വാണിജ്യ സിലണ്ടറുകളുടെ വില കുത്തനെ കൂട്ടി കമ്പനികള്‍; 19 കിലോ സിലണ്ടറിന് ഇന്ന് മുതല്‍ 195.50 രൂപ അധികം നല്‍കണം

വാണിജ്യ സിലണ്ടറുകളുടെ വില കുത്തനെ കൂട്ടി കമ്പനികള്‍

Update: 2026-04-01 03:48 GMT

ഡല്‍ഹി: പാചക വാതക ക്ഷാമത്തിനിടെ വാണിജ്യാവശ്യത്തിനുള്ള (19 കിലോഗ്രാം) എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കുത്തനെ കൂട്ടി പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍. ഇന്നു പ്രാബല്യത്തില്‍ വന്നവിധം 19 കിലോ സിലണ്ടറിന് 195.50 രൂപയാണ് ഉയര്‍ത്തിയത്. ഇതോടെ കൊച്ചിയില്‍ വില 2092 രൂപയായി. കോഴിക്കോട്ട് 2214.5 രൂപ. തിരുവനന്തപുരത്ത് 2113 രൂപ. കഴിഞ്ഞമാസം 7ന് 115 രൂപയും കൂട്ടിയിരുന്നു. അഞ്ച് കിലോയുടെ മിനി സിലിണ്ടറുകള്‍ക്ക് 51 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില തല്‍ക്കാലം കൂട്ടിയിട്ടില്ലെന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. എന്നാല്‍, മാര്‍ച്ച് 7ന് ഈ സിലിണ്ടറിന്റെ വിലയിലും 60 രൂപ വര്‍ധിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് 922 രൂപയും കൊച്ചിയില്‍ 920 രൂപയും കോഴിക്കോട്ട് 921.5 രൂപയുമാണ് വില.

വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഇനിയും സാധാരണനിലയില്‍ ആയിട്ടില്ലാത്തതിനാല്‍ കേരളത്തില്‍ 50% ഹോട്ടലുകളും അടഞ്ഞുകിടപ്പാണ്. വാണിജ്യ സിലിണ്ടറിന്റെ വില കമ്പനികള്‍ തുടര്‍ച്ചയായി കൂട്ടുകയാണ്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം നടത്തിയ ഫെബ്രുവരി ഒന്നിന് വാണിജ്യ സിലിണ്ടറിന് 49 രൂപ കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയായിരുന്നു അത്. തുടര്‍ന്ന് മാര്‍ച്ച് 1ന് 28-31 രൂപ കൂട്ടി. മാര്‍ച്ച് 7ന് 115 രൂപയും. സംസ്ഥാനങ്ങള്‍ക്കുള്ള വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിഹിതം കഴിഞ്ഞദിവസം 20% കൂടി കേന്ദ്രം പുനഃസ്ഥാപിച്ചിരുന്നു. ഇതോടെ, മിക്ക സംസ്ഥാനങ്ങളുടെയും ആകെ വിഹിതം 70 ശതമാനമായി.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികള്‍ വില പുനര്‍നിര്‍ണ്ണയിക്കുന്നത്. ഹോട്ടലുകള്‍, മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെ എല്‍പിജി ക്ഷാമത്തിനൊപ്പം വിലക്കയറ്റം കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സ്ഥിതിയാണ്. അതേസമയം എല്‍പിജി വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.

Tags:    

Similar News