പൊതുവേദിയിൽവെച്ച് ആ സൂപ്പർ താരം എന്നെ മോശമായി സ്പർശിച്ചു; എനിക്ക് നല്ല ദേഷ്യം വന്നു; അന്ന് ഞാൻ ഒരു തീരുമാനമെടുത്തു...; തുറന്നുപറഞ്ഞ് നടി അഞ്ജലി
ലഖ്‌നൗ: പ്രമുഖ ഭോജ്‌പുരി നടനും ഗായകനുമായ പവൻ സിംഗ് പൊതുവേദിയിൽ വെച്ച് തന്നെ മോശമായി സ്പർശിച്ചെന്നും ഇതിന്റെ പേരിൽ ഇനി ഭോജ്‌പുരി സിനിമാ രംഗത്ത് അഭിനയിക്കില്ലെന്നും നടി അഞ്ജലി രാഘവ് പ്രഖ്യാപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് ഹരിയാൻവി സംഗീത വീഡിയോകളിലൂടെ പ്രശസ്തയായ അഞ്ജലിയുടെ ഈ വെളിപ്പെടുത്തൽ.
അടുത്തിടെ പുറത്തിറങ്ങിയ 'സയാ സേവാ കരേ' എന്ന ഗാനത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ലഖ്‌നൗവിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം നടന്നത്. വേദിയിൽ സംസാരിക്കുന്നതിനിടെ പവൻ സിംഗ് തന്റെ അരയിലേക്ക് ചൂണ്ടി എന്തോ കുടുങ്ങിയതായി പറഞ്ഞുവെന്നും, ഇത് പിന്നീട് ശരിയാക്കാമെന്ന് കരുതി ചിരിച്ചുതള്ളിയെന്നും അഞ്ജലി വിശദീകരിച്ചു. എന്നാൽ പവൻ വീണ്ടും നിർബന്ധിച്ചപ്പോഴാണ് താൻ കാര്യങ്ങൾ ഗൗരവമായി എടുത്തതെന്നും, പിന്നീട് തന്റെ ടീം അംഗത്തോട് തിരക്കിയപ്പോൾ അവിടെ ഒന്നുമില്ലെന്ന് വ്യക്തമായെന്നും അവർ കൂട്ടിച്ചേർത്തു. ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തതായും, എന്നാൽ ആ നിമിഷം എന്തുചെയ്യണമെന്നറിയാതെ സ്തബ്ധയായിപ്പോയെന്നും നടി പറഞ്ഞു.
വീഡിയോ പുറത്തുവന്നതുമുതൽ താൻ മാനസികമായി അസ്വസ്ഥയാണെന്നും, വേദിയിൽ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ചോദിച്ച് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും അഞ്ജലി വ്യക്തമാക്കി. ചിലർ തന്നെ കുറ്റപ്പെടുത്തുന്നുണ്ടെന്നും, അനുവാദമില്ലാതെ പൊതുസ്ഥലത്ത് സ്പർശിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.