ഞാൻ ശപിക്കും ഇനി ഇങ്ങനെ ചെയ്താൽ; ആ സ്ക്രാച്ച് എന്റെ ഹൃദയത്തിലാണ് കൊണ്ടത്..;ആദ്യം ഓടിക്കാൻ പഠിച്ചിട്ട് വാ..; വണ്ടിയുമായി ഇടത് വശത്തുകൂടി 'ഓവർടേക്ക്' ചെയ്യുന്നവർക്കെതിരെ നെവിൻ
ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നെവിൻ കാപ്രേഷ്യസ്. ഷോയ്ക്കുള്ളിലും പുറത്തും മികച്ച എന്റർടെയ്നർ എന്ന് പേരെടുത്ത നെവിൻ, സീസണിലെ മൂന്നാം റണ്ണർ അപ്പ് കൂടിയായിരുന്നു. തമാശ നിറഞ്ഞ സംസാരവും ഇടപെടലുകളുമാണ് നെവിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ബിഗ് ബോസിന് ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായ നെവിന്റെ ഓരോ വീഡിയോയും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.
ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വശങ്ങളിലൂടെ അമിതവേഗതയിൽ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നവർക്കെതിരെയാണ് ഇത്തവണ നെവിൻ രംഗത്തെത്തിയത്. സാധാരണയായി ഗുരുതരമായ രീതിയിൽ അവതരിപ്പിക്കാറുള്ള ഇത്തരം വിഷയങ്ങൾ, ആരെയും വെറുപ്പിക്കാതെ എന്നാൽ കാര്യം വ്യക്തമാക്കുന്ന രീതിയിലുള്ള തന്റെ 'ഹ്യൂമറസ്' ശൈലിയിലാണ് നെവിൻ അവതരിപ്പിച്ചിരിക്കുന്നത്.
''പല തരം ആൾക്കാരെ ഞാൻ റോഡിൽ കാണാറുണ്ട്. കഴിഞ്ഞ ദിവസം എന്റെ കാറിന്റെ മിററിൽ ചെറിയൊരു സ്ക്രാച്ച് വന്നു. അത് വലിയ സ്ക്രാച്ച് അല്ല. പക്ഷേ എന്റെ ഹൃദയത്തിലാണ് അത് കൊണ്ടത്. വണ്ടികളെ സ്നേഹിക്കുന്ന ഒരാൾക്ക് ഒരു ചെറിയ സ്ക്രാച്ച് പോലും വേദനിക്കും. എന്തിനാണ് നിങ്ങൾ ഇടത്തെ സൈഡിൽ കൂടി തന്നെ പോകുന്നത്. ഇത്രയും സ്ഥലം ഉണ്ടായിട്ടും ഇടത്തേ സൈഡിൽ കൂടി പോകുന്ന നീയൊക്കെ നരകത്തിൽ പോകും.
കാലന്റെ സൈഡ് ആണ്, ലൂസിഫറിന്റെ സൈഡ് ആണ് ഇടത്തേ സൈഡ്. ഇടത്തേ സൈഡിൽ കൂടി പോയി വണ്ടി തട്ടി മരിക്കുന്നവരെല്ലാം നരകത്തിൽ പോകട്ടെ. സ്വർഗത്തിലൊന്നും നിങ്ങൾക്ക് ഒരിക്കലും ഇടം കിട്ടാൻ പോകുന്നില്ല. പിന്നെ എയ്റോപ്ലെയ്ൻ കാറ്റഗറിയുണ്ട്. സ്റ്റാർട്ട് ചെയ്ത് ഒരു കിലോമീറ്റർ പിന്നിട്ടതിന് ശേഷമേ അവരുടെ കാല് സ്‍കൂട്ടറിലേക്ക് കയറ്റി വയ്ക്കുകയുള്ളു. എന്നിട്ട് കാർ തട്ടിയാൽ ആണ് പ്രശ്നം. കാറുകാരുടെ തെറ്റാണെന്ന് പറയും. നിങ്ങൾ ആദ്യം പോയി വണ്ടി ഓടിക്കാൻ പഠിച്ചിട്ട് വരൂ'', എന്നാണ് നെവിൻ വീഡിയോയിൽ പറയുന്നത്.