നടിയെ വിവാഹം കഴിക്കണം; പുത്തന്‍ സാരിയുമായി വീട്ടിലെത്തി യുവാവ്; ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചതായും പരാതി
കണ്ണൂര്‍: പ്രമുഖ സിനിമാ നടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. പുതിയ സാരിയുമായി നടിയുടെ വീട്ടിലെത്തിയ യുവാവ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവമുണ്ടായത്.
നടിയുടെ വീട്ടിലെത്തിയ യുവാവ് താന്‍ കരുതിയിരുന്ന പുത്തന്‍ സാരി ഉയര്‍ത്തിക്കാണിച്ചാണ് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. യുവാവിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ഭയന്നുപോയ നടിയും കുടുംബാംഗങ്ങളും ഉടന്‍ തന്നെ വീടിനുള്ളില്‍ കയറി വാതിലടച്ചു. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതമാണ് നടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
യുവാവില്‍ നിന്ന് നേരത്തെയും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇന്‍സ്റ്റാഗ്രാം വഴി ഇയാള്‍ നിരന്തരം അശ്ലീല സനദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നേരിട്ട് വീട്ടിലെത്തി ശല്യം ചെയ്തത്.
നടിയുടെ പരാതിയില്‍ ഗൗരവകരമായ അന്വേഷണമാണ് കണ്ണൂര്‍ പോലീസ് നടത്തുന്നത്. യുവാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സിനിമാ താരങ്ങള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന.