ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ പുതിയ തലത്തിലേക്ക്; അഞ്ചു വര്‍ഷത്തേക്ക് 'ഏറ്റവും പ്രിയപ്പെട്ട രാജ്യം'പദവി; ഡിജിറ്റല്‍ വ്യാപാരത്തിലും കസ്റ്റംസിലും വലിയ ഇളവുകള്‍; ഓണ്‍ലൈന്‍ വ്യാപാരത്തിലെ അനാവശ്യ തടസ്സങ്ങളും നീക്കം; ഇന്ത്യന്‍ കയറ്റുമതി കുതിയ്ക്കും

Update: 2026-03-01 02:44 GMT

ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറില്‍നിര്‍ണ്ണായക വഴിത്തിരിവ്. കരാര്‍ പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇരുവിഭാഗവും പരസ്പരം 'ഏറ്റവും പ്രിയപ്പെട്ട രാജ്യം' എന്ന പദവി നല്‍കും. ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കുന്നതിലൂടെ ഇരുപക്ഷവും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ തീരുമാനം.

'ഏറ്റവും പ്രിയപ്പെട്ട രാജ്യം' പദവിയും വ്യാപാരവും തമ്മില്‍ സുപ്രധാന ബന്ധമുണ്ട്. അഞ്ചു വര്‍ഷത്തെ ഇളവ്: അഞ്ചു വര്‍ഷത്തേക്ക് പരസ്പരം മികച്ച വ്യാപാര ആനുകൂല്യങ്ങള്‍ നല്‍കുന്നതിലൂടെ വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ഉറപ്പാക്കും. ഭൂരിഭാഗം ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി നികുതി കുറയ്ക്കുന്നതോടെ യൂറോപ്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ യൂറോപ്പിലും കുറഞ്ഞ വിലയില്‍ ലഭ്യമാകും. കര്‍ഷകരുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി തന്ത്രപ്രധാനമായ ചില കാര്‍ഷിക ഉല്‍പ്പന്നങ്ങളെ കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സോയ, ബീഫ്, പഞ്ചസാര, അരി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഈ വ്യാപാര കരാറിന്റെ പരിധിയില്‍ വരില്ല. ഇവയുടെ നികുതിയിലും നിയന്ത്രണങ്ങളിലും മാറ്റമുണ്ടാകില്ല.

ഓണ്‍ലൈന്‍ വ്യാപാരത്തിലെ അനാവശ്യ തടസ്സങ്ങള്‍ നീക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തി. സ്വകാര്യത മൗലികാവകാശമായി അംഗീകരിക്കുമ്പോഴും ഡാറ്റാ സംരക്ഷണത്തില്‍ അതത് രാജ്യങ്ങളുടെ നിയമങ്ങള്‍ നിലനില്‍ക്കും. ഇലക്ട്രോണിക് കരാറുകള്‍ക്കും സിഗ്‌നേച്ചറുകള്‍ക്കും നിയമസാധുത നല്‍കും. ചരക്ക് നീക്കം സുഗമമാക്കാന്‍ കസ്റ്റംസ് നടപടികള്‍ ലളിതമാക്കും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലോക വ്യാപാര സംഘടനയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തും. കരാര്‍ നടപ്പിലാക്കുന്നത് നിരീക്ഷിക്കാന്‍ എല്ലാ വര്‍ഷവും ഇറക്കുമതി വിവരങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചു.

ഹരിതഗൃഹ വാതക പുറന്തള്ളല്‍ കുറയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക സഹായവും നിക്ഷേപവും നല്‍കും. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കായി കൂടുതല്‍ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്താന്‍ ഇത് വഴിയൊരുക്കും. ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്കപ്പുറം പുതിയ കയറ്റുമതി-ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും ഇരുപക്ഷവും ഉറപ്പുനല്‍കി. കരട് രേഖ അംഗീകരിച്ച് പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് വലിയ ഉണര്‍വ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

Similar News