ആറാട്ട് ഘോഷയാത്ര: തിരുവനന്തപുരം വിമാനത്താവളം ഇന്ന് നാല് മണിക്കൂര്‍ അടച്ചിടും
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്ര പ്രമാണിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് നാല് മണിക്കൂര്‍ അടച്ചിടും. വൈകുന്നേരം 4.45 മുതല്‍ രാത്രി 9 മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ലോകത്ത് തന്നെ അപൂര്‍വ്വമായ കാഴ്ചയ്ക്കാണ് ഇന്നും തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. വിമാനത്താവളത്തിന്റെ റണ്‍വേ മുറിച്ചുകടന്നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര ശംഖുമുഖം കടപ്പുറത്തേക്ക് പോകുന്നത്. പതിറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന ഈ ആചാരത്തിന് ബഹുമാനമര്‍പ്പിച്ചാണ് വിമാനത്താവളം എല്ലാ വര്‍ഷവും ഉത്സവനാളുകളില്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാറുള്ളത്.
ഘോഷയാത്ര കടന്നുപോകുന്ന സമയത്തുള്ള വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ സമയവിവരങ്ങള്‍ അതത് വിമാനക്കമ്പനികളില്‍ നിന്ന് യാത്രക്കാര്‍ക്ക് ലഭ്യമാണ്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ക്ഷേത്രസ്ഥാനീയനായ തിരുവിതാംകൂര്‍ രാജപ്രതിനിധി ഉടവാളുമായി ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഭക്തജനങ്ങളുടെയും അകമ്പടിയോടെ വിമാനത്താവളത്തിനുള്ളിലൂടെ കടന്നുപോകുന്ന ഘോഷയാത്ര തലസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളം കൂടിയാണ്. ആറാട്ടിന് ശേഷം വിഗ്രഹങ്ങള്‍ തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെ റണ്‍വേ വീണ്ടും സര്‍വീസുകള്‍ക്കായി തുറന്നുകൊടുക്കും.