ഇന്‍ഷുറന്‍സ് തുക തട്ടാന്‍ വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ മറിച്ചിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; പണം കൈക്കലാക്കി പുതിയ വിവാഹം കഴിച്ച് ജീവിക്കാന്‍ പദ്ധതിയിട്ടു: ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

Update: 2026-04-04 01:20 GMT

മലപ്പുറം: ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ഭാര്യയേയും മക്കളേയും വെള്ളക്കെട്ടിലേക്ക് മറിച്ചിട്ട് കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍. വാവൂര്‍ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കര്‍ണാടകയില്‍നിന്ന് കൊണ്ടോട്ടി ഡാന്‍സാഫ് ടീം അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പേരിലെടുത്ത പത്ത് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തട്ടാനും മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കാനുമാണ് മുഹമ്മദ് ഷരീഫ് 21കാരിയായ ഭാര്യയേയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളേയും അതിക്രൂരമായി കൊലപ്പെടുത്തിയത്. വാവൂര്‍ ആലുക്കല്‍ വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ മറിച്ചിട്ടായിരുന്നു അപകടമുണ്ടാക്കിയത്.

സ്വാഭാവികമായി ഉണ്ടായ അപകടമെന്ന് കരുതിയ സംഭവം പോലിസ് അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിയുക ആയിരുന്നു. കൊലപാതക കേസില്‍ പിടിക്കപ്പെട്ടതോടെ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി സംഭവം നടന്ന് 13 വര്‍ഷത്തിന് ശേഷമാണ് പിടിയിലായിരിക്കുന്നത്. 2013 ജൂലൈ 21-ന് രാത്രി രണ്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. മുഹമ്മദ് ഷരീഫിന്റെ ഭാര്യ ഒളവട്ടൂര്‍ മായക്കരതടത്തില്‍ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണ് കേസ്.

പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയാണ് കൊലപാതകം. കുടുംബവുമൊത്ത് കോഴിക്കോട്ടുനിന്ന് പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്കുവരുമ്പോള്‍ ടയര്‍ പഞ്ചറായി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണു മുഹമ്മദ് ഷരീഫ് നാട്ടുകാരോടു പറഞ്ഞത്. സംശയംതോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നെന്ന് തെളിഞ്ഞത്.

ഇതിന് രണ്ടുമാസം മുന്‍പ് പ്രതി ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തതായി പൊലീസ് കണ്ടെത്തി. ഭാര്യയുടെ പേരില്‍ എടുത്ത പത്തു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കി പുതിയ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്കായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവത്കരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് സാബിറയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. 2015 ഏപ്രില്‍ 22ന് ഒളിവില്‍പോയതിനു ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.

Tags:    

Similar News