മേജർ ദ്വിപന്നിത കലിതയെ തേടി മറ്റൊരു അംഗീകാരം കൂടി; ഫെമിനയുടെ കവർ ചിത്രത്തിൽ ഇടം നേടി അസമിൽ നിന്നുള്ള ആദ്യ വനിതാ പാരാട്രൂപ്പർ

Update: 2025-08-12 14:38 GMT

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിൽ അസമിൽ നിന്നുള്ള ആദ്യ വനിതാ പാരാട്രൂപ്പർ എന്ന ചരിത്രനേട്ടം കൈവരിച്ച മേജർ ദ്വിപന്നിത കലിതയ്ക്ക് മറ്റൊരു അംഗീകാരം കൂടി. പ്രശസ്ത വനിതാ മാസികയായ ഫെമിന ഇന്ത്യയുടെ ഏറ്റവും പുതിയ സ്വാതന്ത്ര്യദിന സ്പെഷ്യൽ പതിപ്പിന്റെ മുഖചിത്രമായി മാറിയിരിക്കുകയാണ് ഈ ധീര സൈനിക. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ, മേജർ ദ്വിപന്നിത കലിത ഉൾപ്പെടെ 10 ഇന്ത്യൻ വനിതാ സൈനികരെയാണ് മാസികയുടെ കവർ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അസമിലെ സോനിത്പൂർ ജില്ലയിലെ ധേകിയാജുലി എന്ന ചെറിയ പട്ടണത്തിലെ സാധാരണ കുടുംബത്തിലായിരുന്നു ലളിതയുടെ ജനനം. പ്രതിരോധ സേനയിലോ മെഡിസിൻ പോലുള്ള മേഖലകളിലോ സ്ത്രീകൾക്ക് അവസരങ്ങൾ പരിമിതമായിരുന്ന ഒരു സാമൂഹിക ചുറ്റുപാടിൽ നിന്നാണ് അവർ തൻ്റെ സ്വപ്നങ്ങളിലേക്ക് പറന്നുയർന്നത്. സൈനിക ജീവിതത്തിന് മുമ്പുതന്നെ കലിത ചരിത്രത്തിൽ ഇടംനേടിയിരുന്നു. ഫിലിപ്പീൻസിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയതോടെ വിദേശത്ത് ഉപരിപഠനം നടത്തുന്ന സോനിത്പൂർ ജില്ലയിലെ ആദ്യത്തെ പെൺകുട്ടിയെന്ന ബഹുമതി അവർ സ്വന്തമാക്കി.

പഠനത്തിനുശേഷം ഡൽഹിയിലെ ഒരു പ്രമുഖ ആശുപത്രിയിൽ എമർജൻസി, ഗൈനക്കോളജി വിഭാഗങ്ങളിൽ പ്രവൃത്തിപരിചയം നേടി. സമ്മർദ്ദ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഈ പരിശീലനം പിന്നീട് സൈനിക ജീവിതത്തിൽ അവർക്ക് വലിയ മുതൽക്കൂട്ടായി. പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാർഢ്യം കൊണ്ട് എങ്ങനെ മറികടക്കാം എന്നതിൻ്റെ ഉദാഹരണമാണ് കലിതയുടെ ജീവിത യാത്ര. ഒരാളുടെ ഭാവിയെ നിർണ്ണയിക്കുന്നത് സാഹചര്യങ്ങളല്ല, മറിച്ച് അവരുടെ തിരഞ്ഞെടുപ്പുകളും കഠിനാധ്വാനവുമാണെന്ന് കലിതയുടെ ജീവിതം ഓർമ്മിപ്പിക്കുന്നു.

കേണൽ അൻഷു ജാംവാൾ, കേണൽ സോഫിയ ഖുറേഷി, കേണൽ പോനുങ് ഡോമിംഗ്, കേണൽ മേഘ്ന ഡേവ്, ലെഫ്റ്റനൻ്റ് കേണൽ കൃതിക പാട്ടീൽ, മേജർ ദ്വിപന്നിത കലിത, ക്യാപ്റ്റൻ ഓജസ്വിത ശ്രീ, ക്യാപ്റ്റൻ ശ്രദ്ധ ശിവ്ദാവ്കർ, ലാൻസ് നായിക് ആഷിക എന്നിവരാണ് ഫെമിനയുടെ കവർ ചിത്രത്തിൽ ഇടം നേടിയ മറ്റ് വനിതാ സൈനിക ഉദ്യോഗസ്ഥർ.

Tags:    

Similar News