കണ്ണില്‍ അസഹ്യമായ ചൊറിച്ചില്‍; വിവിധ ആശുപത്രികള്‍ കയറിയിറങ്ങി; ഒടുവില്‍ 20കാരിയുടെ കണ്ണില്‍ നിന്ന് 16 സെ.മീ. നീളമുള്ള ജീവനുള്ള വിരയെ കണ്ടെത്തി
20കാരിയുടെ കണ്ണില്‍ നിന്ന് 16 സെ.മീ. നീളമുള്ള വിരയെ കണ്ടെത്തി
മലപ്പുറം: കണ്ണില്‍ അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെട്ട ഇരുപതുകാരിയുടെ കണ്ണില്‍ നിന്നും 16 സെന്റീമീറ്റര്‍ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. ഇരുപതുകാരിയുടെ കണ്ണില്‍ നിന്നാണ് ഡോ. അനൂപ് രവിയുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തത്.
കണ്ണില്‍ അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെട്ട യുവതി ആദ്യം ജോലി ചെയ്യുന്ന തൃശൂരിലെ ഒരു ആശുപത്രിയിലാണ് കാണിച്ചത്. എന്നാല്‍ ഇവിടെ നിന്നും പ്രശ്നം കണ്ടെത്താനായില്ല. തുടര്‍ന്ന് നിരവധി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും വിവിധ മരുന്നുകള്‍ കഴിച്ചെങ്കിലും ഫലം കണ്ടെത്താനായില്ല.
തുടര്‍ന്ന് ഇക്കഴിഞ്ഞ ദിവസം വൈകീട്ട് ഏഴു മണിയോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ എത്തി. ഇവിടെ നടന്ന പരിശോധനയിലാണ് ഇടതു കണ്‍പോളയുടെ തൊലിക്കടിയിലൂടെ സഞ്ചരിച്ച് വലത് കണ്‍പോളക്കടിയിലെത്തിയ നീണ്ട വിരയെ കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കണ്‍പോളയില്‍ ചെറിയ സുഷിരമുണ്ടാക്കി വിരയെ പുറത്തെടുക്കുകയായിരുന്നു.
ഏത് ഇനത്തിലുള്ള വിരയാണെന്നറിയുന്നതിനായി ഇതിനെ വിദഗ്ധ പരിശോധനക്കയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയിലും സമാനമായ രീതിയില്‍ 60കാരിയുടെ കണ്ണില്‍ നിന്നും 12 സെന്റിമീറ്റര്‍ നീളമുള്ള വിരയെ ഡോ. അനൂപ് രവിയുടെ നേതൃത്വത്തില്‍ പുറത്തെടുത്തിരുന്നു.
തൃപ്പനച്ചി എഫ്.എച്ച് സി യിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ.അശ്വതി സോമനാണ് ഭാര്യ. സാധാരണയായി ഡൈലോ ഫൈലേറിയ എന്ന പേരിലറിയപ്പെടുന്ന വിരകളാണ് ഇത്തരത്തില്‍ കണ്ണിനകത്തും പരിസരത്തുമായി കണ്ടെത്തുന്നത്. ചിലപ്പോള്‍ ഇവ തലയ്ക്കകത്തേക്കും നീങ്ങാറുണ്ട്. ലോക്കല്‍ അനസ്തേഷ്യ നല്‍കി മാത്രമെ ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനാകൂ. മൃഗങ്ങളില്‍ മാത്രമാണ് ഇത്തരം വിരകള്‍ക്ക് ജീവന സാധ്യതയുള്ളത്. മനുഷ്യ ശരീരത്തില്‍ സാധാരണ ഗതിയില്‍ ഇവ ജീവിക്കുന്നത് വളരെ അപൂര്‍വ്വമാണ്.
പ്രായപൂര്‍ത്തിയായ വിരകള്‍ വളര്‍ത്തു മൃഗങ്ങളായ നായ, പൂച്ച എന്നിവയുടെ തൊലിക്കുള്ളില്‍ പ്രജനനം നടത്തുന്നു. മൈക്രോ ഫൈലേറിയ എന്നറിയപ്പെടുന്ന ഇവ ഫീലിക്സ് കൊതുകുകളിലൂടെ മനുഷ്യ ശരീരത്തിലെത്തും. മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ നശിക്കുന്ന ഇത്തരം മൈക്രോ ഫൈലേറിയകളില്‍ അപൂര്‍വ്വം ചിലത് നശിക്കാതെ രക്തത്തിലൂടെ കണ്ണുകള്‍ക്കകത്തേക്കാണ് എത്തുന്നതാണ്. ഓസ്േ്രടലിയയിലും മറ്റുമുള്ള ചില വര്‍ഗ്ഗം വിരകള്‍ ഇത്തരത്തില്‍ ചേക്കേറുന്നത് ശ്വാസ കോശത്തിലേക്കോ തലച്ചോറിലേക്കോ ആണ്. ഇത് ഏറെ അപകടകരമാണ്. വീട്ടില്‍ നായ, പൂച്ച എന്നിവയെ വളര്‍ത്തുന്നവര്‍ ഇവയുടെ രക്ത സാമ്പിളുകള്‍ വെറ്ററിനറി ആശുപത്രികളില്‍ പരിശോധനക്ക് വിധേയമാക്കുന്നത് ഇത്തരം രോഗങ്ങള്‍ പകരുന്നത് തടയാനാകുമെന്ന് ആരോഗ്യ വിദ്ഗ്ധര്‍ അഭിപ്രായപ്പെടുന്നു.