ഐശ്വര്യയും ധനുഷും പിരിഞ്ഞത് നവംബറില്‍; തമിഴിനൊപ്പം ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ചര്‍ച്ചയായി ജയംരവി വിവാഹമോചനവും ധനുഷ് -നയന്‍താര പോരും; ക്ലൈമാക്സിലെ ട്വിസ്റ്റുപോലെ 29 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് എ ആര്‍ റഹ്‌മാനും; സിനിമയെക്കാളുപരി താരജീവിതം ചര്‍ച്ചയായ 2024 ലെ കോളിവുഡ്
താരജീവിതം ചര്‍ച്ചയായ 2024 ലെ കോളിവുഡ്
തിരുവനന്തപുരം: ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഒരു സിനിമ പോലെ തന്നെയായിരുന്നു ഈ വര്‍ഷത്തെ തമിഴ് സിനിമാ ലോകത്തിന്റെ കാര്യവും.ഒരുപക്ഷെ സിനിമയെക്കാള്‍ ഏറെ തമിഴ് സിനിമയ്ക്ക് ഇത്തവണ വാര്‍ത്താപ്രാധാന്യം ഉണ്ടാക്കികൊടുത്തത് താരങ്ങളുടെ വ്യക്തിജീവിതം കൂടിയായിരുന്നു.അതൊക്കെ തന്നെയും ഒരു വ്യക്തിയെ സംബന്ധിച്ച് വ്യക്തിപരമായ കാര്യമാണെങ്കിലും സിനിമാ താരങ്ങളുടെ കാര്യത്തില്‍ അത്തരം സ്വകാര്യതകള്‍ക്കുള്ള അവസരങ്ങള്‍ കുറവാണ്.അതിനാല്‍ തന്നെയാണ് ഇത്തപണ സിനിമയെക്കാള്‍ ഏറെ തമിഴ് സിനിമാ താരങ്ങളുടെ വ്യക്തിപരമായ ജീവിതം ഇതര ഭാഷകളില്‍ ഉള്‍പ്പടെ ചര്‍ച്ചയായത്.
ധനുഷാണ് ഇത്തവണ ഇത്തരം രീതിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരം.ജയം രവിയുടെ വിവാഹമോചന വാര്‍ത്തയോടെയാണ് ഇത്തരം സംഭവങ്ങളുടെ തുടക്കം.ആ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ധനുഷും ശിവകാര്‍ത്തികേയനും തമ്മിലുള്ള പ്രശ്നം ചര്‍ച്ചയായി.പിന്നാലെയാണ് ധനുഷിന്റെ തന്നെ വിവാഹമോചന കോടതി ഉത്തരവാകുന്നത്.തുടര്‍ന്നാണ് ഏറ്റവും അധികം ചര്‍ച്ചയ്ക്ക് വിഷയമായ ധനുഷ് നയന്‍താര വിഷയം ഉടലെടുക്കുന്നത്.വര്‍ഷാന്ത്യത്തില്‍ ഏവരെയും ഞെട്ടിച്ച് എ ആര്‍ റഹമാനും ഭാര്യയും വേര്‍പിരിഞ്ഞു.ഇത്തരത്തില്‍ തമിഴ് സിനിമാ ലോകത്ത് ഇന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് തന്നെ ചര്‍ച്ചയ്ക്ക് വിഷയമായ കാര്യങ്ങള്‍ നിരവധിയാണ്.
ആരാധകരെപ്പോലും ഞെട്ടിച്ച ജയംരവി - ആരതി വിവാഹമോചനം
തമിഴ് സിനിമാ ലോകത്തെ ഇത്തവണ ആദ്യം ഞെട്ടിച്ചത് ജയംരവി - ആരതി വിവാഹമോചന വെളിപ്പെടുത്തല്‍ ആയിരുന്നു.പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഭാര്യ ആര്‍തിയില്‍ നിന്ന് വിവാഹമോചനം തേടുകയാണെന്ന് ജയം രവി സമൂഹ മാധ്യമത്തിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.എന്നാല്‍ തന്നോട് ചര്‍ച്ച ചെയ്യാതെയാണ് രവി അത്തരമൊരു പ്രഖ്യാപനത്തിലേക്ക് നീങ്ങിയതെന്നും കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും താന്‍ ചര്‍ച്ചക്ക് തയ്യാറായിരുന്നു എന്നും ആര്‍തി പിന്നാലെ വെളിപ്പെടുത്തിയിരുന്നു.കുട്ടികള്‍ക്ക് വേണ്ടി താന്‍ മൗനം പാലിച്ചതാണെന്നും സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ വിദ്വേഷപരമായ വാര്‍ത്തകള്‍ നിറയുന്നതുകൊണ്ടാണ് ഇപ്പൊള്‍ മൗനം വെടിയുന്നതെന്നും ആര്‍തി തുറന്നു പറഞ്ഞു.
പക്ഷെ അപ്പോഴും വിവാഹമോചനത്തിന്റെ കാര്യം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല.സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ചകള്‍ പലതരത്തില്‍ വഴിമാറിയപ്പോള്‍ തമിഴിലെ ഒരു യുട്യൂബര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ രവി മൗനം വെടിഞ്ഞു.ആ തുറന്ന് പറച്ചിലാണ് സംഭവത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയത്.താന്‍ സമ്പാദിക്കുന്നതില്‍ നിന്ന് ഒരു രൂപപോലും സ്വന്തം ഇഷ്ടത്തിന് ചെലവഴിക്കാന്‍ തനിക്ക് അനുവാദമില്ലെന്നും അത് പോലും നിയന്ത്രിക്കുന്നത് ഭാര്യയാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.ഒപ്പം തന്റെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത് ഭാര്യയുടെ അമ്മയാണെന്നും അദ്ദേഹം വ്യക്തമാക്കി.ജയം രവിയുടെ പുതിയ ചിത്രം ബ്രദറിന്റെ ഓഡിയോ ലോഞ്ചിലേക്ക് വരെ ഈ വ്യക്തിപരമായ കാര്യം എത്തി.
അന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത് തന്റെ ദാമ്പത്യപ്രശ്നത്തെക്കുറിച്ച് തന്നെയായിരുന്നു.
വിവാഹമോചനത്തിന് തയാറല്ലെങ്കില്‍ താന്‍ അയച്ച വക്കീല്‍ നോട്ടീസുകളോട് ആര്‍തി പ്രതികരിക്കാത്തതെന്തെന്നായിരുന്നു ജയം രവി അന്ന് ചോദിച്ചത്.തനിക്ക് വിവാഹമോചനം വേണമായിരുന്നു.പക്ഷേ ആര്‍തി പറയുന്നതുപോലെ ഒരു അനുരഞ്ജനം നടത്താന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ തന്നെ സമീപിക്കാതിരുന്നതെന്നും ജയം രവി ചോദിക്കുന്നു.''എനിക്ക് ആര്‍തിയില്‍ നിന്ന് വിവാഹമോചനം വേണമെന്നായിരുന്നു ആഗ്രഹം. ആരതി പറയുന്നതുപോലെ അനുരഞ്ജനം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് അവള്‍ എന്നെ സമീപിക്കാത്തത്? എന്തുകൊണ്ടാണ് ഞാന്‍ അയച്ച രണ്ട് വക്കീല്‍ നോട്ടീസുകളോടും അവള്‍ പ്രതികരിക്കാത്തത്? അനുരഞ്ജനമാണ് ഉദ്ദേശമെങ്കില്‍ 'കാമുകി'യെ കുറിച്ച് വാര്‍ത്തകള്‍ ഉണ്ടാകുമോ? ഗായിക കെനിഷ ഫ്രാന്‍സിസുമായി ഞാന്‍ ഡേറ്റിങ് നടത്തുന്നെന്ന കിംവദന്തികള്‍ ആരംഭിച്ചത് എങ്ങനെയാണ് എന്നൊക്കെ അദ്ദേഹം ചോദിക്കുന്നു.
