ട്രാഫിക് സിഗ്നലിൽ എസ്‌യുവി ഇടിച്ച് കയറ്റി; നാല് വാഹനങ്ങൾ തകർന്നു; മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കന്നഡ നടൻ മയൂർ പട്ടേലിനെതിരെ കേസ്

Update: 2026-01-29 13:54 GMT

ബെംഗളൂരു: ബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെത്തുടർന്ന് കന്നഡ നടനും സംവിധായകനുമായ മയൂർ പട്ടേലിനെതിരെ കേസെടുത്ത് പോലീസ്. രാത്രി പത്ത് മണിയോടെ പഴയ എയർപോർട്ട് റോഡിലെ കമാൻഡോ ഹോസ്പിറ്റൽ സിഗ്നലിന് സമീപമാണ് സംഭവം നടന്നത്. മയൂർ പട്ടേൽ ഓടിച്ചിരുന്ന ഫോർച്യൂണർ എസ്‌യുവി ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ രണ്ട് സ്വിഫ്റ്റ് ഡിസയർ കാറുകളും ഒരു സർക്കാർ വാഹനവും ഉൾപ്പെടെ നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. തിരക്കേറിയ ജംഗ്ഷനിൽ ഈ അപകടം വലിയ പരിഭ്രാന്തി പരത്തി. പോലീസ് എത്തുന്നതിന് മുൻപ് നടൻ മറ്റ് വാഹന ഉടമകളുമായി തർക്കത്തിലേർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്തുതന്നെ പോലീസ് നടത്തിയ പരിശോധനയിൽ നടൻ മദ്യപിച്ചിരുന്നതായി കണ്ടെത്തി.

തുടർന്ന് ഫോർച്യൂണർ എസ്‌യുവി പോലീസ് പിടിച്ചെടുക്കുകയും ഹാലസൂരു ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. 2000-ന്റെ തുടക്കം മുതൽ കന്നഡ സിനിമാ വ്യവസായത്തിന്റെ ഭാഗമാണ് മയൂർ പട്ടേൽ. 2003-ൽ 'മണി' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്. ചിത്രം സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ലവ് സ്റ്റോറി, ഗുണ്ണ, സ്ലം മുനിയ, രാജീവ, പെപ്പെ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

Tags:    

Similar News