രാജ്യത്ത് ഒരു ലക്ഷത്തോളം വിദ്യാലയങ്ങള്‍ അടച്ചുപൂട്ടി; കേരളത്തില്‍ ഒന്നുപോലും അടച്ചില്ല എന്നതാണ് എല്‍ഡിഎഫിന്റെ നയം: എം സ്വരാജ്

Update: 2026-04-04 07:18 GMT

തിരുവനന്തപുരം: രാജ്യത്ത് ഒരു ലക്ഷത്തോളം വിദ്യാലയങ്ങള്‍ അടച്ചുപൂട്ടിയപ്പോള്‍ കേരളത്തില്‍ ഒന്നുപോലും അടച്ചില്ല എന്നതാണ് എല്‍ഡിഎഫിന്റെയും മറ്റുള്ളവരുടെയും നയങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്ന് സിപിഐ എം സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം എം സ്വരാജ്.

കഴിഞ്ഞ ദശാബ്ദത്തിനുള്ളില്‍ നമ്മുടെ രാജ്യത്ത് ഒരു ലക്ഷത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി എന്നാണ് കണക്കുകള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും തെലങ്കാനയിലുമെല്ലാം ആയിരക്കണക്കിന് സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. കോണ്‍ഗ്രസും ബിജെപിയും വിദ്യാഭ്യാസത്തോട് സ്വീകരിക്കുന്ന നയം ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

ലാഭകരമല്ലാത്ത സ്‌കൂളുകള്‍ പൂട്ടുക, കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ സ്‌കൂളുകള്‍ പൂട്ടുക, ചെലവുചുരുക്കുന്നതിനു വേണ്ടി സ്‌കൂളുകള്‍ അടച്ചുപൂട്ടുക എന്ന നിലപാട് കോണ്‍ഗ്രസും ബിജെപിയും ഒരേപോലെ സ്വീകരിച്ചിട്ടുണ്ട്. 2016 ല്‍ അധികാരത്തില്‍ നിന്ന് യുഡിഎഫ് ഒഴിയുമ്പോള്‍ കേരളത്തിലെ 40 % സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദേശമാണ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ യുഡിഎഫ് സര്‍ക്കാര്‍ ഇത് നടപ്പാക്കാന്‍ ശ്രമിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അന്ന് അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ കേരളത്തില്‍ പകുതിയോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയിരുന്നേനെ.

കഴിഞ്ഞ 10 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ സ്‌കൂളുപോലും അടച്ചുപൂട്ടിയിട്ടില്ല. ലാഭത്തിന്റെ അടിസ്ഥാനത്തിലല്ല വിദ്യാഭ്യാസത്തെ എല്‍ഡിഎഫ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Similar News