എന്തിന് ആരെങ്കിലും മൂന്നാമതൊരാളെ അനാവശ്യമായി ഈ വിഷയത്തിലേക്ക് വലിച്ചിഴക്കണം?കെനിഷയുമായി ചേര്‍ന്ന് ഒരു ആത്മീയ രോഗശാന്തി കേന്ദ്രം ആരംഭിക്കാന്‍ ഞാന്‍ പദ്ധതിയിടുന്നു.ഞങ്ങള്‍ അനുയോജ്യമായ സ്ഥലത്തിനായി തിരയുകയാണ്.എന്റെ വിവാഹമോചനത്തിന് ഇതുമായി ഒരു ബന്ധവുമില്ല.ഈ വാര്‍ത്ത എന്റെ ഇമേജിനെ മോശമായി ബാധിക്കുന്നുണ്ട്.എന്റെ കുടുംബത്തിലെ മറ്റുള്ളവരെയും ഈ ആരോപണങ്ങള്‍ ബാധിക്കുന്നുണ്ട്. ഇതൊക്കെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.എന്റെ മക്കളായ ആരവ്, അയാന്‍ എന്നിവരുടെ സംരക്ഷണം വേണം.10 വര്‍ഷമോ 20 വര്‍ഷമോ അല്ലെങ്കില്‍ എത്ര സമയമെടുത്താലും ഇതിനായി കോടതിയില്‍ പോരാടാന്‍ ഞാന്‍ തയാറാണ്.
എന്റെ ഭാവി എന്റെ കുട്ടികളാണ്, അവരാണ് എന്റെ സന്തോഷം.എന്റെ മകന്‍ ആരവിനൊപ്പം ഒരു സിനിമ നിര്‍മിക്കാനും ശരിയായ സമയത്ത് അവനെ സിനിമയിലേക്ക് കൊണ്ടുവരാനും ഞാന്‍ ആഗ്രഹിക്കുന്നു.അതാണ് ഞാന്‍ കണ്ട സ്വപ്നം.ആറ് വര്‍ഷം മുമ്പ് ടിക് ടിക് ടിക്കില്‍ അവനോടൊപ്പം അഭിനയിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു.ഞാന്‍ വീണ്ടും അത്തരമൊരു ദിവസത്തിനായി കാത്തിരിക്കുകയാണെന്നുമാണ് രവി പറഞ്ഞത്.നിലവില്‍ ഇപ്പോള്‍ കേസ് കോടതിയുടെ മധ്യസ്ഥതയിലാണ്.ഇരുവരും തമ്മില്‍ പിരിയുമെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അഭ്യൂഹങ്ങളുണ്ടായിരുന്നു ഔദ്യോഗികമായി ആരും തന്നെ പ്രതികരിച്ചിരുന്നില്ല. ജയം രവിയോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.
എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ 20-ന് ജയം രവിയുടെ കരിയറിലെ പ്രധാന സിനിമയായ ജയം റിലീസായി 21 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ആരതി പോസ്റ്റര്‍ പങ്കുവച്ചിരുന്നു.ഇതോടെ ഇരുവരും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ നിലച്ചിരുന്നു.പിന്നാലെയാണ് പെട്ടന്നുള്ള വിവാഹമോചന പ്രഖ്യാപനം ഉണ്ടായത്.
പതിനെട്ട് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഐശ്വര്യയും ധനുഷും
നടന്‍ ധനുഷും ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വിവാഹമോചിതരായത് ഈ വര്‍ഷമായിരുന്നു. ഒരുമിച്ച് ജീവിക്കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ ചെന്നൈയിലെ കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്.ഇവരുടെ വിവാഹമോചന നടപടികള്‍ക്ക് ഏകദേശം രണ്ടു വര്‍ഷത്തോളം പഴക്കമുണ്ട്.ഒരേ സമയം ഇരുവരും കോടതിയില്‍ എത്താത്തതിനാല്‍ കേസുകള്‍ നീണ്ടുപോവുകയായിരുന്നു.18 വര്‍ഷത്തെ ദാമ്പത്യത്തിനാണ് ഇതോടെ അവസാനമായത്.
