'മതം പറഞ്ഞു വോട്ട് ചോദിച്ചു'; വീഡിയോ ദൃശ്യങ്ങള്‍ വൈറലായി; കാഞ്ഞങ്ങാട് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്
കാസര്‍കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതപരമായ വികാരങ്ങള്‍ ഉപയോഗിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചെന്ന ആരോപണത്തില്‍ കാഞ്ഞങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷൈജി ഓട്ടപ്പള്ളിക്കെതിരെ പരാതി. സംഭവത്തില്‍ എല്‍ഡിഎഫ് മുഖ്യ വരണാധികാരിയെ സമീപിച്ചു. രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയത്തില്‍ വെച്ച് സ്ഥാനാര്‍ഥി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം പുകയുന്നത്.
കഴിഞ്ഞ മാര്‍ച്ച് 22-ന് രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയത്തില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് സംഭവം. സ്ഥാനാര്‍ഥി ഷൈജി ഓട്ടപ്പള്ളി വിശ്വാസികള്‍ക്കിടയില്‍ എത്തി വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വോട്ട് ചോദിക്കുന്നതിനിടയില്‍ സ്വന്തം മതവും സമുദായവും എടുത്തുപറയുകയും വിശ്വാസത്തെ വോട്ട് നേടാനുള്ള ഉപാധിയാക്കി മാറ്റുകയും ചെയ്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ എല്‍ഡിഎഫ് വിഷയത്തില്‍ ശക്തമായ നടപടിയുമായി രംഗത്തിറങ്ങുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗോവിന്ദന്‍ പള്ളിക്കാപ്പിലിന്റെ ചീഫ് ഏജന്റ് വി.കെ. രാജനാണ് മുഖ്യ വരണാധികാരിക്ക് ഔദ്യോഗികമായി പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും മതപരമായ ചിഹ്നങ്ങളോ വിശ്വാസമോ വോട്ട് പിടിക്കാന്‍ ഉപയോഗിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.
വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന. സ്ഥാനാര്‍ഥിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. വോട്ടെടുപ്പ് അടുത്തിരിക്കെ ഉയര്‍ന്നുവന്ന ഈ വിവാദം കാഞ്ഞങ്ങാട് മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടത്തിന് പുതിയ മാനം നല്‍കിയിരിക്കുകയാണ്. സ്ഥാനാര്‍ഥിക്കെതിരെയുള്ള പരാതിയില്‍ യുഡിഎഫ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.