18 നും 26 നും ഇടയില്‍ പ്രായമുള്ള ജെന്‍ സി തലമുറയില്‍ ലൈംഗിക ബന്ധത്തോടുള്ള താത്പര്യം കുറഞ്ഞു വരുന്നു; തൊട്ട് മേലുള്ള ജന്‍ എക്സ് തലമുറ ലൈംഗിക വിഷയങ്ങളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ 44 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ ഇക്കാര്യത്തില്‍ രണ്ടാമത്; ഒരു പഠന റിപ്പോര്‍ട്ട്
ജെന്‍ സി തലമുറയില്‍ ലൈംഗിക ബന്ധത്തോടുള്ള താത്പര്യം കുറഞ്ഞു വരുന്നു
ലണ്ടന്‍: വിവിധ പ്രായക്കാര്‍ക്കിടയില്‍ നടത്തിയ വിപുലമായ ഒരു അഭിപ്രായ സര്‍വ്വേയുടെ ഫലങ്ങളെ വിശകലനം ചെയ്ത് ലവ്ഹണി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് 18 നും 26 നും ഇടയില്‍ പ്രായമുള്ളവര്‍ ലൈംഗികതയില്‍ ഏറെ താത്പര്യം കാണിക്കുന്നില്ല എന്നാണ്. പ്രതിവര്‍ഷം ശരാശരി 36 തവണയാണ് അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ 10 ദിവസത്തില്‍ ഒരു തവണ. എന്നാല്‍, ഇവരുടെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ഉള്‍പ്പെടുന്ന, 61 നും 79 നും ഇടയില്‍ പ്രായമുള്ളവര്‍ പ്രതിവര്‍ഷം ശരാശരി 47 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെന്‍ സീ തലമുറയില്‍ പെട്ടവരില്‍ ഭൂരിഭാഗവും ഇപ്പോഴും തങ്ങളുടെ മാതാപിതാക്കല്‍ക്കൊപ്പമാണ് താമസിക്കുന്നത് എന്നത് ഇവരുടെ കുറഞ്ഞ ലൈംഗിക തത്പരതയ്ക്ക് കാരണമാകാം എന്ന് ഗവേഷകര്‍ പറയുന്നു. 2024 -2025 അധ്യായന വര്‍ഷത്തില്‍ പുതിയ കോഴ്സുകള്‍ക്കായി അപേക്ഷിച്ചിട്ടുള്ള 18 വയസ്സുകാരില്‍, മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നവരുടെ എണ്ണം, ഒരു 20 വര്‍ഷം മുന്‍പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണെന്ന് കഴിഞ്ഞമാസം പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ ഉള്ളപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ പലര്‍ക്കും വൈക്ലബ്യം ഉണ്ടാകും എന്നാണ് പഠനം നടത്തിയ ലവ്ഹണിയുടെ വക്താവ് പറഞ്ഞത്.
അതേസമയം, മക്കള്‍ വീട്ടിലുണ്ട് എന്നത് മാതാപിതാക്കളുടെ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നില്ല എന്നും പഠനത്തില്‍ തെളിഞ്ഞു. 44 നും 62 നും ഇടയില്‍ പ്രായമുള്ളവര്‍ പ്രതിവര്‍ഷം ശരാശരി 62 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നാണ് അഭിപ്രായ സര്‍വ്വേയില്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ഈ തലമുറയ്ക്കാണ്. അതേസമയം, 27 നും 43 നും ഇടയില്‍ പ്രായമുള്ളവര്‍ പ്രതിവര്‍ഷം ശരാശരി 73 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. അതായത്, അഞ്ച് ദിവസത്തില്‍ ഒരിക്കല്‍. ഇത് ജെന്‍ സിയുടെ ഇരട്ടിയിലധികം വരും.
ജെന്‍ സി ഇപ്പോള്‍ ഒരു ലൈംഗിക പ്രതിസന്ധിയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണെന്നാണ് ലവ്ഹണി പറയുന്നത്. വീട് വാടകയ്ക്ക് എടുക്കാനോ, വാങ്ങാനോ കഴിയാത്ത ഒരു സാമ്പത്തിക സാഹചര്യം നിലനില്‍ക്കുന്നത് അവരുടെ ലൈംഗിക തൃഷ്ണയെ കെടുത്തുന്നു എന്ന് ഗവേഷകര്‍ പറയുന്നു.
ഇവരുടെ മാതാപിതാക്കളും, അവരുടെ മുന്‍തലമുറയുമെല്ലാം 18 അല്ലെങ്കില്‍ 19 വയസ്സില്‍ കുടുംബ വീട്ടില്‍ നിന്നും മാറി സ്വതന്ത്ര താമസം ആരംഭിച്ചവരാണ്. എന്നാല്‍, ഇന്നത്തെ തലമുറയ്ക്ക് അതിന് കഴിയുന്നില്ല. പല ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലും ഫ്രഷേഴ്സ് വീക്ക് ആരംഭിക്കാനിരിക്കെ ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.