2022 ലാണ് ധനുഷും സംവിധായിക കൂടിയായ ഐശ്വര്യയും സംയുക്ത പ്രസ്താവനയിലൂടെ വേര്‍പിരിയുന്നുവെന്ന കാര്യം അറിയിച്ചത്. നേരത്തെ മൂന്ന് തവണ കേസ് പരിഗണിച്ചിരുന്നുവെങ്കിലും ധനുഷും ഐശ്വര്യയും ഒരു ഹിയറിങ്ങുകള്‍ക്കും ഹാജരായിരുന്നില്ല. ഇതോടെ രജനികാന്ത് ഇടപ്പെട്ട് ഇരുവരെയും വിവാഹമോചനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.ഇത്തരം അഭ്യൂഹങ്ങള്‍ക്കാണ് വേര്‍പിരിയലോടെ അവസാനമായത്.ആറു മാസം നീണ്ട പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18നായിരുന്നു ധനുഷ് ഐശ്വര്യ വിവാഹം.വിവാഹിതനാകുമ്പോള്‍ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം.ചെന്നൈയില്‍ ആര്‍ഭാടത്തോടെയുള്ള റിസപ്ഷനും നടന്നിരുന്നു.യാത്ര, ലിംഗാ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇരുവര്‍ക്കും.
സൂപ്പര്‍സ്റ്റാര്‍ രജനിയുടെ മരുമകന്‍ എന്ന വിശേഷണത്തിനിടം കൊടുക്കാതെ സ്വയം പാത തെളിയിക്കാനാണ് ധനുഷ് അപ്പോഴും ശ്രമിച്ചത്. ഐശ്വര്യയും പിന്നീട് സിനിമയില്‍ സജീവമായി.ധനുഷിനെ നായകനാക്കി '3' എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ഐശ്വര്യ.
വേര്‍പിരിയുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു.ധനുഷിന്റെ പിതാവ് കസ്തൂരി രാജയടക്കം അവരുടെ തീരുമാനത്തെ തള്ളിപ്പറഞ്ഞു.ചെറിയ അഭിപ്രായ വ്യത്യാസങ്ങളേയുള്ളൂ.ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്നങ്ങളാണ്.പ്രത്യക്ഷത്തില്‍ വിവാഹമോചനമല്ല എന്നാണ് കസ്തൂരി രാജ അന്ന് പറഞ്ഞത്.
തങ്ങളുടെ ദാമ്പത്യത്തിലെ ഇഴയടുപ്പം കുറയുന്നതായുള്ള സൂചനകളൊന്നും ഇക്കാലത്തിനിടെ ഇരുവരും പ്രകടിപ്പിച്ചിരുന്നില്ല.അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഇവരും ചുറ്റമുള്ളവരും ശ്രദ്ധിച്ചു.അതുകൊണ്ടു തന്നെ ആരാധകര്‍ക്കിടയില്‍ ഇവരുടെ വിവാഹമോചന വാര്‍ത്ത സൃഷ്ടിച്ച ഞെട്ടല്‍ ചെറുതായിരുന്നില്ല.മാത്രമല്ല എന്നാല്‍, കുടുംബകോടതിയുടെ മൂന്നു ഹിയറിങ്ങുകള്‍ക്കും താരങ്ങള്‍ ഹാജരാകാതെ വന്നപ്പോള്‍ രജനികാന്ത് ഇടപെട്ട് ഇരുവരെയും വിവാഹമോചനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു.ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ സംയുക്തപ്രസ്താവനയായി വിവരം ആരാധകരെ അറിയിക്കുകയായിരുന്നു.
'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും പരസ്പരം സഹകരിച്ച് 18 വര്‍ഷത്തെ ഒരുമിച്ചുള്ള യാത്ര. വളര്‍ച്ചയുടെയും മനസ്സിലാക്കലിന്റെയും വിട്ടുവീഴ്ച കളുടേയും പൊരുത്തപ്പെടലിന്റെയും കൂടിയായിരുന്നു ആ യാത്ര. ഇന്ന് നമ്മള്‍ നമ്മുടെ വഴികള്‍ വേര്‍പെടുന്ന ഒരിടത്താണ് നില്‍ക്കുന്നത്. ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത നല്‍കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.' എന്നാണ് ഇരുവരും പ്രസ്താവനയിലൂടെ പറഞ്ഞത്.
