റോഡില്‍ തീ തുപ്പുന്ന കാറുമായെത്തി നാട്ടുകാരെ ഞെട്ടിച്ചു; പിന്നാലെ എംവിഡിയുടെ വക മുട്ടന്‍ പണി! തീ തുപ്പുന്ന സൈലന്‍സര്‍ ഘടിപ്പിച്ച കാര്‍ പിടിച്ചെടുക്കും; രജിസ്‌ട്രേഷന്‍ റദ്ദാക്കും, ഉടമയുടെ ലൈസന്‍സും പോകും; റീല്‍സ് ഹിറ്റാക്കാന്‍ ഇറങ്ങിയ മുഹമ്മദ് ഇര്‍ഫാന്‍ ഒളിവില്‍

Update: 2026-02-10 11:47 GMT

കൊല്ലം: കുണ്ടറയില്‍ റോഡ് നിയമങ്ങളെ വെല്ലുവിളിച്ച് അഭ്യാസപ്രകടനം നടത്തിയ 'തീ തുപ്പുന്ന' കാറിനും ഉടമയ്ക്കുമെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് (MVD). പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ പുറത്തുവിടുന്ന തരത്തില്‍ മാറ്റം വരുത്തിയ കാറിനെതിരെയാണ് നടപടി. പള്ളിക്കല്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ തെളിവായി സ്വീകരിച്ചാണ് അധികൃതര്‍ നടപടിയെടുത്തത്.

കുണ്ടറ ഇളമ്പള്ളൂരില്‍ പൊതുജനങ്ങളെയും മറ്റ് വാഹനയാത്രികരെയും ഭീതിയിലാഴ്ത്തി തീ തുപ്പുന്ന സൈലന്‍സര്‍ ഘടിപ്പിച്ചായിരുന്നു അഭ്യാസപ്രകടനം. വീഡിയോ പ്രചരിച്ചതോടെ പള്ളിക്കല്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് എംവിഡി കണ്ടെത്തി. സംഭവത്തിന് പിന്നാലെ വാഹന ഉടമ ഒളിവില്‍ പോയിരിക്കുകയാണ്.

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. ഇതോടെ വണ്ടി നിരത്തിലിറക്കാനാകില്ല. വാഹന ഉടമയായ മുഹമ്മദ് ഇര്‍ഫാന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച കാര്‍ എത്രയും വേഗം പിടിച്ചെടുക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. പൊതുനിരത്തുകളില്‍ വലിയ ശബ്ദമുണ്ടാക്കിയും സൈലന്‍സറിലൂടെ തീ തുപ്പിയും നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്. ഇത്തരം രൂപമാറ്റങ്ങള്‍ വാഹനത്തിന് തീപിടിക്കാനും വന്‍ ദുരന്തങ്ങള്‍ക്കും കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Similar News