'അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങൾക്ക് പെൺകുഞ്ഞ് പിറന്നു'; ഷംന കാസിമിന്റെ വീട്ടിൽ നിന്ന് സന്തോഷവാർത്ത; നടി വീണ്ടും അമ്മയായി; മൂത്തവന് ഇനി കൂട്ടായി അനിയത്തികുട്ടി
പ്രശസ്ത നടി ഷംന കാസിം വീണ്ടും അമ്മയായി. ശനിയാഴ്ച പുലർച്ചെയാണ് ഷംനയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. ഭർത്താവ് ഷാനിദ് ആസിഫ് അലി സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്.
ഷാനിദ് പങ്കുവെച്ച കുറിപ്പിൽ, അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ ഇന്ന് പുലർച്ചെ 4.25-നാണ് തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അംഗമെത്തിയതെന്ന് പറയുന്നു. കുഞ്ഞ് തങ്ങൾക്ക് ലഭിച്ച വലിയ അനുഗ്രഹവും, മൂത്ത മകൻ ഹംദാന് സ്നേഹനിധിയായ കുഞ്ഞനിയത്തിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. സങ്കീർണ്ണതകളൊന്നുമില്ലാതെ സുരക്ഷിതമായ പ്രസവത്തിന് അല്ലാഹുവിനും, മികച്ച പരിചരണം നൽകിയ ഡോ. സഫാ ഫാത്തിമയ്ക്കും ആസ്റ്റർ ഹോസ്പിറ്റലിലെ നഴ്‌സുമാർ ഉൾപ്പെടെയുള്ള മുഴുവൻ ടീമിനും ഷാനിദ് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.
ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭർത്താവ് ഷാനിദ് ആസിഫ് അലി. 2022-ൽ ദുബായിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. 2023 ഏപ്രിലിൽ അവർക്ക് ആദ്യത്തെ കുഞ്ഞ്, ഹംദാൻ ജനിച്ചു. കുടുംബത്തിന് ലഭിച്ച ഈ പുതിയ സന്തോഷം, ഷംന കാസിമിൻ്റെയും ഷാനിദ് ആസിഫ് അലിയുടെയും ജീവിതത്തിലെ മറ്റൊരു പ്രധാന നാഴികക്കല്ലായി മാറുകയാണ്.