12,400 കോടിയുടെ ബിസിനസ്് സാമ്രാജ്യം. ബുർജ് ഖലീഫയിൽ നൂറാമത്തെയും നൂറ്റിനാല്പതാമത്തെയും നിലകൾ സ്വന്തം. പുറമെ പാം ജുമൈറയിലും, ദുബൈയിലെ വേൾഡ് ട്രേഡ് സെന്ററിലും ഒക്കെ വസ്തുവകകൾ. ഏഴു റോൾസ് റോയ്‌സകാറുകൾ. ഒപ്പം, ഒരു മെയ്ബാക്കും, വിന്റേജ് മോറിസ് മൈനർ,ജെറ്റ്, വിന്റേജ് കാറുകളുടെ ശേഖരവും. മോദിയും അമിത്ഷായും, ബിൽഗേറ്റ്സും ബോളിവുഡ് നടന്മാരും അടങ്ങുന്ന ഒരു വലിയ സൗഹൃദ വലയം. എന്നിട്ടും ആ മനുഷ്യന്റെ വ്യവസായ സാമ്രാജ്യത്തിന്റെ തകർച്ച തടയാൻ ആക്കും കഴിഞ്ഞില്ല. കണ്ണടച്ച് തുറക്കുമ്പോളേക്കും വളർന്ന്, പിന്നീട് ചീട്ടുകൊട്ടാരംപോലെ തകരുന്ന അറബിക്കഥയിലെ നായകനെപ്പോലെയാണ്, ഭവഗുതു റാം ഷെട്ടി എന്ന ബി ആർ ഷെട്ടിയുടെ ജീവിതം.

ആർഭാടജീവിതത്തെ വാരിപ്പുണർന്ന ബില്യണയറാണ് ബി ആർ ഷെട്ടി. വേഗതയുടെയും സ്വതന്ത്ര്യത്തിന്റെയും ത്രസിപ്പിക്കലാണ് തന്നെ കാറുകളെ പ്രേമിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ഒരു ഇന്റർവ്യൂവിൽ ഷെട്ടി പറഞ്ഞിരുന്നു. ഉന്നത രാഷ്ട്രീയസിനിമ ബന്ധങ്ങളും അദ്ദേഹത്തിന്റെ സ്വാധീനത്തിന്റെ ആഴപ്പരപ്പ് വിളിച്ചോതുന്നു. ആയിരം കോടി രൂപ മുടക്കി എം ടിയുടെ 'രണ്ടാമുഴം' സിനിമയാക്കാൻ വന്ന ഷെട്ടിയെ മലയാളികൾക്കും മറക്കാൻ കഴിയില്ല. ഉഡുപ്പിക്കാരുടെ കൺകണ്ട ദൈവമാണ് ഷെട്ടി ഇപ്പോഴും. സ്വന്തമായി കുടിവെള്ള പദ്ധതിവരെ അദ്ദേഹം നാടിനായി നടപ്പാക്കി. ഒരിക്കൽ ജെറ്റ് വിമാനത്തിൽ പറന്ന് തന്റെ സുഹൃത്ത് ബിൽഗേറ്റ്സിന്റെ കൂടെ ഭക്ഷണം കഴിച്ച് ഉച്ചക്ക് ഇന്ത്യയിൽ തിരിച്ചെത്തിയും ഷെട്ടി ഞെട്ടിച്ചിരുന്നു!

ഇപ്പോൾ ബിസിനസുകൾ മകനെ എൽപ്പിച്ച് വിശ്രമജീവിതം നയിക്കുന്ന ഷെട്ടി തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സമയത്തിലൂടെയാണ് കടന്നുപോവുന്നത്. ഇപ്പോൾ യുഎഇയിലെ ഒരു കോടതിവിധികുടി ഷെട്ടിക്ക് എതിരായിരിക്കയാണ്. 500കോടിയുടെ ചെക്ക്കേസിൽ ഈ 80കാരനെതിരെ വിധിവന്നിരിക്കയാണ്. ഇതോടെ മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ഗതിയാണോ, ഷെട്ടിക്കും വന്നുചേരുക എന്ന് ആശങ്കയുണ്ട്.

ഖാദിയിൽ നിന്ന് കാവിയിലേക്ക്

1942 ഓഗസ്റ്റ് 1-ന് കർണ്ണാടക ഉഡുപ്പിയിലെ ബാവഗുത്തു ഹൗസ് എന്ന തറവാട്ടിൽ ശംഭു ഷെട്ടിയുടെയും ഭാര്യ കൂസമ്മ ഷെട്ടിയുടെയും മകനായി തുളു സംസാരിക്കുന്ന ബണ്ട് കുടുംബത്തിലാണ് ഷെട്ടി ജനിച്ചത്. കന്നഡ മീഡിയം സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം മണിപ്പാലിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി.

സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു അച്ഛൻ ശംഭു ഷെട്ടിയുടെ, ഖാദിയുടെ വഴി പക്ഷേ മകന് സ്വീകാര്യമല്ലായിരുന്നു. ബിജെപിയുടെ പഴയരൂപമായ ജനസംഘത്തിന്റെ പാതയാണ് മകൻ സ്വീകരിച്ചത്. അന്ന് ജനസംഘത്തിന് കർണ്ണാടകയിൽ വേരുകളില്ല. പക്ഷേ ഇതൊന്നും ആ യുവാവിനെ ബാധിച്ചില്ല. അവൻ ഊർജസ്വലമായി പ്രവർത്തനം തുടങ്ങി. കുറച്ചുനാളുകൊണ്ട് കർണാടകത്തിലെ തന്റെ തീരദേശ നഗരമായ ഉഡുപ്പിയിൽ ജനസംഘത്തിനു വേരോട്ടം ഉണ്ടാക്കി. അറുപതുകളുടെ ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം ഉഡുപ്പി മുനിസിപ്പൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പിൽ ഷെട്ടി മുനിസിപ്പൽ കൗൺസിൽ ഉപാധ്യക്ഷൻ ആയി. ഈ പ്രാവശ്യം അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനു എത്തിയത് സാക്ഷാൽ അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു. അന്ന് വാജ്‌പേയിയെ കൃഷ്ണ നഗരി മുഴുവൻ കാണിച്ചു കൊടുത്തത് ഷെട്ടിയായിരുന്നു.

ഷെട്ടിയുടെ ആത്മകഥയായി കന്നട സാഹിത്യകാരൻ സുരേന്ദ്ര എഴുതിയ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു. '' ജനസേവനംമൂലം ഷെട്ടിയുടെ കീശ കാലിയായി നാളുകൾ ആയിരുന്നത് അത്. പൂണെ കമ്പനിയുടെ മരുന്ന് വിതരണക്കാരനായിരുന്നങ്കിലും ജനസേവനം കഴിഞ്ഞു മറ്റൊന്നിനും സമയമില്ലാത്തതിനാൽ ബിസിനസ്സും ഒരുവഴിക്കായി. അങ്ങനെ ആകെ കൈയൊഴിഞ്ഞിരിക്കുമ്പോഴാണ് ഒരു സഹോദരിയുടെ കല്യാണം വരുന്നത്. കല്യാണത്തിന് പണം സംഘടിപ്പിച്ചേ മതിയാകു. അങ്ങനെ അദ്ദേഹം സിൻഡിക്കറ്റ് ബാങ്കിൽനിന്ന് ഒരു വായ്പ സംഘടിപ്പിച്ചു. പിന്നീട് ബാങ്കിന്റെ ചെയർമാൻ പദവിയിലെത്തിയ കെ.കെ.പൈയും അതിന് ഷെട്ടിയെ സഹായിച്ചു. പെങ്ങളുടെ കല്യാണം കഴിഞ്ഞപ്പോൾ പ്രതിസദ്ധി വലുതായി. വായ്പ അടയ്ക്കാൻ മാർഗമൊന്നുമില്ല. പലിശയും പിഴപ്പലിശയുമായി വായ്പ വളരാൻ തുടങ്ങി. അപ്പനപ്പൂപ്പന്മാർ പാടുപെട്ട് ഉണ്ടാക്കിയെടുത്ത കുടുംബത്തിന്റെ സൽപ്പേരിന് താന്മൂലം കരി പുരളുമെന്ന് ഉറപ്പായി. പിന്നെ ഒന്നും ആലോചിച്ചില്ല. പൊതുജീവിതത്തിനു പൂർണവിരാമമിട്ടു. ഷെട്ടി ദുബൈക്ക് യാത്രയായി'.

500 രൂപയുമായി ദൂബൈയിലേക്ക്

അതായത് നമ്മുടെ നാട്ടിൽ സാധാരണ മലയാളികൾ ചെയ്യാറുള്ളതുപോലെ തന്നെ ഗതിയും ഗത്യന്തരമില്ലാതെ പ്രവാസിയായി മാറിയതാണ് ഷെട്ടി. കീശയിൽ 500 രൂപയും കൈയിൽ അത്യാവശം വേണ്ട വസ്ത്രങ്ങൾ അടങ്ങിയ ഒരു ചെറു ബാഗുമായി ആരുമാറിയാതൊണ് ഷെട്ടി നാടുവിട്ടത്. അങ്ങനെ 1973- ൽ മുപ്പത്തൊന്നാം വയസിൽ ഷെട്ടി അബുദാബിയിൽ ഭാഗ്യം തേടിയെത്തി. വിമാത്താവളത്തിനു പുറത്തിറങ്ങി അൽപം കഴിഞ്ഞപ്പോൾ കയ്യിലിരുന്ന ബാഗ് കാണാനില്ല. പക്ഷേ,കീശയിൽ 500 രൂപ അടങ്ങിയ പേഴ്സും ക്ലിനിക്കൽ ഫർമസി പാസ്സായി എന്ന് സാക്ഷ്യപ്പെടുത്തുന്ന കടലാസും സുരക്ഷിതമായുണ്ട്. അതുവച്ചാണ് ആയാൾ ഈ സാമ്രാജ്യം ഉണ്ടാക്കിയത്.

അധികം കഴിയാതെ മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലികിട്ടി. സ്റ്റോക്കിസ്റ്റു കൊടുക്കുന്ന മരുന്നും സൗന്ദര്യവർദ്ധക സാധനങ്ങളും വീടുകളും, കടകളും കയറി ഇറങ്ങി വിൽക്കലായിരുന്നു പണി. മരുഭൂമിയിലെ പൊള്ളുന്ന ചൂടിൽ, വീടുകളിൽനിന്ന് വീടുകളിലേക്കും കടകളിൽനിന്ന് കടകളിലേക്കും തെരുവുകളിൽ നിന്ന് തെരുവുകളിലേക്കും നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും അലഞ്ഞു അയാൾ മരുന്നുകൾ വിറ്റു.

