ഭാര്യയെ കഴുത്തില്‍ കയര്‍ കുടുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
ഭാര്യയെ കഴുത്തില്‍ കയര്‍ കുടുക്കി കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്തില്‍ കയര്‍ കുടുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍. വലിയതുറ എഫ്.സി.ഐ ഗോഡൗണിന് സമീപം താമസിക്കുന്ന റിച്ചാര്‍ഡ്‌സണ്‍ ഗോമസ് (41) ആണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. ഭാര്യയെ മര്‍ദ്ദിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇയാള്‍ക്കെതിരെ ഏകദേശം 35-ഓളം ഗുരുതര ക്രിമിനല്‍ കേസുകളുണ്ടെന്നും വലിയതുറ പൊലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട കുറ്റവാളിയാണെന്നും പൊലീസ് അറിയിച്ചു. വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിബി.വി.എന്‍, ഓമനക്കുട്ടന്‍ നായര്‍.ബി, സി.പി.ഒമാരായ കിഷോര്‍ കോമളന്‍, റെജിന്‍, കിരണ്‍.ജെ തമ്പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.