ആളുകൾക്ക് 'സുസുക്കി'യോട് ഭയങ്കര മോഹം; മറ്റൊരു നാഴിക കല്ല് കൂടി പിന്നിട്ട് മാരുതി; ഒറ്റ ദിവസം കൊണ്ട് റെക്കോർഡ് വിൽപ്പന; വാങ്ങാൻ തിക്കുംതിരക്കും
കേന്ദ്ര സർക്കാർ പുതിയ ജിഎസ്ടി നിരക്കുകൾ നടപ്പിലാക്കിയതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിക്ക് റെക്കോർഡ് വിൽപ്പന. നവരാത്രിയുടെ ആദ്യ ദിവസം, അതായത് സെപ്തംബർ 4-ന്, മാരുതി സുസുക്കി ഇന്ത്യയിലുടനീലം 30,000 കാറുകളാണ് വിറ്റഴിച്ചത്. ഇതിനുപുറമെ, കമ്പനിക്ക് 80,000 അന്വേഷണങ്ങളും ലഭിച്ചു.
പുതിയ നികുതി പരിഷ്കരണത്തിന്റെ ഭാഗമായി, ജിഎസ്ടി നിരക്കുകളിലെ ഇളവുകൾ ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ മാരുതി സുസുക്കി തങ്ങളുടെ വിവിധ മോഡലുകളുടെ വില കുറച്ചിരുന്നു. എൻട്രി ലെവൽ മോഡലായ ഓൾട്ടോ കെ10-ന്റെ വില 107,600 രൂപയോളം കുറച്ച് 369,900 രൂപയ്ക്ക് ലഭ്യമാക്കുന്നു. ടോൾ കാറായ ഗ്രാൻഡ് വിറ്റാരയുടെ വിലയിലും സമാനമായ കുറവ് വരുത്തിയിട്ടുണ്ട്.
സെപ്തംബർ 4 മുതലാണ് ചെറുകാറുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളുടെ ജിഎസ്ടി നിരക്കുകൾ സർക്കാർ കുറച്ചത്. 2017-ൽ ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്കരണമാണിത്. നിലവിലുണ്ടായിരുന്ന നാല് നികുതി സ്ലാബുകൾ (5%, 12%, 18%, 28%) എന്നത് രണ്ടായി (5%, 18%) ചുരുക്കി.
നാല് മീറ്ററിൽ താഴെ നീളമുള്ളതും, 1200 സിസിയിൽ താഴെ പെട്രോൾ എഞ്ചിനും 1500 സിസിയിൽ താഴെ ഡീസൽ എഞ്ചിനും ഉള്ള കാറുകൾക്ക് 18% ജിഎസ്ടി ബാധകമാകും. എന്നാൽ 4 മീറ്ററിൽ കൂടുതൽ നീളമുള്ളതും ഉയർന്ന എഞ്ചിൻ ശേഷിയുള്ളതുമായ വലിയ/ആഡംബര കാറുകൾക്ക് 40% ജിഎസ്ടി ആയിരിക്കും. ഇലക്ട്രിക് കാറുകൾക്ക് 5% ജിഎസ്ടി നിരക്ക് തുടരും. മാരുതി സുസുക്കിയുടെ ഭൂരിഭാഗം വിൽപ്പനയും ചെറുകാറുകളിൽ നിന്നായതിനാൽ ഈ നികുതി പരിഷ്കരണം കമ്പനിക്ക് വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.