വോട്ട് രേഖപ്പെടുത്തിയതും തീരെ..വയ്യാതെയായി; ഒടുവിൽ ജനാധിപത്യ കടമ നിർവഹിച്ച് ലോനപ്പൻ വിട വാങ്ങി; കണ്ണീരോടെ കുടുംബം
കൊച്ചി: ജനാധിപത്യപരമായ തന്റെ കടമ നിറവേറ്റി മണിക്കൂറുകൾക്കകം 92 വയസ്സുകാരൻ വിടവാങ്ങി. എറണാകുളം കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡൻസിലെ അന്തേവാസിയായ തേവര കോന്തുരുത്തി കുട്ടംപറമ്പിൽ ലോനപ്പനാണ് വീട്ടിൽ വോട്ട് രേഖപ്പെടുത്തി ഒരു മണിക്കൂറിനകം മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ശാരീരിക അസ്വസ്ഥതകൾക്കിടയിലും ലോനപ്പൻ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. 85 വയസ്സിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമായി ഏർപ്പെടുത്തിയ വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഉപയോഗിച്ചാണ് ലോനപ്പൻ വോട്ട് ചെയ്തത്. രാവിലെ 11 മണിയോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രൊവിഡൻസ് ഹോമിലെത്തി ലോനപ്പന്റെയും മറ്റ് അന്തേവാസികളുടെയും വോട്ട് രേഖപ്പെടുത്തി.
വോട്ട് ചെയ്തതിന് ശേഷം ലോനപ്പന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ശ്വാസതടസ്സവും ചുമയും ഉൾപ്പെടെയുള്ള അസുഖങ്ങൾ അദ്ദേഹത്തെ കുറച്ചുകാലമായി അലട്ടിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ലോനപ്പൻ അന്തരിച്ചു.
2016 മുതൽ പ്രൊവിഡൻസ് ഹോമിൽ താമസിച്ച് സിസ്റ്റർമാരുടെ മേൽനോട്ടത്തിൽ ചികിത്സയും പരിചരണവും സ്വീകരിച്ച് വരികയായിരുന്നു അദ്ദേഹം. ഏകദേശം 12 വർഷം മുൻപാണ് ലോനപ്പന്റെ ഭാര്യ മരിച്ചത്. ഇവർക്ക് മക്കളില്ല. ജീവിതത്തിന്റെ അവസാന നിമിഷം വരെ ജനാധിപത്യപരമായ കടമ നിർവഹിച്ച ലോനപ്പന്റെ ജീവിതം വോട്ടവകാശത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ഒരു മാതൃകയായി. വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നു.