അമേരിക്കയിലെ ആ ഭീമൻ ഏഴ് കടൽ താണ്ടി ഇങ്ങ് എത്തി; ടെസ്‌ല മോഡൽ 'വൈ' യുടെ ഇന്ത്യയിലെ ഡെലിവറികൾ ആരംഭിച്ചു

Update: 2025-09-29 15:08 GMT

മുംബൈ: അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല, തങ്ങളുടെ ജനപ്രിയ മോഡൽ Yയുടെ ഇന്ത്യയിലെ ഡെലിവറി ഔദ്യോഗികമായി ആരംഭിച്ചു. 2025 ജൂലൈ 15-ന് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ ടെസ്‌ല, പിന്നാലെ മുംബൈയിലും ഡൽഹിയിലും ഷോറൂമുകൾ തുറന്നിരുന്നു. മോഡൽ Yയുടെ വിപണി പ്രവേശനത്തിന് ശേഷം രണ്ട് മാസത്തിനുള്ളിലാണ് ആദ്യ ഡെലിവറി നടന്നിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ടെസ്‌ല മോഡൽ Y രണ്ട് വേരിയന്റുകളിലാണ് ലഭ്യമാക്കുന്നത്. റിയർ-വീൽ ഡ്രൈവ് (RWD) വേരിയന്റിന് 500 കിലോമീറ്റർ (WLTP) റേഞ്ചും, ലോംഗ്-റേഞ്ച് റിയർ-വീൽ ഡ്രൈവ് (LR RWD) വേരിയന്റിന് 622 കിലോമീറ്റർ (WLTP) റേഞ്ചും വാഗ്ദാനം ചെയ്യുന്നു. നിലവിൽ RWD വേരിയന്റിന്റെ ഡെലിവറികൾ ആരംഭിച്ചിട്ടുണ്ട്, LR വേരിയന്റിന്റെ ഡെലിവറികൾ ഉടൻ തന്നെ പ്രതീക്ഷിക്കാം.

സ്റ്റാൻഡേർഡ് RWD മോഡലിന് 59.89 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ലോംഗ് റേഞ്ച് വേരിയന്റിന് 67.89 ലക്ഷം രൂപയാണ് വില. ഏഴ് വ്യത്യസ്ത എക്സ്റ്റീരിയർ നിറങ്ങളിലും രണ്ട് ഇന്റീരിയർ ട്രിമ്മുകളിലും വാഹനം ലഭ്യമാണ്. 15.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8 ഇഞ്ച് റിയർ സ്‌ക്രീൻ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 19 ഇഞ്ച് വീലുകൾ, പനോരമിക് ഗ്ലാസ് റൂഫ് തുടങ്ങിയ ഫീച്ചറുകൾ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ മോഡൽ Y വാങ്ങുന്ന ഉപഭോക്താക്കൾക്ക് സൗജന്യമായി ഹോം ചാർജിംഗ് വാൾ കണക്റ്റർ നൽകുമെന്ന് ടെസ്‌ല അറിയിച്ചിട്ടുണ്ട്. കൂടാതെ, മുംബൈയിലെയും ഡൽഹിയിലെയും ടെസ്‌ല ഷോറൂമുകളിൽ V4 സൂപ്പർചാർജറുകളും ഡെസ്റ്റിനേഷൻ ചാർജറുകളും സ്ഥാപിച്ചിട്ടുണ്ട്.

Tags:    

Similar News