പണികഴിഞ്ഞ് പലരുമായി പങ്കുവയ്ക്കുന്ന മുറിയിൽ തിരിച്ചെത്തിയാൽ അന്ന് ധരിച്ചിരുന്ന പൊടിയും വിയർപ്പും നിറഞ്ഞ വസ്ത്രം അലക്കിയിടുക എന്നതായിരുന്നു ആദ്യത്തെ പരിപാടിയെന്ന് ഷെട്ടി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. അക്കാലത്ത് മാറാൻ അദ്ദേഹത്തിന് വേറെ വസ്ത്രമില്ലായിരുന്നു. ഇതിനിടയിൽ ഗൃഹോപകരണങ്ങൾ കമ്മിഷൻ വ്യവസ്ഥയിൽ വിൽക്കുന്ന ജോലികൂടെ സംഘടിപ്പിച്ചു. ഈ അലച്ചിലിന് ഇടയിലും സ്വന്തം സംരംഭം എന്ന സ്വപ്നമായിരുന്നു ഷെട്ടിയുടെ തലനിറയെ.  പതുക്കെ ഷെട്ടി ഒരു കാര്യം മനസ്സിലാക്കി. വൈദ്യ സേവനം പൂർണമായി സർക്കാർ സൗജന്യമായി നൽകുന്ന അബുദാബിയിൽ ആശുപത്രികളിൽ തിരക്കൊഴിഞ്ഞ സമയമില്ല. ഇതോടെയാണ് ഷെട്ടിയുടെ മനസ്സിൽ ഒരു ആശയം ഉദിച്ചത്.

പിന്നെ താമസിച്ചില്ല. നാട്ടിൽ പോയി ഒരു ഡോക്ടറെ വിവാഹം കഴിച്ചു. തിരിച്ചുവന്ന് ഒരു രണ്ടു മുറി അപ്പാർട്മെന്റ് സംഘടിപ്പിച്ചു. അതിനു മുമ്പിൽ ഒരു ബോർഡും തൂക്കി. ന്യൂ മെഡിക്കൽ സെന്റർ (എൻഎംസി ). നാട്ടിൽനിന്നു ഭാര്യ ചന്ദ്രകുമാരിയെ ഷെട്ടി വരുത്തി. അങ്ങനെ 1975 -ൽ ഒരു മുറിയിൽ ഭാര്യയുടെ ക്ലിനിക്കും അടുത്ത മുറിയിൽ ഫർമസിയുമായി എൻഎംസി പ്രവർത്തനം തുടങ്ങി. ഇത് ഒരു വ്യവസായ സാമ്രാജ്യത്വത്തിന്റെ ഉദയം ആയിരുന്നു.

കഠിനാദ്ധ്വാനവും ഭാഗ്യവും ഷെട്ടിയുടെ തലവര മാറ്റിമറിച്ചു. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് ഓടിക്കാൻ പോലും ഷെട്ടി തയ്യാറായി. കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ചികിത്സ അതായിരുന്നു കച്ചവട തന്ത്രം. സംഗതി ഏറ്റു. സകാര്യ ചികിത്സ എന്നാൽ എൻഎംസി എന്നായി അബുദാബിയിൽ. ആശുപത്രികളുടെ എണ്ണം കൂടി. അവയുടെ രൂപവും ഭാവവും മാറി. വളരെ പെട്ടെന്ന് യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്കു ഷെട്ടിയുടെ ആരോഗ്യ പരിപാലന സംരംഭം വളർന്നു. പിന്നെ അത് ഗൾഫ് മേഖലയാകെ പന്തലിച്ചു. എഴുപതുകളുടെ അവസാനമായപ്പോഴേക്കും ഷെട്ടിയുടെ പ്രത്യേക പരിചരണ ആശുപത്രികൾ ഇല്ലാത്ത ഒരു ഗൾഫ് നഗരവും ഇല്ലന്നായി. സംരംഭം വളർന്നതോടെ ഷെട്ടി അതിന്റെ പേര് ഒന്നു പരിഷ്‌കരിച്ചു, എൻഎംസി ഹെൽത്ത്കെയർ.

ഗൾഫ് വിപണിയിൽ മാത്രം കളി ഒതുക്കാൻ ഷെട്ടി തയ്യാറല്ലായിരുന്നു. മറ്റ് ഏഷ്യൻ രാജ്യങ്ങളിലേയും ആഫ്രിക്കൻ, യൂറോപ്യൻ, അമേരിക്കൻ വിപണികളിലും ഷെട്ടി കണ്ണുവെച്ചു. തന്റെ യാഗാശ്വത്തെ എൻഎംസി ഹെൽത്ത്കെയർ അദ്ദേഹം ഈ വിപണികളിലേക്ക് അഴിച്ചുവിട്ടു. അങ്ങനെ സ്പെയിൻ, ഇറ്റലി, കൊളംബിയ, ഡെന്മാർക്ക്, ബ്രസീൽ, ഈജിപ്ത്, യമൻ, ജോർദാൻ, സെയ്‌ഷെൽസ്, സ്വീഡൻ, യുഎസ്എ എന്നിവിടങ്ങളിൽ പുതിയ ആതുരാലയങ്ങൾ തുറന്നും പ്രവർത്തിച്ചിരുന്നവ ഏറ്റെടുത്തും ഷെട്ടി വ്യവസായ സാമ്രാജ്യത്തിന്റെ അതിരുകൾ അഞ്ച് ഭൂഖണ്ഡങ്ങളിലേക്കു വ്യാപിപ്പിച്ചു.

