ഉച്ച കഴിഞ്ഞതും വീണ്ടും കത്തിക്കയറി; റോക്കറ്റ് കുതിപ്പ് തുടർന്ന് തങ്കവില; സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു; പവന് 440 രൂപ വർധനവ്
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഇന്ന് വീണ്ടും റെക്കോർഡ് നിരക്കിലെത്തി. രാവിലെ 840 രൂപ വർദ്ധിച്ച് 90,000 രൂപ കടന്ന സ്വർണവില, ഉച്ചയ്ക്ക് ശേഷം വീണ്ടും 440 രൂപ കൂടി ഉയർന്നു. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 90,880 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4000 ഡോളർ കടന്നതും നിരക്ക് വർദ്ധനവിന് കാരണമായി.
ഇന്നലെ ഉച്ചയ്ക്ക് ശേഷം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,034 ഡോളറിലെത്തിയിരുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. 2008-ൽ 1000 ഡോളർ, 2011-ൽ 2000 ഡോളർ, 2021-ൽ 3000 ഡോളർ എന്നിങ്ങനെ ഓരോ ദശകത്തിലും ഉയർന്നു വന്ന സ്വർണവില, ഇന്ന് 4000 ഡോളർ എന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു. ഇന്നത്തെ രൂപയുടെ വിനിമയ നിരക്ക് 88.75 ഉം അന്താരാഷ്ട്ര സ്വർണ്ണവില 4015 ഡോളറുമാണ്.
കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 11,360 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് 9,345 രൂപയും 14 കാരറ്റ് സ്വർണത്തിന് 7,275 രൂപയും 9 കാരറ്റ് സ്വർണത്തിന് 4,710 രൂപയും ആയി വില ഉയർന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് 98,000 രൂപയിൽ കൂടുതൽ നൽകേണ്ടി വരും.
അതേസമയം, വെള്ളിയുടെ വിലയിലും കാര്യമായ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് വിപണിയിൽ വെള്ളിയുടെ വില 163 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 160 രൂപ കടക്കുന്നത്. വരും ദിവസങ്ങളിലും വെള്ളിയുടെ വില ഉയരുമെന്ന് വിപണി വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.