന്നാല്‍ സുന്ദര്‍ സി യുടെ അരമനൈ ഫ്രാഞ്ചൈസികളിലെ 4 ാം ചിത്രം തിയേറ്ററിലെത്തിയതോടെ കഥ മാറി.ആ ചിത്രം നൂറുകോടി ക്ലബില്‍ ഇടം നേടി.തൊട്ടുപിന്നാലെയെത്തിയ വിജയ് സേതുപതിയുടെ മഹരാജ സമാനതകളില്ലാത്ത വിജയം നേടി.നിരൂപകരെയും പ്രേക്ഷകരെയും ഒരുപോലെ സ്വാധീനിച്ച ചിത്രം നിരവധി നേട്ടങ്ങളും സ്വന്തമാക്കി.ചിത്രവും നൂറുകോടി ക്ലബില്‍ ഇടം നേടി.


 



മാരിസെല്‍വരാജ് ചിത്രം വാഴൈ,ലബ്ബര്‍ പന്ത്,മെയ്യഴഗന്‍ ഉള്‍പ്പടെയുള്ള ലോ ബജറ്റ് ചിത്രങ്ങളും തമിഴില്‍ വന്‍ വിജയം നേടി.പിന്നാലെ തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രം വെങ്കട്ട് പ്രഭു -വിജയ് ചിത്രം ദ ഗോട്ട് തിയേറ്ററിലെത്തി.സമിശ്ര പ്രതികരണങ്ങളിലും ബോക്സോഫിസീല്‍ വമ്പന്‍ നേട്ടം ഉണ്ടാക്കാന്‍ ഗോട്ടിന് കഴിഞ്ഞു.പിന്നാലെയാണ് ധനുഷിന്റെ അമ്പതാമത് ചിത്രം രായന്‍ തിയേറ്ററിലേക്കെത്തുന്നത്.ധനുഷ് തന്നെ സംവിധാനം ചെയ്ത രായനും അനായാസം നൂറു കോടി ക്ലബ് പിന്നിട്ടു.ധനുഷും വിജയിയും വിജയ് സേതുപതിയുമൊക്കെ വിജയം കണ്ടപ്പോള്‍ സാക്ഷാല്‍ രജനീകാന്തിനും, കമലഹാസനും സൂര്യക്കും ബോക്സോഫീസില്‍ വമ്പന്‍ തിരിച്ചടി നേരിടേണ്ടി വന്നു.മൂന്നുപേരുടെയും ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രങ്ങള്‍ ബോക്സോഫീസില്‍ പച്ച തൊട്ടില്ല.

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന് ആയിരുന്നു ഇന്ത്യന്‍ 2.ശങ്കര്‍ സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നായകനായി വലിയ പ്രതീക്ഷകയില്‍ എത്തിയ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായി.ഒപ്പം വന്‍ ട്രോളും ഏറ്റുവാങ്ങി.സമാന അവസ്ഥയായിരുന്നു സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യയുടെ കങ്കുവയ്ക്കും.കങ്കുവയ്ക്ക് പലയിടത്തും നെഗറ്റിവ് റിവ്യൂവാണ് ലഭിച്ചത്.ഈ ബിഗ് ബജറ്റ് ചിത്രത്തെ നെറ്റിസണ്‍സ് വലിയ തോതില്‍ ട്രോള്‍ ചെയ്യുകയും ചെയ്തു.അങ്ങിനെ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറി കങ്കുവ.ഇത്രയ്ക്ക് പരാജയം രുചിക്കേണ്ടി വന്നില്ലെങ്കിലും ഈ വര്‍ഷം രജനീകാന്തിനും തിരിച്ചടി തന്നെയായിരുന്നു.

