എല്ലാത്തിനും മറുപടി നൽകാൻ 'നിസാൻ'; പുതിയ എസ്‌യുവി ഒക്ടോബറിൽ പുറത്തിറക്കും; ഇന്ത്യയിലെത്തുന്നത് അടുത്ത വർഷം; സവിശേഷതകൾ അറിയാം...
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാൻ തങ്ങളുടെ പുതിയ സി-സെഗ്മെന്റ് എസ്‌യുവി 2025 ഒക്ടോബർ 7-ന് ആഗോളതലത്തിൽ അവതരിപ്പിക്കും. 2026-ന്റെ തുടക്കത്തിൽ ഈ പുതിയ മോഡൽ ഇന്ത്യൻ വിപണിയിലെത്തും. ഔദ്യോഗിക നാമം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 'നിസാൻ കൈറ്റ്' എന്ന പേരിൽ ഈ വാഹനം അറിയപ്പെടുമെന്ന് സൂചനകളുണ്ട്.
പുതിയ എസ്‌യുവി, വരാനിരിക്കുന്ന മൂന്നാം തലമുറ റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. രണ്ട് മോഡലുകളും പ്ലാറ്റ്‌ഫോം, പവർട്രെയിനുകൾ, ഘടകങ്ങൾ എന്നിവ പങ്കിടുന്നുണ്ടെങ്കിലും, നിസാൻ എസ്‌യുവിക്ക് പൂർണ്ണമായും പുതിയ ഡിസൈൻ ശൈലിയായിരിക്കും ഉണ്ടാകുക. നിസാന്റെ സിഗ്നേച്ചർ ഗ്രില്ലും കണക്റ്റഡ് എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും വാഹനത്തിന്റെ മുൻഭാഗത്ത് ഉണ്ടാകും.
ഇന്ത്യയിൽ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി വിക്ടോറിസ് തുടങ്ങിയ ശക്തരായ എതിരാളികളുമായിട്ടാണ് നിസാന്റെ പുതിയ വാഹനം മത്സരിക്കുന്നത്. റെനോ ഡസ്റ്ററിനെക്കാൾ കൂടുതൽ ഫീച്ചറുകൾ വാഗ്ദാനം ചെയ്തേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയവ ഉൾപ്പെടാൻ സാധ്യതയുണ്ട്.
എഞ്ചിൻ ഓപ്ഷനുകളിൽ ഒന്നിലധികം പെട്രോൾ എഞ്ചിനുകൾ ഉൾപ്പെടാം. ആഗോള വിപണിയിൽ 160bhp കരുത്തുള്ള 1.3L പെട്രോൾ, 130bhp കരുത്തുള്ള 1.2L മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനുകളാണ് ഡസ്റ്ററിന് ലഭ്യമായിട്ടുള്ളത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ലഭ്യമായിരിക്കും. ഉയർന്ന ട്രിമ്മുകളിൽ 4X4 ഡ്രൈവ്ട്രെയിൻ സിസ്റ്റവും പ്രതീക്ഷിക്കുന്നു. പിന്നീട് ഒരു ഹൈബ്രിഡ് വേരിയന്റ് അവതരിപ്പിക്കാനും സാധ്യതയുണ്ട്.