ജനാധിപത്യത്തിന്റെ ആത്മാവിനും സാമൂഹിക നീതിക്കും വിരുദ്ധമായ ഭേദഗതി; എഫ്‌സിആര്‍എ നിയമ ഭേദഗതിയ്‌ക്കെതിരെ പിണറായി
ആലപ്പുഴ : എഫ്‌സിആര്‍എ നിയമ ഭേദഗതി തിടുക്കപ്പെട്ട് പാര്‍ലമെന്റിലൂടെ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഗൗരവമായ ആശങ്കകള്‍ ഉയര്‍ത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും, പാവപ്പെട്ടവര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ലഭിക്കുന്ന സഹായങ്ങളെയും ഇത് വലിയ തോതില്‍ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സേവന സംഘടനകള്‍ സമൂഹത്തിലെ ഏറ്റവും നിസ്സഹായരായ ജനങ്ങള്‍ക്ക് നല്‍കുന്ന സഹായവും പരിചരണവും തടയുന്ന രീതിയിലേക്കാണ് ഈ ഭേദഗതി നീങ്ങുന്നത് എന്ന ആശങ്ക സര്‍ക്കാരും പങ്കു വെക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇത് വലിയ ആഘാതം ആയിട്ടാണ് മാറുന്നത്. സാമൂഹിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും വിമര്‍ശന സ്വരങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഈ നീക്കം.
ജനാധിപത്യത്തിന്റെ ആത്മാവിനും സാമൂഹിക നീതിക്കും വിരുദ്ധമായ ഈ ഭേദഗതി അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.