ലാല്‍സലാം, വെട്ടയ്യന്‍ എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം രജനീകാന്തിന്റെതായി എത്തിയത്.രജനിയുടെ മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാല്‍സലാം അമ്പേ പരാജയപ്പെട്ടപ്പോള്‍ ജയ് ഭീം സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയാന്‍ സമ്മിശ്ര പ്രതികരണത്തില്‍ ഒതുങ്ങി.കൂടാതെ പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ പ രഞ്ജിത്ത് വിക്രം ചിത്രം തങ്കലാനും സമിശ്ര പ്രതികരണത്തില്‍ ഒതുങ്ങി.നിരുപക പ്രശംസ നേടിയെങ്കിലും ബോക്സോഫിസില്‍ വലിയ ചലനം സൃഷ്ടിച്ചില്ല.

എന്നാല്‍ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ക്ലൈമാക്സിലെ അപ്രതീക്ഷിത അതിഥിയെപ്പോലെ തമിഴ് സിനിമാ ലോകത്തെ എ ക്ലാസ് താര പദവിയിലേക്ക് ശിവ കാര്‍ത്തികേയന്‍ നടന്നു കയറുന്ന കാഴ്ച്ചയ്ക്കും ഈ വര്‍ഷത്തിന്റെ അവസാനം കോളിവുഡ് സാക്ഷിയായി.ആരാധകര്‍ എസ് കെ എന്ന് വിളിക്കുന്ന ശിവകാര്‍ത്തികേയന്‍ ഈ വര്‍ഷം അമരന്‍ എന്ന ഹിറ്റിലൂടെ അത്ഭുതമാണ് 2024 സൃഷ്ടിച്ചിരിക്കുന്നത്.200 കോടി ക്ലബും കടന്ന് വിജയ് അവശേഷിപ്പിക്കുന്ന ഒഴിവിലേക്ക് താന്‍ പതിയെ നടന്നുകയറുമെന്ന സൂചനയാണ് എസ് കെ നല്‍കുന്നത്.ഇനി വമ്പന്‍ റിലീസ് ഇല്ലാത്തതിനാല്‍ തന്നെ കോളിവുഡിന്റെ 24 ലെ ഏകദേശ ചിത്രം ഇങ്ങനെയാണ്.




 


പ്രഭാസ് തുടങ്ങി ദുല്‍ഖര്‍ ഏറ്റെടുത്തു കിടിലന്‍ എന്‍ഡ് പഞ്ചുമായി അല്ലുഅര്‍ജ്ജുനും! തെലുങ്കിന്റെ ചിത്രം ഇങ്ങനെ

എല്ലാത്തവണത്തെയും പോലെ ബിഗ് ബജറ്റിലും അല്ലാതെയും നിരവധി സിനിമകളാണ് ഈ വര്‍ഷം തെലുങ്കില്‍ റിലീസ് ചെയ്തത്. പാന്‍ ഇന്ത്യന്‍ തലത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.വലിയ ബജറ്റിലെത്തിയിട്ടും തിയറ്ററുകളില്‍ യാതൊരുവിധ ചലനവുമുണ്ടാക്കാന്‍ കഴിയാതെ പോയ ചിത്രങ്ങളും അനവധിയുണ്ട്.എങ്കിലും 23 നെ അപേക്ഷിച്ച് ഇത്തവണ തെലുങ്ക് ഇന്‍ഡസ്്ട്രിക്ക് അഭിമാനിക്കാന്‍ വകയുണ്ട്.ഇന്ത്യന്‍ ബോക്സോഫീസില്‍ തന്നെ ചലനമുണ്ടാക്കാന്‍ കഴിഞ്ഞ ചിത്രങ്ങള്‍ തെലുങ്കില്‍ സംഭവിച്ചുവെന്നത് തന്നെയാണ് നേട്ടം.

പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍, മഹേഷ് ബാബു, നാനി തുടങ്ങി സൂപ്പര്‍ താര ചിത്രങ്ങളും ഈ വര്‍ഷം പ്രേക്ഷകരിലേക്കെത്തി. ഇക്കൂട്ടത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ലക്കി ഭാസ്‌കറും മികച്ച പ്രേക്ഷക പ്രതികരണം നേടി.കലാശക്കൊട്ടുപോലെ ഒടുവില്‍ തിയേറ്ററിലെത്തിയ പുഷ്പ 2 ആകട്ടെ അദ്യ ദിനത്തില്‍ തന്നെ ബോക്്സോഫീസ് റെക്കോര്‍ഡ് തകര്‍ത്താണ് ഓട്ടം തുടങ്ങിയത് തന്നെ.കല്‍ക്കിയാണ് ഇത്തവണ തെലുങ്കില്‍ നിന്നും ആദ്യം ഞെട്ടിച്ചത്.നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകാനായെത്തിയ ചിത്രമായിരുന്നു കല്‍ക്കി 2898 എഡി.ലോകമെമ്പാടുമായി 1200 കോടിയോളം ചിത്രം കളക്ഷന്‍ നേടി. ഇതോടെ 2024 ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ തെലുങ്ക് ചിത്രമായും കല്‍ക്കി മാറി.

അതുവരെയുണ്ടായിരുന്ന ബോക്സോഫീസ് റെക്കോഡുകളെയെല്ലാം തകര്‍ത്തെറിഞ്ഞാണ് കല്‍ക്കി കുതിച്ചത്.പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. 600 കോടി ബജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വൈജയന്തി മൂവീസ് ആയിരുന്നു നിര്‍മ്മാണം.പിന്നീട് തെലുങ്കില്‍ നിന്നും വിസ്മയിപ്പിച്ച ചിത്രമാണ് പ്രശാന്ത് വര്‍മ്മ രചനയും സംവിധാനവും നിര്‍വഹിച്ച ഹനു-മാന്‍. സൂപ്പര്‍ ഹീറോ ചിത്രമായാണ് ഹനു-മാന്‍ പ്രേക്ഷകരിലേക്കെത്തിയത്.തേജ സജ്ജ, വരലക്ഷ്മി ശരത് കുമാര്‍, വിനയ് റായ്, അമൃത അയ്യര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.40 കോടി മുതല്‍മുടക്കിലൊരുക്കിയ ചിത്രം ലോകമെമ്പാടും 250 കോടിയിലധികം കളക്ഷന്‍ നേടി. പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിച്ചത്.

സീതാരാമത്തിന് ശേഷം ദുല്‍ഖറിന്റെ തിരിച്ചുവരവിനും ഇത്തവണ തെലുങ്ക് സിനിമ സാക്ഷിയായി.വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വഹിച്ച് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ലക്കി ഭാസ്‌കര്‍ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ്.100 കോടി ബജറ്റിലായിരുന്നു ചിത്രം നിര്‍മിച്ചത്.ലോകമെമ്പാടും 112 കോടിയിലധികം ചിത്രം നേടുകയും ചെയ്തു.സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമ, ശ്രീകര സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ എസ് നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ നായികയായെത്തിയത്.സൂര്യ ശ്രീനിവാസ്, രാംകി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി.


 



സമിശ്ര പ്രതികരണത്തിലും ബോക്സോഫീസ് വിജയം കൊയ്ത സിനിമയാണ് ജൂനിയര്‍ എന്‍ ടി ആറിന്റെ ദേവര പാര്‍ട്ട് 1.കൊരട്ടാല ശിവ കഥയെഴുതി സംവിധാനം ചെയ്ത ദേവര പാര്‍ട്ട് 1 200 - 300 കോടി ചെലവഴിച്ചാണ് നിര്‍മിച്ചത്.ആഗോളത്തലത്തില്‍ 509 കോടിയോളം ചിത്രം നേടി. ജൂനിയര്‍ എന്‍ടിആര്‍ ഡബിള്‍ റോളിലാണ് ചിത്രത്തിലെത്തിയത്. സെയ്ഫ് അലി ഖാന്‍, ജാന്‍വി കപൂര്‍, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ജൂനിയര്‍ എന്‍ടിആറിന്റെ കരിയറിലെ 30-ാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. യുവസുധ ആര്‍ട്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മിച്ചത്.

