സിനിമയില്‍നിന്ന് ഒഴിവാക്കിയതില്‍ വൈരാഗ്യമെന്ന് ന്യായീകരണം; കള്ളക്കേസാണെന്ന് തെളിയുമെന്ന് രഞ്ജിത്ത്

Update: 2026-04-01 05:54 GMT

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക വിവരങ്ങളടങ്ങിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ജനുവരി 30-ന് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ കാരവാനില്‍ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് പരാതി. കേസില്‍ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രഞ്ജിത്തിനെതിരെ നേരത്തെ നിലവിലുള്ള മറ്റ് രണ്ട് കേസുകളെക്കുറിച്ചും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ കേസുകളില്‍ പ്രതിക്ക് ലഭിച്ച ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.

രഞ്ജിത്തിന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കും നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുള്ളതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം തേടാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

കേസിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെ സംഘടനകളില്‍നിന്ന് പുറത്താക്കാന്‍ സിനിമാ സംഘടനകള്‍ ആലോചിക്കുന്നു. ഫെഫ്കയുടെ കീഴിലുള്ള ഡയറക്ടേഴ്‌സ് യൂണിയനിലും റൈറ്റേഴ്‌സ് യൂണിയനിലും രഞ്ജിത്തിന് അംഗത്വമുണ്ട്. കേസില്‍ അന്തിമ വിധി വരുന്നത് വരെ മാറ്റിനിര്‍ത്താനാണ് പ്രാഥമിക ധാരണ. എന്നാല്‍ പരാതി പരിഹാര സമിതിക്ക് (ഐസി) മുമ്പാകെ നടി പരാതി നല്‍കിയിരുന്നില്ലെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതൊരു കള്ളക്കേസാണ്, സത്യം തെളിയും'- എറണാകുളം സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അഭിനയം മോശമായതിനാല്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയതിന്റെ വിരോധമാണ് പരാതിക്ക് പിന്നിലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

Similar News