വീടിന് പുറത്ത് ഒരു സംഘം ബഹളം വയ്ക്കുന്നത് തടയാന്‍ ശ്രമിച്ചു; ഹരിയാനയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വീടിന് മുന്നിലിട്ട് തല്ലിക്കൊന്നു
ഛണ്ഡീഗഢ്: ഹരിയാനയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വീടിന് മുന്നിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്‌പെക്ടര്‍ രമേശ് കുമാറാണ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥന്‍ അടുത്ത വര്‍ഷം ജനുവരിയില്‍ വിരമിക്കാനിരിക്കെയാണ് കൊലപാതകം.
ഹിസാറിലെ ധ്യാനി ശ്യാംലാല്‍ പ്രദേശത്ത് വ്യാഴാഴ്ച രാത്രി 11ഓടെയാണ് സംഭവം.
വീടിന് പുറത്ത് ഒരു സംഘം ബഹളം വയ്ക്കുന്നത് തടയാന്‍ ശ്രമിച്ചതിനു പിന്നാലെയായിരുന്നു 57കാരനായ എസ്‌ഐയെ അക്രമികള്‍ തല്ലിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു. കട്ടകളും കമ്പുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ബഹളം വച്ചതിന് ഉദ്യോഗസ്ഥന്‍ ശകാരിച്ചതോടെ സംഘം മടങ്ങിപ്പോയി. എന്നാല്‍ പ്രശ്‌നം അവിടംകൊണ്ട് തീര്‍ന്നിരുന്നില്ല. ആയുധങ്ങളുമായി മടങ്ങിയെത്തിയ സംഘം പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് മുന്നിലെത്തി അസഭ്യം പറയുകയും വീണ്ടും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതോടെ ചോദിക്കാനായി പുറത്തിറങ്ങിയ ഉദ്യോഗസ്ഥനെ ഇവര്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റ രമേശ് കുമാര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരണത്തിന് കീഴടങ്ങി. ആക്രമണം കണ്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ പ്രതികള്‍ കാറിലും ബൈക്കിലുമായി രക്ഷപെട്ടു. തുടര്‍ന്ന്, കുടുംബം പൊലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്തതായും അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ സാവന്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്റെ അതേ സ്ഥലത്ത് തന്നെയാണ് അക്രമികളുടെയും വീടുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അക്രമികള്‍ ഉപയോഗിച്ച കാറും സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.