ലോകം കീഴടക്കുന്നു

അഞ്ചു വർഷത്തിന് ശേഷമാണ് ഷെട്ടി അടുത്ത അവസരം ഉപയോഗപ്പെടുത്തിയത്. നാട്ടിലേക്ക് പണമയക്കാൻ വരി നിൽക്കുന്ന കുടിയേറ്റ തൊഴിലാളികളിൽ നിന്നാണ് ആ ആശയം ഷെട്ടിയുടെ മനസ്സിൽ ഉടലെടുത്തത്. അന്ന് നാട്ടിലേക്ക് പണം അയക്കാർ ഏറെ കാലതമാസം നേരിടുമായിരുന്നു. ഇതിന്റെ കാരണവും ഷെട്ടി കണ്ടെത്തി. ബാങ്കുകൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നില്ല. അതോടെ നാണയ, വിനിമയ, കൈമാറ്റ സംരംഭത്തിൽ പ്രവേശിക്കാൻ ഷെട്ടി തീരുമാനിച്ചു. ഇന്ത്യൻ ബാങ്കുകളുമായി ചർച്ചകൾ നടത്തി, അവരിൽ പലരേയും കൂടെകൂട്ടി.

1980 -ൽ ഷെട്ടി യുഎഇ എക്സ്ചേഞ്ചുമായല നാണയ, വിനിമയ, കൈമാറ്റ സംരംഭത്തിൽ പ്രവേശിച്ചു. നാണയ കൈമാറ്റത്തിന് അന്നുണ്ടായിരുന്നതിൽവച്ച് ഏറ്റവും ആധുനികമായ സ്വിഫ്റ്റ് സാങ്കേതിക വിദ്യയുമായിട്ടായിരുന്നു ഷെട്ടിയുടെ രംഗപ്രവേശം. ഷെട്ടി പോലും ഞെട്ടിപ്പോയ വിജയമായിരുന്നു യുഎഇ എക്സ്ചേഞ്ച്. ചെറിയ ഒരു കാലം കൊണ്ട് ഗൾഫ് രാജ്യങ്ങളിലെല്ലാം ശാഖകൾ തുറന്നു. സേവനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. നാണയ , വിനിമയ, കൈമാറ്റ സേവനങ്ങൾക്ക് പുറമെ മറ്റു അനുബന്ധ സേവനങ്ങളും ആരംഭിച്ചു. ഇതെല്ലാം, ഉപയോക്താക്കൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ബാങ്കുകൾ വാങ്ങുന്നതിലും കുറച്ച് പണം ഈടാക്കിയതോടെ മണി എക്സ്ചേഞ്ച് വളർന്നു. 31 രാജ്യങ്ങളിലെ 850 ഡയറക്ട് ബ്രാഞ്ചുകളുണ്ടായി. എക്സ്പ്രസ് മണി പോലുള്ള ഉപകമ്പനികളും വലുതായി. പെട്ടെന്നുള്ള വിനിമയം, വേഗത്തിലുള്ള ട്രാൻസ്ഫർ എന്നിവയായിരുന്നു മണി എക്സ്ചേഞ്ചിന്റെ വിജയരഹസ്യം. പിന്നീട് ഈ കമ്പനികൾ എല്ലാം ഫിനാബ്ലർ എന്ന ഒറ്റക്കുടക്കീഴിലായി. 2003ൽ നിയോഫാർമ എന്ന ഫാർമസ്യൂട്ടിക്കൽ സംരംഭം തുടങ്ങി. ആരോഗ്യ പരിപാലനം, നാണയ വിനിമയ, കൈമാറ്റം, മരുന്ന് നിർമ്മാണം, അതിഥി പരിപാലനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പരന്നു കിടന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം. സ്വന്തം ജെറ്റിൽ രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പറന്നു നടന്നു.

ബിസിനസ് വളർന്നതോടെ ഷെട്ടിയുടെ മൂല്യവും കമ്പനികളുടെ മൂല്യവും വളർന്നു. 2018 -ൽ ഷെട്ടിയുടെ ആസ്തിമൂല്യം 4.2 ശത കോടിയായിരുന്നു എന്നാണ് ഫോബ്സ് മാഗസിൻ പറയുന്നത്. അവരുടെ ആ വർഷത്തെ ഇന്ത്യയിലെ ശത കോടീശ്വരന്മാരുടെ പട്ടികയിൽ ഷെട്ടിയുടെ സ്ഥാനം 42 ആയിരുന്നു. അതിനു മുമ്പത്തെ വർഷങ്ങളിലെ ഫോബ്സ് പട്ടികയിലും ഷെട്ടി സ്ഥാനം പിടിച്ചിരുന്നു.

. ഇക്കാലയളവിൽ ഷെട്ടിയുടെ നോട്ടം ഇന്ത്യയിലുമെത്തി. 180 വർഷം പഴക്കമുള്ള അസം കമ്പനിയിലും മുംബൈയിലെ സെവൻ ഹിൽസ് ഹോസ്പിറ്റലിലും നിക്ഷേപമിറക്കി. കേരളത്തിലെയും ഒഡിഷയിലെയും ആശുപത്രികളിലും ഷെട്ടി പണമിറക്കി. 2005ൽ അബുദാബി അവരുടെ ഏറ്റവും വലിയ ആദരവായ അബുദാബി അവാർഡ് നൽകിയും ഷെട്ടിയെ ആദരിച്ചു. 2009ൽ ഇന്ത്യ പത്മശ്രീ പുരസ്‌കാരം നൽകി. പ്രവാസി ഭാരതീയ സമ്മാൻ നൽകിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു.


