വയനാട് പുനരധിവാസം: വീട് നിര്‍മിക്കാന്‍ കോണ്‍ഗ്രസിന്റെ കൈവശം പണമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Update: 2026-04-04 07:00 GMT

കണ്ണൂര്‍: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിജീവിതര്‍ക്കായി വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശം പണമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വീട് നിര്‍മാണത്തിനായി ഇനിയും വലിയ തുക ആവശ്യമുണ്ടെന്നും ഇത് പാര്‍ട്ടി ഫണ്ടില്‍ നിന്ന് കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റേയും സംയുക്ത അക്കൗണ്ടിലേക്ക് 5.38 കോടി രൂപയാണ് എത്തിയത്. യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച 1.05 കോടി രൂപയും കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയിരുന്നു. ഇതില്‍ ഒമ്പത് ലക്ഷം രൂപ ആപ്പ് നിര്‍മാണത്തിനായി ചിലവഴിച്ചു. രണ്ട് ഘട്ടങ്ങളിലായി ഭൂമി വാങ്ങിയതോടെ ഈ തുക തീര്‍ന്നുവെന്നാണ് സണ്ണി ജോസഫ് വിശദീകരിക്കുന്നത്. ഭൂമി വാങ്ങുന്നതിനായി കെപിസിസി ഫണ്ടില്‍ നിന്ന് 97 ലക്ഷം രൂപ അധികമായി ഉപയോഗിക്കേണ്ടി വന്നു. വസ്തുവിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും 73 ലക്ഷം രൂപ കൂടി ആവശ്യമാണെന്നും ഈ തുക കെപിസിസി-എഐസിസി ഫണ്ടുകളില്‍ നിന്ന് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമാഹരിച്ച തുക ഉപയോഗിച്ച് മൂന്ന് പ്ലോട്ടുകളിലായി സ്ഥലം വാങ്ങിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്ക് ശാഖയിലായിരുന്നു ഫണ്ട് നിക്ഷേപിച്ചിരുന്നത്. ഭൂമി വാങ്ങാന്‍ പിരിച്ചതിനേക്കാള്‍ കൂടുതല്‍ തുക വേണ്ടി വന്നപ്പോള്‍ കെപിസിസി അക്കൗണ്ടില്‍ നിന്ന് പണമെടുക്കുകയായിരുന്നുവെന്ന് വേണുഗോപാലും ആവര്‍ത്തിച്ചു. എന്നാല്‍ പിരിച്ചെടുത്ത കൃത്യമായ തുകയോ ഭൂമി വാങ്ങാന്‍ ചിലവായ ആകെ തുകയോ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Tags:    

Similar News