അലുമിനിയം ക്യാനിന്റെ അവസ്ഥ വളരെ ശോകം; ഇന്ത്യയിലെ 'ബിയർ' വ്യവസായം തകരുന്നതായി റിപ്പോർട്ടുകൾ; കോടികളുടെ നഷ്ടം വന്നതായി കണക്കുകൾ; ഇനി പത നുരയാൻ പാട് പെടും

Update: 2025-10-14 14:11 GMT

ഡൽഹി: രാജ്യത്തെ ബിയർ വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലേക്ക്. ബിയർ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന അലുമിനിയം ക്യാനുകളുടെ ലഭ്യതക്കുറവാണ് ഉത്പാദനത്തെയും വിപണനത്തെയും സാരമായി ബാധിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഏകദേശം 1,300 കോടി രൂപയുടെ നികുതി വരുമാന നഷ്ടം ഉണ്ടാകുമെന്ന് ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അസോസിയേഷൻ സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്.

2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിയമമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. അലുമിനിയം ക്യാനുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ നിയമം, ആഭ്യന്തര ഉത്പാദനത്തെയും ഇറക്കുമതിയെയും ഒരുപോലെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന ക്യാനുകൾക്ക് ബിഐഎസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയതോടെ, വിദേശത്തുനിന്ന് ക്യാൻ എത്തിക്കാൻ മാസങ്ങൾ എടുക്കും.

രാജ്യത്തെ 55 ബ്രൂവറികളിലും ഉത്പാദനം താളം തെറ്റാൻ സാധ്യതയുണ്ട്. ക്യാൻ നിർമാണ കമ്പനികൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിച്ചിട്ടും ആവശ്യകത നിറവേറ്റാൻ കഴിയുന്നില്ല. ഉത്പാദന ശേഷി വർദ്ധിപ്പിക്കാൻ 6 മുതൽ 12 മാസം വരെ സമയം ആവശ്യമായി വരും. ബ്രൂവേഴ്‌സ് അസോസിയേഷന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ മൊത്തം ബിയർ വിൽപ്പനയുടെ ഏകദേശം 20% വരുന്ന 500 മില്ലിലിറ്റർ അലുമിനിയം ക്യാനുകൾക്ക് പ്രതിവർഷം 12-13 കോടി യൂണിറ്റിന്റെ കുറവുണ്ടാകും.

പാക്കേജിംഗ് വസ്തുക്കളുടെ ക്ഷാമം കാരണം ഉത്പാദനം തടസ്സപ്പെട്ടാൽ നിരവധി ബ്രൂവറികൾക്ക് പ്രവർത്തനം നിർത്തിവെക്കേണ്ടി വരും. ഇറക്കുമതി ചെയ്യുന്ന ക്യാനുകൾക്ക് ബിഐഎസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്ന നിയമം 2026 ഏപ്രിൽ 1 വരെ മാറ്റിവെക്കണമെന്നാണ് നിർമാതാക്കളുടെ ആവശ്യം. 27,000-ത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന ഈ വ്യവസായം കാർഷിക മേഖല, പാക്കേജിംഗ്, ലോജിസ്റ്റിക്സ്, റീട്ടെയിൽ തുടങ്ങിയ അനുബന്ധ മേഖലകളെയും സാരമായി സ്വാധീനിക്കുന്നുണ്ട്. നിയമങ്ങളിൽ ഇളവ് ലഭിച്ചില്ലെങ്കിൽ, ഈ മേഖലകളിലെല്ലാം പ്രതിസന്ധി നേരിടേണ്ടി വരും.

ഇറക്കുമതി ചെയ്യുന്ന അലുമിനിയം ക്യാനുകൾക്കുള്ള ബിഐഎസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയ നിയമത്തിൽ ഇളവ് ലഭിച്ചില്ലെങ്കിൽ, ബിയർ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്.

Tags:    

Similar News