രേഖകളില്ലാത്ത 19 ലക്ഷവുമായി കൊടുവള്ളി സ്വദേശി മേലാറ്റൂരില്‍ പിടിയില്‍; സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച പണം പോലീസ് പിടികൂടി
മലപ്പുറം: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ലക്ഷക്കണക്കിന് രൂപയുമായി കോഴിക്കോട് സ്വദേശി മലപ്പുറം മേലാറ്റൂരില്‍ പോലീസ് പിടിയിലായി. കോഴിക്കോട് കൊടുവള്ളി വാവാട് കുരിയാനിക്കല്‍ മുഹമ്മദ് മിഷാബ് (32) ആണ് മേലാറ്റൂര്‍ പോലീസിന്റെ വലയിലായത്.പാണ്ടിക്കാട് നിന്ന് മണ്ണാര്‍ക്കാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ യാത്രാമധ്യേ മേലാറ്റൂരില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് 19,75,000 രൂപ കണ്ടെടുത്തു. പിടിച്ചെടുത്ത പണത്തിന് കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ യുവാവിനായില്ല.മേലാറ്റൂര്‍ എസ്.എച്ച്.ഒ. എ.സി. മനോജ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, എ.എസ്.ഐ. കെ. വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രിയജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ഷിജു എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.