തകർച്ച തുടക്കം ഷോർട്ട് സെല്ലറിൽ

കഴിഞ്ഞ വർഷം അദാനിക്കെതിരെ ഹിൻഡൻബംർഗിന്റെ റിപ്പോർട്ട് ഉണ്ടാക്കിയ കോലഹാലങ്ങൾ ഓർമ്മയില്ലേ. അതോടെ അദാനി തീർന്നുവെന്ന് പലരും കരുതിയത് ഷെട്ടിയുടെ അനുഭവത്തിൽനിന്നാണ്. പക്ഷേ അദാനി അത് അതിജീവിച്ചു.

ജ്വലിച്ചു നിന്ന ഷെട്ടിയുടെ സാമ്രാജ്യത്തിനു മുകളിൽ കരിനിഴലായത്. ഷോർട് സെല്ലെർ കാഴ്സൺ ബ്ലോക്കിന്റെ റിപ്പോർട്ടാണ്. ഓഹരി വിപണി അരച്ചുകലക്കി കുടിച്ചിട്ടുള്ള ഷോർട് സെല്ലറുമാർ വിപണി അതിസൂക്ഷ്മമായി നിരീക്ഷിക്കും, പ്രത്യേകിച്ച് പോകാവുന്ന വിലയിലും മുകളിലോട്ടു പോകുന്ന ഓഹരികൾ. അതിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ കമ്പനിയുടെ ഓഹരി ഉണ്ടെങ്കിൽ, അവരുടെ കയ്യിൽ ഇല്ലാത്ത ആ കമ്പനിയുടെ ഓഹരികൾ ഭാവിയിലെ ഒരു തീയതിയിൽ നൽകാമെന്ന് പറഞ്ഞു വിൽക്കുന്നു. അതിനു ശേഷം ഇവർ ആ കമ്പനിയുടെ തട്ടിപ്പ് പുറത്തുവിടുന്നു. അതോടെ ആ കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിയും.ഇങ്ങനെ വില കുറയുമ്പോൾ ഇവർ ഓഹരി മേടിച്ചു നേരത്തെ ഇല്ലാത്ത ഓഹരി വിറ്റ നിക്ഷേപകന് നൽകുന്നു. വളരെ അധികം ഉയർന്നു നിൽക്കുന്ന വില ഇടിക്കാനും ഷോർട് സെല്ലിങ് നടത്താറുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ വില കൂടിനിൽക്കുന്ന ഓഹരി ലക്ഷക്കണക്കിന് കടം മേടിക്കും. ഇത് ഒറ്റ ദിവസം കൊണ്ടോ അല്ലങ്കിൽ അടുത്തടുത്ത ദിവസങ്ങളിലോ വിൽക്കും. അതോടെ ആ ഓഹരിയുടെ വില കുത്തനെ ഇടിയും. അപ്പോൾ ഷോർട് സെല്ലറുമാർ ആ ഓഹരി മേടിച്ച് അവർ കടം വാങ്ങിയവർക്ക് നൽകും.

2019 ഡിസംബർ 17 നു ബ്ലോക്കിന്റെ ഷോർട് സെല്ലിങ് സംരംഭമായ മഡ്ഡി വാട്ടേഴ്സ് ക്യാപിറ്റൽ എൻഎംസി ഹെൽത്ത്കെയർ അതിന്റെ കടം കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും നീക്കിയിരുപ്പ് പെരുപ്പിച്ചു കാണിച്ചിരിക്കുകയാണെന്നും വാങ്ങിയ ആസ്തികളുടെ വില കൂട്ടി കാണിച്ചിരിക്കുകയാണെന്നും ആരോപിച്ചു.
എൻഎംസി ഇത് നിഷേധിച്ചെങ്കിലും, മഡ്ഡി വാട്ടർ പറഞ്ഞാൽ പറഞ്ഞതാണെന്ന് നിക്ഷേപർക്ക് അറിയാവുന്നതു കൊണ്ട് എൻഎംസിയുടേയും ഫിനാബ്ലറിന്റെയും ഓഹരികൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തലകുത്തി വീണു. ആദ്യ ദിവസങ്ങളിൽ തന്നെ എൻഎംസി ഹെൽത്ത്കെയറിന്റെ മാത്രം വിപണി മൂല്യം 48 ശതമാനം കുറഞ്ഞു 3.7 ശത കോടി ഡോളറായി. ഇതിൽനിന്ന് മാത്രം ഷെട്ടി കുടുംബത്തിനുണ്ടായ നഷ്ടം 1.5 ശതകോടി ഡോളറാണ്. ഫിനാബ്ലർ ഓഹരി വില 44 ശതമാനമാണ് ഇടിഞ്ഞത്. ഷെട്ടിയെ കൂടുതൽ കയ്‌പ്പുനീർ കുടിപ്പിച്ച് സൈബർ ആക്രമണംമൂലം ട്രാവെൽക്സിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടതായും വന്നു.

