സൈബര്‍ തട്ടിപ്പില്‍ നഷ്ടമായ പണം തിരികെ കിട്ടി; തേനൂര്‍ സ്വദേശിയുടെ പണം തിരികെ കിട്ടിയത് അഞ്ച് മാസങ്ങള്‍ക്ക് ശേഷം
സൈബര്‍ തട്ടിപ്പില്‍ നഷ്ടമായ പണം തിരികെ കിട്ടി
പാലക്കാട്: തേനൂര്‍ സ്വദേശിക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 40,000 രൂപ തിരികെ ലഭിച്ചു. 2025 ഒക്ടോബറില്‍ നഷ്ടമായ പണമാണ് അഞ്ചു മാസങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചത്. ഏപ്രില്‍ ഒന്നിന് രാവിലെ മൊബൈല്‍ ഫോണില്‍ പണം ക്രെഡിറ്റായതായി സന്ദേശമെത്തിയപ്പോള്‍ ആരെങ്കിലും ഏപ്രില്‍ ഫൂള്‍ ആക്കിയാതാകാമെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് പരിശോധിച്ച് പണമെത്തിയെന്ന് ഉറപ്പിക്കുകയായിരുന്നു. 2025 ഒക്ടോബര്‍ നാലിന് നടന്ന യു.പി.ഐ. ഇടപാടിന്റെ റീഫണ്ടായാണ് തുക രേഖപ്പെടുത്തിയിരിക്കുന്നത്.
ബാങ്ക് അവധിയായതിനാല്‍ ശനിയാഴ്ചയേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു. തേനൂര്‍ സ്വദേശി സി.പി. വിജയകുമാറിന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് കഴിഞ്ഞ ഒക്ടോബര്‍ നാലിന് നഷ്ടമായത്. വിജയകുമാറിന്റെ ഫോണ്‍ ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. ആറു മിനിറ്റിനിടെ വിവിധ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളുടെ പേരില്‍ അന്‍പതോളം ഒ.ടി.പി.കള്‍ വരികയും തുക നഷ്്ടപ്പെടുകയുമായിരുന്നു. ഒ.ടി.പി. കൈമാറുകയോ ഏതെങ്കിലും ലിങ്കുകളില്‍ ക്ളിക്ക് ചെയ്യുകയോ ചെയ്തിരുന്നില്ല.
മരുന്നുവിതരണ സ്ഥാപനത്തിലെ ഡ്രൈവറായ വിജയകുമാര്‍ തന്റെ വാഹനത്തിന്റെ അടവിനായി സൂക്ഷിച്ചിരുന്ന തുകയായിരുന്നു നഷ്ടപ്പെട്ടത്. തുടര്‍ന്ന് ബാങ്കിനെ വിവരമറിയിക്കുകയും സൈബര്‍ ക്രൈം പോര്‍ട്ടലിലും, മങ്കര പോലീസ് സ്റ്റേഷനിലും മുഖ്യമന്ത്രി പരാതി പരിഹാരസെല്ലിലും പരാതി നല്‍കി. വിജയകുമാറിന്റെ ഫോണ്‍ ഹാക്ക് ചെയ്ത തട്ടിപ്പുകാര്‍ ബാഹ്യമായ ഉപകരണത്തിന്റെ സഹായത്തോടെയാണ് പണം തട്ടിയതെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു.