വിവാഹത്തിന് നിര്‍ബന്ധിച്ചു; ലിവ് ഇന്‍ പങ്കാളിയെ കാറിടിപ്പിച്ച് കൊന്ന് യുവാവ്: 30കാരിയെ കൊലപ്പെടുത്തിയത് സ്നേഹം നടിച്ച് കാറില്‍ കയറ്റി കൊണ്ടു പോയ ശേഷം

വിവാഹത്തിന് നിര്‍ബന്ധിച്ചു; ലിവ് ഇന്‍ പങ്കാളിയെ കാറിടിപ്പിച്ച് കൊന്ന് യുവാവ്

Update: 2025-01-20 04:57 GMT

ലക്നൗ: വിവാഹത്തിന് നിര്‍ബന്ധിച്ചതിന് പിന്നാലെ ലിവ്-ഇന്‍ പങ്കാളിയെ യുവാവ് കാറിടിപ്പിച്ചു കൊന്നു. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി ജോലി ചെയ്യുന്ന ഗീത ശര്‍മ (30) യാണ് കൊല്ലപ്പെട്ടത്. യുവതിയെ വഴിയില്‍ വെച്ച് വാഹനത്തില്‍ നിന്നും പുറത്തിറക്കിയ ശേഷം ദേഹത്ത് കൂടി കാര്‍ കയറ്റി ഇറക്കുക ആയിരുന്നു. മൃതദേഹം കണ്ട പ്രദേശവാസികള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മരിച്ചിരുന്നപ.

തലയിലും ശരീരത്തിന്റെ വിവിധഭാഗങ്ങളിലും മാരകമായ പരിക്കുകളുണ്ടായിരുന്നു. യുവതിയുടെ സഹോദരന് തോന്നിയ സംശയമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഗീതയുടെ കുടുംബത്തിന്റെ പരാതിയില്‍ ഗീതയുടെ പങ്കാളി ഗിരിജാ ശങ്കറിനെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്.

റായ്ബറേലി സ്വദേശിയായ ഗീത, ഏറെ നാളായി പിജിഐയില്‍ ഗിരിജാ ശങ്കര്‍ എന്നയാള്‍ക്കൊപ്പമായിരുന്നു താമസം. വിവാഹിതനായ ഗിരിജാ ശങ്കര്‍ കുടുംബത്തെ അറിയിക്കാതെയാണ് ഗീതയ്ക്കൊപ്പം താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ കുറച്ച് കാലങ്ങളായി കടുത്ത അസ്വാരസ്യങ്ങളായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഗീത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കൂടാതെ ഗീതയുടെ പേരില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ട്. അതില്‍ അവകാശിയായി ഗിരിജാശങ്കറിന്റെ പേരാണ് ഗീത നല്‍കിയിരുന്നത്. ഈ തുക തട്ടിയെടുക്കാന്‍ ഗിരിജാശങ്കര്‍ ഗീതയെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഗീതയെ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് സ്നേഹം നടിച്ച് പ്രതി കാറില്‍ കയറ്റിക്കൊണ്ടു പോവുകയും പിജിഐ പ്രദേശത്ത് വച്ച് കാറിന്റെ പിറകില്‍ നിന്ന് എന്തോ ശബ്ദം വരുന്നുവെന്നും ഇറങ്ങിനോക്കാമോ എന്നും ഇയാള്‍ ആവശ്യപ്പെട്ടു. കാറിന്റെ പിറക് വശത്ത് എത്തിയതോടെ ഗീതയെ കാര്‍ ഇടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. മരണം ഉറപ്പിക്കാന്‍ രണ്ട് തവണകൂടി കാര്‍ കയറ്റിയിറക്കി.

ഗീതയ്ക്ക് അപകടം പറ്റിയെന്ന് പറഞ്ഞാണ് ഗിരിജാ ശങ്കര്‍ ഗീതയുടെ സഹോദരനെ വിളിക്കുന്നത്. സംശയം തോന്നിയ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. വിശദമായ പരിശോധനയില്‍ ഗിരിജാ ശങ്കറിന്റെ കാറിന്റെ ടയറില്‍ രക്തം പറ്റിപ്പിടിച്ചിരിക്കുന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് അയാളെ അറസ്റ്റ് ചെയ്തത്.

Similar News