ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും; എല്‍ഡിഎഫ് വന്നാലേ ഇത് സാധ്യമാകൂ എന്ന് മുഖ്യമന്ത്രി; ധര്‍മ്മടത്ത് വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി

Update: 2026-04-04 07:51 GMT

കണ്ണൂര്‍: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഘട്ടംഘട്ടമായി 3000 രൂപയായി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം മണ്ഡലത്തിലെ പര്യടനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. എല്‍ഡിഎഫ് അല്ലാതെ മറ്റൊരു സര്‍ക്കാര്‍ വന്നാല്‍ ഇത്തരം ജനക്ഷേമ പദ്ധതികള്‍ നടപ്പിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 1600 രൂപയായ ക്ഷേമ പെന്‍ഷന്‍ 3000 രൂപയിലേക്ക് ഉയര്‍ത്തും. 2016-ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണ്ണമായും തീര്‍ത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്. 62 ലക്ഷം പേര്‍ക്കാണ് നിലവില്‍ കേരളത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നത്. ഭവനരഹിതര്‍ക്കായി അഞ്ച് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന വാഗ്ദാനം എല്‍ഡിഎഫ് പൂര്‍ത്തിയാക്കി. ഇതിന്റെ രണ്ടാം ഘട്ടമായ 'ലൈഫ് മിഷന്‍ 2' ഉടന്‍ നടപ്പാക്കുമെന്നും കൂടുതല്‍ പേര്‍ക്ക് വീട് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാഗ്ദാനങ്ങള്‍ കൃത്യമായി പാലിച്ചാണ് സര്‍ക്കാര്‍ ജനവിശ്വാസം നേടിയത്. വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ എല്‍ഡിഎഫ് ഭരണം അത്യാവശ്യമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള ഇടതുപക്ഷത്തിന്റെ കരുത്താണ് വികസന പ്രവര്‍ത്തനങ്ങളുടെ ആധാരമെന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഭരണത്തുടര്‍ച്ച ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar News