പയ്യന്നൂരിലെ വ്യാജ ആധാര്‍ ആരോപണം; കെ.സി. വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം

Update: 2026-04-03 07:51 GMT

കണ്ണൂര്‍: പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നുവെന്ന പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സി.പി.എം. പാര്‍ട്ടിയെയും എല്‍.ഡി.എഫിനെയും പൊതുസമൂഹത്തിന് മുന്നില്‍ അവമതിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണമെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണമെന്നാണ് സി.പി.എം. ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ വെച്ച് സി.പി.എമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കെ.സി. വേണുഗോപാല്‍ രംഗത്തെത്തിയത്. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ വ്യാജ ഐ.ഡി. നിര്‍മ്മാണം നടക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് പരാജയഭീതിയില്‍ സി.പി.എം. പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സി.പി.എം. നേതൃത്വം വിറളി പൂണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഇതിനെതിരെയാണ് ഇപ്പോള്‍ നിയമനടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുന്നത്.

വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ നേതൃത്വം വ്യക്തമാക്കി. ആരോപണം തെളിയിക്കാന്‍ കെ.സി. വേണുഗോപാലിനെ വെല്ലുവിളിച്ച നേതാക്കള്‍, രാഷ്ട്രീയമായ വിയോജിപ്പുകള്‍ക്ക് പകരം വ്യക്തിഹത്യയും അപവാദപ്രചരണവുമാണ് നടക്കുന്നതെന്നും ആരോപിച്ചു.

Similar News