'ജീവിതത്തിൽ ലഭിച്ച ദൈവത്തിൻ്റെ സമ്മാനം, നീ കൂട്ടുകാരിയും പാട്ടുകാരിയും ആത്മീയ പങ്കാളിയും'; രവി മോഹനന്റെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് കെനീഷ
ചെന്നൈ: ഗായിക കെനീഷ തൻ്റെ ജീവിതത്തിൽ ലഭിച്ച ദൈവത്തിൻ്റെ സമ്മാനമാണെന്നും, ജീവിതം തിരികെ നൽകിയത് അവളാണെന്നും നടൻ രവി മോഹൻ. ചെന്നൈ ട്രേഡ് സെൻ്ററിൽ രവി മോഹൻ സ്റ്റുഡിയോസിൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെനീഷ തൻ്റെ കൂട്ടുകാരിയും പാട്ടുകാരിയും ആത്മീയ പങ്കാളിയുമാണെന്നും രവി മോഹൻ കൂട്ടിച്ചേർത്തു. നിറഞ്ഞ കണ്ണുകളോടെയാണ് കെനീഷ രവി മോഹൻ്റെ വാക്കുകൾ കേട്ടിരുന്നത്.
തൻ്റെ പങ്കാളി കൂടിയായ കെനീഷയാണ് ജീവിതത്തിൽ സ്വയം തിരിച്ചറിയാൻ തന്നെ സഹായിച്ചതെന്നും, എല്ലാവർക്കും തങ്ങളുടെ ജീവിതത്തിൽ ഒരു കെനീഷയെ ലഭിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. സമീപകാലത്തുണ്ടായ മോശം പ്രചാരണങ്ങൾ തന്നെ തളർത്തിയിട്ടില്ലെന്നും ആരാധകരാണ് തൻ്റെ സമ്പാദ്യമെന്നും രവി മോഹൻ പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി രവി മോഹനും കെനീഷയും തിരുപ്പതി ദർശനം നടത്തിയിരുന്നു. ഇരുവരും ചടങ്ങിലേക്ക് എത്തിയത് വെള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു. കാർത്തി, ശിവരാജ്കുമാർ, ശിവ കാർത്തികേയൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
2009 ൽ ആരതിയെ വിവാഹം കഴിച്ച രവി മോഹൻ കഴിഞ്ഞ സെപ്റ്റംബറിലാണ് ബന്ധം വേർപെടുത്തിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ഗായിക കെനീഷയുമായി അടുപ്പത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്. തൻ്റെ വിവാഹബന്ധം തകരാൻ കാരണം കെനീഷയാണെന്ന് ആരതി ആരോപിച്ചിരുന്നെങ്കിലും കെനീഷ ഇത് നിഷേധിച്ചിരുന്നു. ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ച കെനീഷ, രവിയിൽ താൻ ദൈവത്തെയാണ് കാണുന്നതെന്നും, എത്ര ദുഃഖമുണ്ടെങ്കിലും പുറമേക്ക് കാണിക്കാതെ മറ്റുള്ളവരിലേക്ക് പ്രകാശം വിതറാനുള്ള അദ്ദേഹത്തിൻ്റെ കഴിവാണ് ഏറ്റവും വലിയ സൂപ്പർ പവർ എന്നും പറഞ്ഞു.