മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പെരുമ്പാവൂരില്‍ ആള്‍ക്കൂട്ടക്കൊല; അതിഥി തൊഴിലാളിയായ യുവാവിനെ തല്ലിക്കൊന്നു; സഹോദരങ്ങളടക്കം ആറ് പേര്‍ കസ്റ്റഡിയില്‍
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. പെരുമ്പാവൂര്‍ മുടിക്കലിലെ 'എ എം വിനീര്‍' എന്ന സ്ഥാപനത്തില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു ഈ ദാരുണ സംഭവം. മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവാവിനെ ആറ് അതിഥി തൊഴിലാളികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇയാളും ഒരു അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക വിവരം.
സംഭവവുമായി ബന്ധപ്പെട്ട് അസാം സ്വദേശികളായ അലാവുദ്ദീന്‍, മിനാരുള്‍, സാക്കിര്‍ ഹുസൈന്‍, ഹബീസുദീന്‍, ഹസന്‍ അലി, മുസമ്മില്‍ എന്നിവരെ പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ മൂന്നുപേര്‍ സഹോദരന്മാരാണ്. തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പ്ലൈവുഡ് കമ്പനിയിലെ 'കോര്‍' ഉപയോഗിച്ചുള്ള ക്രൂരമായ മര്‍ദ്ദനത്തില്‍ യുവാവിന്റെ മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായ പരിക്കേറ്റു. മര്‍ദ്ദനമേറ്റ് ഇയാളുടെ പല്ലുകള്‍ ഒടിഞ്ഞുപോയിട്ടുണ്ട്.
പ്രതികളെ കമ്പനിയില്‍ വെച്ച് തന്നെ പോലീസ് പിടികൂടി. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. പെരുമ്പാവൂര്‍ മേഖലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയിലുണ്ടാകുന്ന ഇത്തരം അക്രമ സംഭവങ്ങള്‍ വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്.