ഓഹരി വിപണിയിലെ തുടർച്ചയായ തകർച്ചയും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുടെയും ബാങ്കുകളുടെയും മറ്റു വായ്‌പ്പാദായകരുടെയും സമ്മർദവും കൊണ്ട് ഷെട്ടിക്ക് സത്യം പറയേണ്ടി വന്നു. എൻഎംസി ഹെൽത്ത്കെയറിന്റെ 2.7 ശതകോടി ഡോളറിന്റെ വായ്പ ബാലൻസ്ഷീറ്റിൽ കാണിക്കുകയോ അത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി അവസാനം വെളിപ്പെടുത്തി. ഫിനാബ്ലർ അവരുടെ കടം നേരത്തെ പറഞ്ഞ 333.1 ദശ ലക്ഷം ഡോളർ അല്ലെന്നും അത് യാഥാർത്ഥത്തിൽ 1.3 ശതകോടി ഡോളറാണെന്നു സമ്മതിക്കേണ്ടി വന്നു.

ഇതോടെ ഷെട്ടിയുടെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. ഷെട്ടി എൻഎംസി ഹെൽത്ത്കെയറിന്റെയും, ഫിനാബ്ലറിന്റെയും ബോർഡുകളിൽനിന്ന് രാജി വച്ചു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് രണ്ട് കമ്പനികളെയും കരിമ്പട്ടികയിൽ പെടുത്തി. രണ്ട് ഓഹരികളുടെയും വ്യാപാരം നിർത്തിവച്ചു. ഫിനാബ്ലറിന്റെ സിഇഒ പ്രമോദ് മങ്കാട്ടും അദ്ദേഹത്തിന്റെ സഹോദരനും എൻഎംസി ഹെൽത്ത്കെയറിന്റെ സിഇഒ ആയ പ്രശാന്ത് മാങ്ങാട്ടും രാജിവച്ചു.

ലോകത്തിലെ ഏറ്റവും വലിയ വായ്‌പ്പാ തട്ടിപ്പ്

അതിനിടെ, ഫിനാബ്ലറിലും പ്രശ്നങ്ങൾ ആരംഭിച്ചു. മൂന്നാം കക്ഷി വായ്പയ്ക്കായി 100 മില്യൺ യു.എസ് ഡോളറിന്റെ അൺ ഡിസ്‌ക്ലോസ്ഡ് ചെക്ക് നൽകി എന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. എൻ.എം.സിക്ക് 6.6 ബില്യൺ ഡോളറിന്റെ കടമുണ്ടെന്ന മാർച്ച് മാസത്തിലെ റിപ്പോർട്ടാണ് കമ്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. 2.1 ബില്യൺ ഡോളറാണ് കടം എന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. വായ്പാ ദാതാക്കൾ മാനേജ്മെന്റിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തു.

അബുദാബിയിൽ സാമ്പത്തിക തട്ടിപ്പിനടക്കം ഷെട്ടിക്ക് വിചാരണ നേരിടേണ്ട അവസ്ഥ വന്നിരിക്കുകയാണ് ഇപ്പോൾ. 80ന് മുകളിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് ഷെട്ടി പണം കൊടുക്കാനുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എൻഎംസിക്ക് അൻപതിനായിരം കോടി രൂപ കടബാധ്യതയുള്ള ഈ സാഹചര്യത്തിലാണ് ഷെട്ടിക്കും കുടുംബത്തിനും നിക്ഷേപമുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നത്.അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് ആണ് ഷെട്ടിക്ക് ഏറ്റവും കൂടുതൽ വായ്പ നൽകിയിട്ടുള്ളത്. ഈ ബാങ്കിന് 96.3 കോടി ഡോളറാണ് ഷെട്ടി നൽകാനുള്ളത്.ദുബായ് ഇസ്ലാമിക് ബാങ്കിന് 54.1 കോടി ഡോളർ, അബുദാബി ഇസ്ലാമിക് ബാങ്കിന് 32.5 കോടി ഡോളർ, എന്നിങ്ങനെ പോകുന്നു കണക്കുകൾ.
ബിആർ ഷെട്ടിയുമായ ബന്ധമുള്ള കമ്പനികളെ എല്ലാം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.അൻപതിനായിരം കോടിയുടെ വായ്‌പ്പാത്തട്ടിപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഷെട്ടിക്കും അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾക്കും എതിരെ വിശ്വാസവഞ്ചനയ്ക്കും തട്ടിപ്പിനും ക്രിമിനൽ കേസ്സുകൾ കുന്നുകുടി . അതോടെ ഷെട്ടി ഇന്ത്യയിലേക്ക് കടന്നു. കടന്നതല്ല അസുഖബാധിതനായ സഹോദരനെ കാണാൻ പോയതാണെന്നാണ് ഷെട്ടിയുടെ ഓഫിസ് പറയുന്നത്. ആ സഹോദരൻ പിന്നീട് മരിച്ചു. പ്രവർത്തനം താളംതെറ്റിയ യുഎഇ എക്സ്ചേഞ്ചിന്റെ ഭരണം അബുദാബി സെൻട്രൽ ബാങ്ക് ഏറ്റെടുത്തു. എൻഎംസി ഹെൽത്ത്കെയർ അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലായി.അവസാനം ഷെട്ടിയുടെ പണം കായ്ക്കുന്ന ഫിനാബ്ലർ, അതിന്റെ യുഎഇ ഇ എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള ഉപസംരംഭങ്ങളും ബാധ്യതകളും അടക്കം പ്രിസം അഡ്വാൻസ് സൊല്യൂഷൻസ് എന്ന ആരും കേട്ടിട്ടില്ലാത്ത ഒരു സംരംഭം ഒരു ഡോളർ നൽകി ഏറ്റെടുത്തു.
ഇപ്പോൾ ഷെട്ടിയുടെ ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. എൻഎംസി ഹെൽത്ത്കെയറും ഫിനാബ്ലറും കൂടി ഗൾഫിലും വിദേശത്തുമുള്ള ബാങ്കുകൾക്ക് 6.6 ശതകോടി ഡോളറാണ് കൊടുക്കാനുള്ളതെന്നാണ് ബ്ലൂംബെർഗ് പറയുന്നത്. ഗൾഫ് വിപണി നിരീക്ഷകർ പറയുന്നത് ലോകത്തിലെ 200 ലധികം ബാങ്കുകൾ നേരിട്ടോ അല്ലാതെയോ ഈ ഇടപാടുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഇന്ത്യയിൽനിന്ന് ഇതുവരെ വന്നിരിക്കുന്ന പേര് ബാങ്ക് ഓഫ് ബറോഡയുടേതാണ്. ഏതാണ്ട് 2,000 കോടിക്കടുത്താണ് ബാങ്കിന് ഷെട്ടിയുമായിട്ടുള്ള ഇടപാട്. സംഗതി ഇപ്പോൾ കോടതിയിലാണ്.