ഇപ്പോള്‍ തമിഴിലെ വിലയേറിയ താരങ്ങളിലൊരാളാണ് ധനുഷ്.നടനായും സംവിധായകനായും ധനുഷ് മുന്നേറുകയാണ്.ഐശ്വര്യയും സംവിധാനവും നിര്‍മാണവുമൊക്കെയായി സിനിമാ രംഗത്ത് നിറഞ്ഞു നില്‍ക്കാനുള്ള ഒരുക്കത്തിലാണ്.രജനികാന്തിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ 'ലാല്‍ സലാം' ആണ് ഐശ്വര്യ സംവിധാനം ചെയ്ത അവസാന സിനിമ.ഇടലിക്കടൈ ആണ് ധനുഷിന്റെ സംവിധാനത്തില്‍ ഇനി ഇറങ്ങാനുള്ള സിനിമ.
നിയമവഴിയില്‍ ധനുഷ്; വിട്ടുകൊടുക്കാതെ നയന്‍താരയും
തമിഴ് സിനിമയ്ക്കൊപ്പം ഇന്ത്യന്‍ മാധ്യമങ്ങളില്‍ തന്നെ ഇടംപിടിച്ച മറ്റൊരു വിവാദമായിരുന്നു ധനുഷ് നയന്‍താര ഡോക്യൂമെന്ററി തര്‍ക്കം.ഇതിലും ഒരു താരം ധനുഷ് തന്നെയാണ്.നയന്‍താര - ധനുഷ് തര്‍ക്കം മുന്‍പൊരിക്കലും ആരാധകര്‍ കണ്ടിട്ടാല്ലാത്ത വിധം ഒരു താരയുദ്ധത്തിലേക്ക് പോയിക്കൊണ്ടിരിയ്ക്കുകയാണ്.ധനുഷ് നിയമത്തിലൂടെ മറുപടി നല്‍കുമ്പോള്‍, നയന്‍താര നിയമത്തിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രതികരിക്കുന്നു.
നിലവില്‍ ധനുഷ് - നയന്‍താര തര്‍ക്കം ഹൈക്കോടതിയിലെത്തിയിരിക്കുകയാണ്.നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വിഷയത്തില്‍ നയന്‍താരയ്‌ക്കെതിരെ ധനുഷാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.ബിയോണ്ട് ദി ഫെയറിടെയില്‍' എന്ന ഡോക്യുമെന്ററിക്കായി 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് എന്‍ഒസി നല്‍കാത്തതിനെക്കുറിച്ച് ധനുഷിനെതിരെ തുറന്ന കത്തുമായി നയന്‍താര രംഗത്തെത്തിയിരുന്നു.ഇതോടെയാണ് കോളിവുഡില്‍ ഇരുവരും തമ്മിലുള്ള വലിയ വിവാദത്തിന് തുടക്കമാകുന്നത്.ധനുഷ്അഭിഭാഷകന്‍ മുഖേന ഇതിനെതിരെ രംഗത്ത് വന്നെങ്കിലും പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സില്‍ ഡോക്യുമെന്ററി റിലീസ് ചെയ്തു.
ഇതിന് പിന്നാലെയാണ് ധനുഷ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ദൃശ്യം ചിത്രീകരിച്ചത് തന്റെ സ്വകാര്യ ഫോണിലാണെന്ന് നയന്‍താര വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് ധനുഷിന്റെ അഭിഭാഷകന്റെ മറുപടി ഇങ്ങനെയാണ്: 'എന്റെ കക്ഷി ഈ സിനിമയുടെ നിര്‍മ്മാതാവാണ്. ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. സിനിമയുടെ പിന്നാമ്പുറ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാന്‍ എന്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.'നയന്‍താരയെ നായികയാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാണം ധനുഷ് ആയിരുന്നു.ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാവുന്നത്.അതുകൊണ്ട് തന്നെ വിവാഹ ഡോക്യുമെന്ററിയില്‍ ആ സിനിമയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
നയന്‍താര തന്റെ വിവാഹവും ജീവിതവും ഡോക്യുമെന്ററി ആക്കുന്നതിന്റെ ഭാഗമായി നാനും റൗഡി താന്‍ സിനിമയിലെ ക്ലിപ്പിങ്‌സ് ചോദിച്ചപ്പോള്‍ ധനുഷ് അനുവാദം നല്‍കിയില്ല എന്ന് മാത്രമല്ല, തങ്ങളുടെ പേഴ്‌സണല്‍ ഡിവൈസുകളില്‍ പകര്‍ത്തിയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന്, നീക്കം ചെയ്തില്ലെങ്കില്‍ 10 കോടി നഷ്ടപരിഹാരം തരണമെന്നും പറഞ്ഞു.ഇക്കാര്യം ഒരു തുറന്ന കത്തിലൂടെ നയന്‍താര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.ഒരാഴ്ചയ്ക്ക് ശേഷം നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനും നെറ്റ്ഫ്‌ളിക്‌സിനും എതിരെ ധനുഷ് കോടതിയില്‍ പരാതി നല്‍കി.പേഴ്‌സണല്‍ ഡിവൈസില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതില്ല എന്ന് നയന്‍താരയുടെ അഭിഭാഷകനും വാദിച്ചു.