വിജയകഥ മാത്രമല്ല പരാജയം കൂടി പറയാനുണ്ട് തെലുങ്കിന്.അതില്‍ ഏറ്റവും ശ്രദ്ധേയംത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വഹിച്ച് മഹേഷ് ബാബു നായകനായെത്തിയ ഗുണ്ടൂര്‍ കാരത്തിന്റെ പരാജയമായിരുന്നു.200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. എന്നാല്‍ ആഗോളതലത്തില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ ചിത്രത്തിനായില്ല. ഏകദേശം 180 കോടി മാത്രമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് തിരിച്ചു പിടിക്കാനായത്. ശ്രീലീല, മീനാക്ഷി ചൗധരി, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.ഹരിക ആന്‍ഡ് ഹാസിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് രാധാകൃഷ്ണയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

24 ന്റെ അവസാനത്തിലാണ് ക്ലൈമാക്സ് കളറാക്കാന്‍ പുഷ്പയെത്തിയത്.സിനിമയിലെ തന്നെ ഡയലോഗ് പോലെ ബോക്സോഫീസില്‍ ചിത്രം വൈല്‍ഡ് ഫയറാകുമെന്നു തന്നെയാണ് ചിത്രത്തിന്റെ ആദ്യ ദിനങ്ങള്‍ സൂചിപ്പിക്കുന്നത്.

രണ്ട് വര്‍ഷത്തെ അത്ഭുതം തുടരനായില്ല.. കന്നട സിനിമയുടെ പ്രതീക്ഷ ഇനി 25 ല്‍

ഷെട്ടി കൂട്ടുകെട്ടിന്റെ വരവോടെയാണ് കന്നട സിനിമാ മേഖല ഇന്ത്യന്‍ ബോക്സോഫീസില്‍ അടയാളപ്പെടുത്തി തുടങ്ങിയത്.ലോ ബജറ്റ് ചിത്രങ്ങളിലെ ഉ്ള്ളടക്കത്തിന്റെ മേന്മകൊണ്ട് ഷെട്ടി ടീം കന്നട സിനിമയിലേക്ക് ഇതരഭാഷ സിനിമാ പ്രേമികളെ ആകര്‍ഷിച്ചു.പിന്നാലെയാണ് കന്നട സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നും കെജിഎഫ്,കാന്താര,ചാര്‍ളി777 പോലെയുള്ള ഗംഭീര സിനിമകള്‍ ഇറങ്ങുന്നത്.2022ല്‍ ഇറങ്ങിയ ഈ സിനിമയ്ക്ക് സപ്ത സാഗര ദച്ചോ യല്ലു,കബ്സ തുടങ്ങി നിരവധി ഹിറ്റുകളിലൂടെ 23 ലും തുടര്‍ച്ചകളുണ്ടാകുന്നത്.

എന്നാല്‍ ഈ വിജയം 24 ല്‍ കന്നട ഇന്‍ഡസ്ട്രിക്ക് തുടരാനായില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.9 ചിത്രങ്ങള്‍ മാത്രമാണ് കാര്യമായ സാമ്പത്തിക വിജയം പോലും ഉണ്ടാക്കിയത്.അപ്പോഴും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ കന്നട സിനിമ പഴി കേട്ടു.പ്ക്ഷെ ഈ ഒന്‍പത് ചിത്രങ്ങളില്‍ ഒന്നു പോലും 100 കോടിക്കടുത്ത് എത്തിയിട്ടില്ല.അതിനാല്‍ തന്നെ സമീപകാല കന്നട സിനിമകളെ അപേക്ഷിച്ച് ആ ഇന്‍ഡസ്ട്രിക്ക് മോശം വര്‍ഷമായിരുന്നു 24.


 



കാന്താര ചാപ്്റ്റര്‍ 2 , സലാര്‍ പാര്‍ട്ട് 2 തുടങ്ങിയ ബിഗ്ബജറ്റുകള്‍ വരാനിരിക്കുന്നത് 25 ല്‍ കന്നട സിനിമ മേഖലയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നുണ്ട്. വിവിധ ഭാഷകളിലായി നിരവധി ബിഗ്ബജറ്റുകളും മികച്ച ചിത്രങ്ങള്‍ പ്രഖ്യാപിച്ചുട്ടള്ളതിനാല്‍ തന്നെ 2025 ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ മികച്ച വര്‍ഷമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികളും നിരൂപകരും.

Tags:    

Similar News