പുതിയ ആസ്തികൾ വാങ്ങിക്കാൻ പണം കണ്ടെത്താൻ ഷെട്ടിയും കുടുംബവും അവരുടെ കയ്യിലുള്ള എൻഎംസിയുടേയും ഫിനാബ്ലറിന്റെയും ഓഹരികൾ പണയം വച്ച് വായ്പ സംഘടിപ്പിക്കും. വായ്പ തിരിച്ചടവ് മുടങ്ങുമ്പോൾ ബാങ്കുകൾ ഈ ഓഹരികൾ വിറ്റ് അവരുടെ പണം വസൂലാക്കും. അതിനാൽ ഷെട്ടിയുടെയും, കുടുംബത്തിന്റെയും, അവരുടെ കമ്പനികളുടെയും പക്കൽ രേഖകളിൽ കാണുന്ന അത്ര എണ്ണം ഓഹരികൾ ഇപ്പോൾ കാണാൻ സാധ്യതയില്ല എന്നാണ് വിപണി ഗവേഷകർ പറയുന്നത്.

ആയിരം കോടിയുടെ രണ്ടാമൂഴം

അതിനിടെ മലയാളത്തിലും ഷെട്ടി വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ആയിരം കോടി രൂപ മുടക്കി മോഹൻലാലിനെ നായകനാക്കി എം ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കാനായിരുന്നു പദ്ധതി. സംവിധായകൻ ശ്രീകുമാർ മേനോനും, ബി.ആർ.ഷെട്ടിയും അബുദാബിയിൽ വെച്ച് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പക്ഷേ പ്രോജക്്റ്റ് നടന്നില്ല.ഇതിനിടയിൽ തിരക്കഥ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് എം ടി കോഴിക്കോട് കോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. പറഞ്ഞ സമയത്തിനകത്ത് സിനിമാ നിർമ്മാണം തുടങ്ങാത്തതിന്റെ പേരിലായിരുന്നു എം ടി തിരക്കഥ തിരിച്ചുചോദിച്ചത്. ഇതോടെ സിനിമ ഇല്ലാതായി.

രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമയെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി ബി.ആർ.ഷെട്ടി പിന്നീട് പറഞ്ഞു. അതേസമയം മഹാഭാരതം സിനിമയാക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. മലയാളത്തിൽ രണ്ടാമൂഴം എന്ന പേരിലും ഇതര ഭാഷകളിൽ മഹാഭാരതം എന്ന പേരിലും സിനിമ എടുക്കുമെന്നായിരുന്നു സംവിധായകനായ ശ്രീകുമാർ മേനോൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആ കഥ മഹാഭാരതം എന്ന പേരിൽ സിനിമയാക്കിയാൽ പ്രശ്നമുണ്ടായേക്കുമെന്ന് ചിലർ അറിയിച്ചു. ഹിന്ദിയിൽ പത്മാവത് എന്ന സിനിമയുടെ കാര്യം പറഞ്ഞായിരുന്നു അവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇതും തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള തർക്കവും പത്മാവത് ഉണ്ടാക്കിയ വിവാദങ്ങളും കണക്കിലെടുത്താണ് ഈ പദ്ധതി ഉപേക്ഷിക്കുന്നതെന്ന് ഷെട്ടി അറിയിച്ചത്. -''ഇക്കാര്യത്തെ കുറിച്ച് മാതാ അമൃതാനന്ദമയിയുമായും സദ്ഗുരുവുമായും സംസാരിച്ചിരുന്നു. അവരുടെ കൂടി ഉപദേശം തേടിയാണ് ഈ തീരുമാനം.രണ്ടാമൂഴം തന്നെ സംബന്ധിച്ചിടത്തോളം ഇനി അടഞ്ഞ അധ്യായമാണ്. പക്ഷേ, മഹാഭാരതം സിനിമയാക്കണമെന്ന പദ്ധതി ഉപേക്ഷിക്കുന്നില്ല. അതിനായുള്ള നല്ല തിരക്കഥ തേടുകയാണ്. അതിനായി നേരത്തെ വാഗ്ദാനം ചെയ്ത പണം ഇപ്പോഴും മഹാഭാരതത്തിനായി തന്നെ മാറ്റിവെച്ചിരിക്കുകയാണെ്''- ഇങ്ങനെയായിരുന്നു ഷെട്ടി വിശദീകരിച്ചത്. പക്ഷേ ഇത് 2018ലെ കഥയാണ്. 2019 മുതൽ കളി മാറി. ഷെട്ടി തകർന്നു. ഇനി ഷെട്ടിക്ക് കടം വീട്ടാനല്ലാതെ ഒന്നും ബാക്കിയുണ്ടാവില്ല.

തകർത്തത് മലയാളികളോ?

ഇപ്പോൾ കോടതി വിധികൂടി എതിരായതോടെ, 80കാരനായ ഷെട്ടി അഴിക്കുള്ളിലാവുമോ എന്ന ആശങ്കയുണ്ട്. പക്ഷേ അറ്റ്ലസ് രാമചന്ദ്രനെപ്പോലെ മക്കൾ ഒന്നും ഷെട്ടിയെ കൈവിട്ടിട്ടില്ല. ബിസിനസുകാരായ മക്കൾ അദ്ദേഹത്തിന് ഒപ്പമുണ്ട്. അതിനിടെ തന്നെ തകർത്തത് തന്റെ കമ്പനിയിൽ ജോലിചെയ്ത ജീവിനക്കാർ തന്നെയാണെന്ന് ഷെട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ''എന്റെ വിശ്വസ്തരും ഞാനും നടത്തിയ അന്വേഷണത്തിൽ എൻ.എം.സിയിലും മറ്റ് കമ്പനിയിലും ജോലി ചെയ്തിരുന്നവരും ഇപ്പോൾ ജോലി ചെയ്യുന്നവരുമായ ഒരു ചെറു വിഭാഗം ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇവർ എന്റെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുകയും, ലോണുകൾ കരസ്ഥമാക്കലും? വ്യാജ ഒപ്പ് ഉപയോഗിച്ച് പണം കൈമാറ്റവുമെല്ലാം നടത്തിയിട്ടുണ്ട്. ഇവർക്കെതിരെ അബുദാബി ഫെഡറൽ കോടതിയിൽ പരാതി നൽകി. ഞാൻ എൻഎംസിയിലെ ഭരണപരമായ പദവികളെല്ലാം ഞാൻ ഒഴിഞ്ഞതാണ്.' ഷെട്ടി പറയുന്നു.

2020 ഒക്ടോബറിൽ എൻഎംസിയിലെയും ഫിനാബ്ലറിലെയും തന്റെ മുൻ സിഇഒ മാരും മലയാളികളുമായ പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട് എന്നിവർക്കെതിരെ ഷെട്ടി ഇന്ത്യയിൽ പരാതി നൽകിയിരുന്നു. 2012 മുതൽ ഇവർ തന്റെ കമ്പനിയിൽ സാമ്പത്തിക ക്രമക്കേട് കാട്ടിയെന്നായിരുന്നു പരാതി. ന്യൂയോർക്കിലെ യുഎസ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലും മങ്ങാട്ട് സഹോദരന്മാർക്ക് എതിരായ ആരോപണങ്ങൾ ഷെട്ടി ആവർത്തിച്ചു. അനധികൃതമായി നേടിയെടുത്ത വായ്പാ തട്ടിപ്പിനെ കുറിച്ച് വിവരം കിട്ടിയിട്ടും എൺസ്റ്റ് ആൻഡ് യങ് വ്യാജ ഓഡിറ്റ് റിപ്പോർട്ടുകളും സാമ്പത്തിക റിപ്പോർട്ടുകളും ഇറക്കി എന്നും പരാതിയിൽ ആരോപിക്കുന്നു. മങ്ങാട്ട് സഹോദരന്മാരുമായി ചേർന്ന് ഇവൈ, തട്ടിപ്പ് മറച്ചുവയ്ക്കാൻ ഗൂഢാലോചന നടത്തിയെന്നും 105 പേജുള്ള ഹർജിയിൽ പറയുന്നു.

തങ്ങളുടെ ന്യൂയോർക്കിലെയും യുഎഇയിലെയും ബ്രാഞ്ചുകൾ വഴി ബാങ്ക് ഓഫ് ബറോഡയും ഈ തട്ടിപ്പിന്റെ മുഖ്യഇടനിലക്കാരായി. നെതർലൻഡ്‌സിലെ ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് തട്ടിപ്പ് ബോധ്യമായിട്ടും വായ്പ നൽകുന്നതും ഫീസ് ഈടാക്കുന്നതും തുടർന്നുവെന്നും ബി.ആർ.ഷെട്ടിയുടെ യുഎസ് സുപ്രീം കോടതിയിലെ പരാതിയിൽ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ മങ്ങാട്ട് സഹോദരന്മാർ നിഷേധിക്കയാണ്. സത്യമെന്തെന്ന് ഇപ്പോഴും ആർക്കും അറിയില്ല.

വാൽക്കഷ്ണം: ബിൽഗേറ്റസ് മുതൽ നരേന്ദ്ര മോദിവരെ സുഹൃത്തുക്കളായി ഉണ്ടായിരുന്നിട്ടും ഷെട്ടിയുടെ തകർച്ച തടയാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഇതും ഫ്രീ മാർക്കറ്റിന്റെയും, ക്യാപിറ്റലിസത്തിന്റെയും പ്രത്യേകതയാണ്.