യാരടി നീ മോഹിനി എന്ന ചിത്രത്തിന് ശേഷം ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് ധനുഷും നയന്‍താരയും.പിന്നീട് ധനുഷ് നിര്‍മിച്ച ചിത്രത്തില്‍ കാശ് പോലും വാങ്ങാതെ ഒരു ഗാനരംഗത്ത് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.അതൊക്കെ അഭിമാനത്തോടെ അന്ന് തുറന്ന് പറഞ്ഞത് ധനുഷ് തന്നെയാണ്.എന്നാല്‍ എന്ന് ധനുഷ് നിര്‍മിച്ച ചിത്രത്തിലെ സംവിധായകനുമായി നായികയായിരുന്ന നയന്‍താര പ്രണയത്തിലായതോടെയാണ് ഇവര്‍ക്കിടയിലെ ശത്രുത വളര്‍ന്നതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. സംവിധായകന്റെയും നായികയുടെയും പ്രണയത്തിന്റെ പേരില്‍ നിര്‍മാതാവിന് പത്ത് കോടിയോളം രൂപ നഷ്ടപ്പെട്ടിരുന്നു.ഇതാണ് ശത്രുതയ്ക്ക് വഴിയൊരുക്കിയ കാരണം എന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.
വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ തന്നെ അതിനുശേഷം രണ്ടും പേരും പരസ്യപ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.
ധനുഷ് - ശിവകാര്‍ത്തികേയന്‍ വിവാദം
അമരന്‍ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ തമിഴ് മുന്‍നിര നടന്മാരുടെ ഇടയിലേക്ക് നടന്നു കയറിയിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍.200 കോടി ക്ലബ് പിന്നിട്ട ചിത്രത്തിലൂടെ തന്റെ സ്റ്റാര്‍ഡം ശിവകാര്‍ത്തികേയന്‍ ഉറപ്പിക്കുമ്പോള്‍ ചര്‍ച്ചയില്‍ നിറയുന്നത് ധനുഷുമായുള്ള പേര് പറയാതെയുള്ള കൊമ്പ് കോര്‍ക്കല്‍ തന്നെയാണ്.കൊട്ടുക്കാളി എന്ന ശിവകാര്‍ത്തികേയന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചുള്ള പ്രസംഗത്തില്‍ ശിവകാര്‍ത്തികേയന്‍ പേര് പറയാതെ വിമര്‍ശിച്ചത് ധനുഷിനെയാണെന്ന് ചര്‍ച്ചകളയുര്‍ന്നിരുന്നു.നയന്‍താര വിവാദം വന്നതോടെ ശിവകാര്‍ത്തികേയനും വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞു.ശിവകാര്‍ത്തികേയന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളും ചര്‍ച്ചയാകുകയായിരുന്നു.
