ബാറിന്റെ സമയത്തെ ചൊല്ലി തര്‍ക്കം; പുറത്തിറങ്ങിയതിന് പിന്നാലെ ജീവനക്കാരന് നേരെ വെടിവെച്ച് മദ്യപന്‍

ബാറിന്റെ സമയത്തെ ചൊല്ലി തര്‍ക്കം; പുറത്തിറങ്ങിയതിന് പിന്നാലെ ജീവനക്കാരന് നേരെ വെടിവെച്ച് മദ്യപന്‍

Update: 2026-03-11 04:14 GMT

കോട്ടയം: ബാര്‍ ജീവനക്കാരനു നേരെ വെടിയുതിര്‍ത്ത് മദ്യപന്‍. ബാറിന്റെ സമയം കഴിഞ്ഞതിനാല്‍ മദ്യപിച്ചിരുന്നയാളോട് പുറത്തുപോകണമെന്ന് ജീവനക്കാരന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. പുതുപ്പള്ളി കൈതേപ്പാലത്തെ ബാറില്‍ തിങ്കള്‍ രാത്രി 11ന് ആണു സംഭവം. ബാര്‍ സമയം കഴിഞ്ഞെന്നും ബില്ലടച്ചു പുറത്തേക്ക് ഇറങ്ങണമെന്നും മദ്യപിച്ചുകൊണ്ടിരുന്ന നാലംഗ സംഘത്തോടു ജീവനക്കാരന്‍ പറഞ്ഞതാണു പ്രകോപനത്തിനു കാരണം. ഇതേ തുടര്‍ന്ന് ജീവനക്കാരുമായി തര്‍ക്കമുണ്ടായി.

സംഘത്തിലെ രണ്ടുപേര്‍ ചേര്‍ന്നു ജീവനക്കാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ബാറില്‍നിന്നു പുറത്തിറങ്ങിയ സംഘാംഗങ്ങളിലൊരാള്‍ ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍വച്ച് ബാര്‍ ജീവനക്കാരനു നേരെ തോക്കുചൂണ്ടി. ഇതുകണ്ട സംഘത്തിലെ മറ്റു രണ്ടുപേര്‍ ചേര്‍ന്നു പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ മദ്യപന്‍ വെടിയുതിര്‍ത്തു. ബാര്‍ ജീവനക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇതോടെ, സംഘം സ്ഥലത്തുനിന്നു കടന്നുകളഞ്ഞെന്നും ബാര്‍ മാനേജ്‌മെന്റ് ഈസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചു വെടിവച്ചെന്നാണു പൊലീസ് നിഗമനം. കേസെടുത്തെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു. ബാര്‍ ജീവനക്കാരായ യുവതികളോടു മദ്യപസംഘത്തിലെ രണ്ടുപേര്‍ മോശമായി പെരുമാറിയതാണു തര്‍ക്കത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്.

Tags:    

Similar News