2022-ല്‍ ബ്രിട്ടനെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി; ഇപ്പോള്‍ ജപ്പാനേയും പിന്തള്ളി; ഇനി മുന്നിലുള്ളത് അമേരിക്കയും ചൈനയും ജര്‍മനിയും മാത്രം; 2030ല്‍ ജര്‍മനിയേയും മറികടക്കും; ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തി; ആഗോള സാമ്പത്തിക ഭൂപടത്തില്‍ ഇന്ത്യന്‍ ചരിതം തുടരുന്നു

Update: 2025-12-31 03:37 GMT

മുംബൈ: ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിന് പിന്നാലെയാണ് ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ്.

വൈകാതെ തന്നെ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ എത്തുമെന്നാണ് കരുതപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വര്‍ഷാവസാന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരമാണ് ജപ്പാനെ പിന്തള്ളി ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെയും മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ഏകദേശം 4.18 ട്രില്യണ്‍ ഡോളറില്‍ എത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2030-ഓടെ ഇത് 7.3 ട്രില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.2 ശതമാനമാണ്. ഇത് കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കരുത്തില്‍ കയറ്റുമതി മേഖലയും വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഐ.എം.എഫ് പ്രവചിക്കുന്നത് അടുത്ത വര്‍ഷത്തോടെ ഇന്ത്യ ഔദ്യോഗികമായി ജപ്പാനെ മറികടക്കുമെന്നാണ്. അതായത് അമേരിക്കയും ചൈനയും ജര്‍മനിയുമാണ് ഇന്ത്യയ്ക്ക് മുന്നില്‍ ഇനിയുള്ളത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തിന്റെ വളര്‍ച്ചാ പ്രവചനം 7.3 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ വ്യാപാര മേഖലയില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഇന്ത്യയിലെ ആഭ്യന്തര ആവശ്യകതയും ഉപഭോഗവും വര്‍ദ്ധിച്ചതാണ് പ്രധാനമായും വളര്‍ച്ചയ്ക്ക് കാരണമായത്. ഉയര്‍ന്ന വളര്‍ച്ചയും കുറഞ്ഞ പണപ്പെരുപ്പവും നിലനില്‍ക്കുന്ന അപൂര്‍വ്വമായ ഒരു ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. സുശക്തമായ കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍, മികച്ച ക്രെഡിറ്റ് ഒഴുക്ക്, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്നിവ ഇന്ത്യയുടെ അടിത്തറ വര്‍ദ്ധിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമായ 2047-ഓടെ ഉയര്‍ന്ന ഇടത്തരം വരുമാനമുള്ള രാജ്യം എന്ന പദവി കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

അതേ സമയം സമ്പദ്വ്യവസ്ഥയുടെ വലിപ്പത്തില്‍ മുന്നിലാണെങ്കിലും വികസിത രാജ്യങ്ങളുമായുള്ള പ്രതിശീര്‍ഷ വരുമാനത്തിലെ വിടവ് ഇപ്പോഴും വലുതാണ്. 2024-ലെ കണക്കനുസരിച്ച് ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2,694 ഡോളറാണ്. ഇത് ജപ്പാനെക്കാള്‍ 12 മടങ്ങും ജര്‍മ്മനിയെക്കാള്‍ 20 മടങ്ങും കുറവാണ്. കൂടാതെ, വര്‍ദ്ധിച്ചുവരുന്ന യുവജനങ്ങള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. ഇന്ത്യയിലെ 140 കോടി ജനങ്ങളില്‍ നാലിലൊന്നും 10-നും 26-നും ഇടയില്‍ പ്രായമുള്ളവരാണ്. അതോടൊപ്പം കറന്‍സി മൂല്യത്തിലുണ്ടാകുന്ന ഇടിവും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

2022-ല്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയിരുന്നു. ഇപ്പോള്‍ ജപ്പാനെയും പിന്നിലാക്കിയതോടെ ആഗോള സാമ്പത്തിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്വാധീനം കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

Tags:    

Similar News