ഞാന്‍ അവരുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് വീഡിയോയില്‍ ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കുന്നു. മാത്രവുമല്ല അവര്‍ പറയുന്നത് മാത്രം താന്‍ ചെയ്യും എന്ന് വിചാരിക്കുന്നുണ്ട്. അവര്‍ വിചാരിക്കുന്നത്ര വളര്‍ന്നാല്‍ മതിയെന്നാണ്. ഇതിലധികം പോകാന്‍ പാടില്ലെന്നൊക്കെ പറയുകയാണ് അവര്‍. അത് എങ്ങനെ നടുക്കും ഇക്കാലത്ത്. താനാണ് എന്നെ വളര്‍ത്തി വിട്ടതെന്നും പറയുന്നു അവര്‍. വെളിയിലും അവര്‍ പറഞ്ഞു ഇക്കാര്യം.ഞാന്‍ കേള്‍ക്കുന്നത് അവര്‍ എന്താണ് പറയുന്നത് എന്നത് മാത്രമാണെന്നും എല്ലാവരോടും ധരിപ്പിക്കുന്നു.ഞാന്‍ അവര്‍ പറയുന്നതേ എടുക്കൂ. അങ്ങനെയൊക്കെ എങ്ങനെയാണ് പറയാനാകുക എന്നും ചോദിക്കുന്നു ശിവകാര്‍ത്തികേയന്‍. ഞാന്‍ അവരോട് തര്‍ക്കത്തിന് ഇല്ല.ഞാന്‍ എന്റെ ജോലി ചെയ്യുമെന്നും ശിവകാര്‍ത്തികേയന്‍ പറയുന്നു.
ഇതിനുപുറമെയാണ് ശിവകാര്‍ത്തികേയന്‍ നിര്‍മിച്ച കൊട്ടുക്കാളി എന്ന സിനിമയുടെ പ്രഖ്യാപനത്തിനിടയെും പരോക്ഷമായി നടന്‍ ധനുഷിന് എതിരെ രംഗത്ത് എത്തിയത്.കൊട്ടുകാളി എന്ന ചിത്രത്തിലൂടെ താന്‍ ആര്‍ക്കും ജീവിതം നല്‍കുന്നില്ലെന്ന് ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കി.കരിയറോ അവര്‍ക്ക് ജീവിതമോ നല്‍കുന്നില്ല.ഒരാള്‍ പുതിയ ഒരാളെ വെച്ച് സിനിമ ചെയ്താല്‍ ജീവിതമുണ്ടാക്കാനായിയെന്ന് കരുതേണ്ടതില്ല എന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.ആരുടെയും പേര് പരാമര്‍ശിക്കാതെ ആയിരുന്നു താരത്തിന്റെ വാക്കുകള്‍. എന്നാല്‍ ധനുഷിന് എതിരെ ആണെന്ന് താരത്തിന്റെ ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. ടെലിവിഷനിലൂടെ കലാ രംഗത്ത് എത്തിയ താരമാണ് ശിവകാര്‍ത്തികേയന്‍. ധനുഷിന്റെ ഹിറ്റായ 3ലൂടെ ആയിരുന്നു സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് ശിവകാര്‍ത്തികേയനെ തന്നെ നായകനാക്കി ധനുഷ് 'എതിര്‍ നീചാല്‍' നിര്‍മിക്കുകയും ചെയ്തു.
നിലവില്‍ ശിവകാര്‍ത്തികേയനും ധനുഷും അകല്‍ച്ചയിലാണ് എന്ന തരത്തിലുള്ള വിവരങ്ങളാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ക്ലൈമാക്സ് ട്വിസ്റ്റ് പോലെ എ ആര്‍ റഹ്‌മാന്‍ സൈറബാനു വിവാഹമോചനം
എ ആര്‍ റഹ്‌മാന്‍ സൈറ ബാനു വിവാഹമോചനം ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സെലിബ്രിറ്റി വിവാഹമോചനങ്ങളില്‍ ഒന്നു കൂടിയാകുകയാണ്.ഇക്കഴിഞ്ഞ നവംബര്‍ അവസാന വാരമാണ് എആര്‍ റഹ്‌മാനും ഭാര്യയും 29 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായുള്ള വിവരം സൈറാ ബാനുവിന്റെ അഭിഭാഷക വന്ദന ഷാ മുഖേന വെളിപ്പെടുത്തിയത്.റഹ്‌മാന്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ 1995-ലാണ് സൈറയെ വിവാഹം കഴിച്ചത്. അമ്മയാണ് വധുവിനെ കണ്ടെത്തിയതെന്ന് റഹ്‌മാന്‍ നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.വിവാദങ്ങളില്‍നിന്നെല്ലാം അകന്നുനില്‍ക്കുകയായിരുന്ന ദമ്പതിമാര്‍ക്ക് ഖദീജയേയും അമീനിനേയും കൂടാതെ റഹീമ എന്നൊരു മകള്‍ കൂടിയുണ്ട്.സംഗീത സംവിധായികയും ഗായികയുമായ ഖദീജ രണ്ടുവര്‍ഷം മുന്‍പാണ് വിവാഹിതയായത്.
