പാചകവാതകത്തിന്റെ പേരില്‍ കെണിയൊരുക്കി; ആയിരം രൂപയ്ക്ക് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് വിറ്റു; കാടിനുള്ളില്‍ നടന്നത് അതിക്രൂരമായ കൂട്ടബലാത്സംഗം; രണ്ട് പ്രതികള്‍ പിടിയില്‍; മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍
ഫൈസാഗഞ്ച്: ആയിരം രൂപയ്ക്ക് സ്വന്തം ഭാര്യയെ സുഹൃത്തുക്കള്‍ക്ക് വിറ്റെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പണം കൊടുത്ത് യുവതിയെ വാങ്ങിയ സുഹൃത്തുക്കള്‍ ഇവരെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ഫൈസാഗഞ്ചിലാണ് സംഭവം. 30കാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്.
പാചകവാതക കണക്ഷന്‍ ശരിയാക്കാം എന്ന് വിശ്വസിപ്പിച്ചാണ് ഭര്‍ത്താവ് 30-കാരിയായ യുവതിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ പോകുന്ന വഴിയില്‍ കാത്തുനിന്ന സുഹൃത്തുക്കള്‍ക്ക് മുന്നിലേക്ക് ഇയാള്‍ ഭാര്യയെ എത്തിക്കുകയായിരുന്നു. ഗ്യാസ് ഏജന്‍സിയിലേക്ക് പോകുന്നതിന് പകരം ഭര്‍ത്താവ് യുവതിയെ വിജനമായ യൂക്കാലിക്കാടിന് സമീപത്തേക്ക് എത്തിച്ചു. അവിടെ കാത്തുനിന്ന രണ്ട് സുഹൃത്തുക്കളില്‍ നിന്ന് ഇയാള്‍ 1000 രൂപ കൈപ്പറ്റി. തുടര്‍ന്ന് 'അത്യാവശ്യമായി വീട്ടില്‍ പോകണം, സുഹൃത്തുക്കള്‍ ഗ്യാസ് ഏജന്‍സിയില്‍ എത്തിക്കും' എന്ന് പറഞ്ഞ് ഇയാള്‍ സ്ഥലം വിട്ടു.
ഭര്‍ത്താവിനെ വിശ്വസിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം പോയ യുവതിയെ ഇവര്‍ കാടിനുള്ളിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. യുവതി നിലവിളിച്ചപ്പോള്‍ പ്രതികള്‍ വായ പൊത്തിപ്പിടിക്കുകയും, ഭര്‍ത്താവിന് പണം നല്‍കിയാണ് ഇവരെ വാങ്ങിയതെന്ന സത്യം വെളിപ്പെടുത്തുകയും ചെയ്തു. ബലാല്‍സംഗത്തിന് ശേഷം യുവതിയെ കാട്ടില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു.
മുറിവേറ്റ് അവശനിലയിലായ യുവതി ഒരുവിധത്തില്‍ വീട്ടിലെത്തി. വിവരം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ 'നിന്നെ വിറ്റ് ഞാന്‍ ജീവിക്കുമെന്നാ'യിരുന്നു മറുപടി. ഇതോടെ വിവരം വീട്ടില്‍ അറിയിച്ച യുവതി അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്.