അഭിഭാഷകയുടെ വെളിപ്പെടുത്തിലിന് പിന്നാലെ വാര്‍ത്ത സ്ഥീരീകരിച്ച് എ ആര്‍ റഹ്‌മാനും രംഗത്തുവന്നു.പരസ്പരം ഇഷ്ടപ്പെടുകയും മാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരുമിച്ചു തുടരാന്‍ പറ്റാത്ത രീതിയിലുള്ള വിടവ് ഇരുവരുടെയുംബന്ധത്തില്‍ രൂപപ്പെട്ടെന്നും അതാണ് ഈ തീരുമാനത്തിലേക്കു നയിച്ചതെന്നുമാണ് വിവാഹമോചനക്കാര്യം പുറത്തുവിട്ട് അഭിഭാഷക വന്ദനാഷാ പ്രസ്താവനയില്‍ അറിയിച്ചത്.വിഷമകരമായ ഈ സാഹചര്യത്തില്‍ ഇരുവരുടെയും സ്വകാര്യത മാനിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ത്ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു', എന്നായിരുന്നു റഹ്‌മാന്റെ കുറിപ്പ്.
തൊട്ടുപിന്നാലെ റഹ്‌മാന്‍ ബാന്‍ഡിലെ ഗിറ്റാറിസ്റ്റ് വിവാഹമോചിതയായതോടെ അതും ചേര്‍ത്തും ഗോസിപ്പുകള്‍ ഉണ്ടായി.എന്നാല്‍ ഗിറ്റാറിസ്റ്റ് പ്രതികരണവുമായി രംഗത്ത് വന്നതോടെ ആ വിവാദം കെട്ടടങ്ങി.പിന്നാലെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന മറ്റൊരു ചര്‍ച്ചയാണ് എ ആര്‍ റഹ്‌മാന്‍ സംഗീതത്തില്‍ നിന്നും ഇടവേളയെടുക്കുന്നുവെന്നത്.എന്നാല്‍ റഹ്‌മാന്റെ മക്കള്‍ ഈ വാദത്തെയും തള്ളി രംഗത്ത് വന്നു.സൈറ ഭാനുവുമായുള്ള വേര്‍പിരിയല്‍ തന്ന ആഘാതത്തില്‍ നിന്ന് കരകയറും വരെ ഇടവേള അനിവാര്യമാണെന്നും അതിനാല്‍ റഹ്‌മാന്‍ ഒരു വര്‍ഷം മാറി നില്‍ക്കുകയാണെന്നുമുളള തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
വിവാഹമോചനം റഹ്‌മാനെ തളര്‍ത്തിക്കളഞ്ഞെന്നും ഒരു വിശ്രമത്തിനായി കരിയര്‍ ബ്രേക്ക് എടുക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വാര്‍ത്തകള്‍ സത്യമെന്ന വിധം പ്രചരിച്ചതോടെയാണ് സംഭവത്തില്‍ വ്യക്തത നല്‍കാന്‍ വിശദീകരണവുമായി മക്കള്‍ രംഗത്തെത്തിയത്.അതൊക്കെ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇരുവരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. റഹ്‌മാന്‍ പാട്ടില്‍ നിന്നും വിട്ടു നില്‍ക്കുന്നുവെന്ന തരത്തില്‍ പ്രചരിച്ച ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ടാണ് അമീന്റെ പ്രതികരണം. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഖദീജയും അഭ്യര്‍ഥിച്ചു.
ഇത്തരത്തില്‍ സിനിമ വിശേഷങ്ങളെക്കാള്‍ സിനിമാ താരങ്ങളുടെ വ്യക്തിജീവിതം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയെ തന്നെ പിടിച്ചുകുലുക്കിയ വര്‍ഷമാണ് 2024.